
നവംബര്‍ അഞ്ചാം തീയതിയാണ് അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിനെ ജനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്. കടുത്ത മത്സരമാണ് അവിടെ നടക്കുന്നത് എന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ക്രോധം, പക എന്ന രണ്ടു കുതിരകള്‍ വലിക്കുന്ന രഥത്തിലാണ് ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയ പ്രചാരണം നടത്തുന്നത്. പൊട്ടിത്തെറിക്കുന്ന ആണവകേന്ദ്രം പടര്‍ത്തുന്ന മാരകവായുവിനേക്കാള് അപകടകരമായ ഭാഷയും സമീപനവുമാണ് അയാളുടേത്. ലോകരാഷ്ട്രീയത്തിലെ വലിയ അധികാരകേന്ദ്രമായ അമേരിക്കയുടെ സ്വാര്ഥതാല്പര്യങ്ങളുടെ, ഒരു മടിയും കൂടാതെ മറ്റു രാജ്യങ്ങളിലെ രാഷ്ട്രകാര്യങ്ങളില്‍ സായുധമായും കുത്സിതമായും ഇടപെടുന്ന അമേരിക്കയുടെ ട്രംപ് മനസ്സ് തന്നെയാണ് പുറമേ സൗമ്യമെന്നു തോന്നുന്ന കമല ഹാരിസിന്റെ രാഷ്ട്രീയ കക്ഷിക്കുമെന്ന് അറിയാന്‍ സാമാന്യ ചരിത്രബോധം മതിയാകും. ഒരു കാവ്യനീതി എന്ന നിലയിലാണ് ഈ തിരഞ്ഞെടുപ്പുവേളയില്‍ മെക്സിക്കോയില്‍ നിന്നും ഒരു വാര്‍ത്ത പുറത്തുവന്നത്. ചരിത്രത്തിലെ കാവ്യനീതി ചിലപ്പോഴൊക്കെ ഇത്തരം ഓര്‍മപ്പെടുത്തലുകളുടെ സൈറണ്‍ മുഴക്കും. അപവാദങ്ങളാല് ശ്രുതി ചേര്‍ക്കപ്പെട്ട നമ്മുടെ കാതുകളില്‍ ആ മണി മുഴങ്ങും. അത് നമ്മെ ഇരുത്തി ചിന്തിപ്പിക്കും.
പ്രാചീന മയസംസ്കാരകാലത്തെ ഒരു നഷ്ടനഗരത്തെ മെക്സിക്കോയില്‍ കണ്ടെത്തിയിരിക്കുന്നു എന്നതാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പിനിടയിലെ കാവ്യനീതിവാര്ത്ത. 1492-ല്‍ കൊളംബസ് ഒരു പായ്കപ്പലില്‍ ബഹാമാസില് എത്തിയതിനുമുന്പും ആ വന്‍ഭൂഖണ്ഡത്തില്‍ ജനങ്ങള്‍ ഉണ്ടായിരുന്നു എന്ന സത്യം അഹംഭാവത്താല്‍ തിളയ്ക്കുന്ന പുത്തന്‍ അമേരിക്കന്‍ ദേശാഭിമാന രാഷ്ട്രീയത്തെ ഓര്‍മിപ്പിക്കുകയാണ് മെക്സിക്കന്‍ വനാന്തരത്തില്‍ നൂറ്റാണ്ടുകളോളം അന്തര്‍ദ്ധാനം ചെയ്തിരുന്ന ആ മയനഗരം ഇപ്പോള്‍ ചെയ്യുന്നത്. കൊല്ലവര്‍ഷം 150 ന് മുന്‍പ് നിലനിന്നിരുന്നു എന്ന് കാലനിര്‍ണയം ചെയ്തിരിക്കുന്ന ഈ നഗരത്തെ പുരാവസ്തുഗവേഷകര്‍ വലേറിന എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പുരാവസ്തുഗവേഷണത്തെ വിപ്ലവകരമായി മാറ്റിമറിയ്ക്കുന്ന ലിഡാര്‍ (LIDAR) സാങ്കേതികവിദ്യയിലൂടെയാണ് ഇതിനുമുന്‍പ് ആധുനികമനുഷ്യന് കണ്ടെത്താതിരുന്ന ഈ പ്രാചീനനഗരത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. പുരാപ്രദേശങ്ങളെ കണ്ടെത്തുന്നതില്‍ ഈ സാങ്കേതികവിദ്യ ചെയ്യുന്ന അത്ഭുതങ്ങള്‍ തെല്ലൊന്നുമല്ല ഈ രംഗത്തെ ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുന്നത്. ആകാശത്തുനിന്നും ലേസര്‍ സെന്‍സറുകള്‍ കൊണ്ട് കണ്ടെത്തുന്നതാണ് ചരിത്രപ്രാധാന്യമേറിയ, എന്നാല്‍ മനുഷ്യദൃഷ്ടിയാല് ഗോചരമല്ലാത്ത ശേഷിപ്പുകളെ. പണ്ട് സുകുമാര്‍ അഴീക്കോട് നടത്തിയ ഒരു പ്രസംഗഭാഗം ഇപ്പോള്‍ ഓര്‍മ്മവരുന്നു, കൊടുങ്ങല്ലൂരുകാര്‍ക്ക് കൂടുതല്‍ വിനയം വേണം, കാരണം അവര്‍ ചവുട്ടിനടക്കുന്നത് അതിമഹത്തായ ചരിത്രാവശിഷ്ടങ്ങള്ക്കുമുകളിലൂടെയാകാം എന്ന്.
ഒരു പിരമിഡ് ക്ഷേത്രവും ചുറ്റിനും കെട്ടിയടച്ച പ്രദേശങ്ങളും ഒരു ജലസംഭരണിയുമാണ് ലേസര്‍ സെന്‍സറിങ്ങും ദൂരദര്‍ശിനികളും ഉപയോഗിച്ച് മെക്സിക്കോയിലെ കമ്പെച്ചേ (Campeche) പ്രദേശത്തെ പെരുംകാട്ടില്‍ കണ്ടെത്തിയത്. മെക്സിക്കോയുടെ തെക്കുകിഴക്കന്‍ പ്രദേശമാണിത്. Northern Arizona സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ Luke Auld-Thomas പറയുന്നത് ഇതാണ്: 'എത്രയോ കാലങ്ങളായി മയന് സംസ്കാരത്തെക്കുറിച്ചു മനസ്സിലാക്കുവാന്‍ നമ്മുടെ പക്കല്‍ നൂറോ ഇരുന്നൂറോ ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളേ ഉണ്ടായിരുന്നുള്ളു. ചെറിയ ചെറിയ കണ്ടെത്തലുകളില്‍ നിന്നും നാം നിരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. അപ്പോഴൊക്കെ പുരാവസ്തു ഗവേഷകര്‍ക്ക് അറിയാമായിരുന്നു, ഒരുപക്ഷേ നാം ചവുട്ടിനില്ക്കുന്ന പാറകള്‍ക്കു താഴേ ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്പുള്ളവര് താമസിച്ചിരുന്ന വീടുകള്‍ ഉണ്ടായിരിക്കാം എന്ന്'.
മയ നാഗരികതയെക്കുറിച്ചുള്ള പഠനങ്ങളില്‍ ആധുനികകാലത്ത് വലിയ കുതിച്ചുചാട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് Northern Illinois സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകനായ William L Fash 'Changing Perspectives on Maya civilization' എന്ന പ്രബന്ധത്തില്‍ വിശദമാക്കുന്നുണ്ട്. അദ്ദേഹം പറയുന്ന ഒരു പ്രധാന വെല്ലുവിളി വിവരവിപ്ലവത്തിന്റെ ഇക്കാലത്ത് തികച്ചും അടിസ്ഥാനരഹിതങ്ങളായ വിവരങ്ങള്‍ പ്രാചീനസംസ്കാരങ്ങളെക്കുറിച്ച് വിതരണം ചെയ്യപ്പെടുന്നതാണ് എന്നാണ്. മയ നാഗരികതയിലെ ക്ഷേത്രാവശിഷ്ടങ്ങളിലേക്ക് തീര്‍ഥാടകപ്രവാഹം അല്ല വേണ്ടത്, ശാസ്ത്രീയമായ ഗവേഷണങ്ങളാണ് വേണ്ടത് എന്ന് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് Fash എഴുതിയ പഠനത്തില്‍ പറയുന്നുണ്ട്. നാം ജീവിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇക്കാര്യം കൂടുതല്‍ പറയേണ്ടതില്ലല്ലോ. വാട്സാപ്പ് സര്‍വകലാശാലകള്‍ വഴി പ്രചരിക്കുന്ന പുരവാസ്തുവിജ്ഞാനീയത്തെപ്പറ്റി, പണ്ടൊരിക്കല്‍ കണിയാപുരം രാമചന്ദ്രന് പ്രസംഗിച്ചതുപോലെ, 'താജ് മഹല്‍ തേജോമഹാലയമാകുന്നതും യെരുശലേം യാദവയീശാലയമാകുന്നതും റൊണാള്‍ഡ് റീഗന് രാമന് രാഘവനാകുന്നതും മാര്‍ഗരറ്റ് താച്ചര്‍ മാമാട്ടിക്കുട്ടിയമ്മയുമാകുന്നത്' നമുക്ക് കാണേണ്ടിവരുന്നു.
വലേറിന എന്നത് ഇപ്പോള്‍ പ്രാചീന നാഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്ന പ്രദേശത്തിനടുത്തുള്ള ഒരു ശുദ്ധജലതടാകമാണ്. രണ്ട് പ്രധാന പ്രദേശങ്ങളാണ് പുരാതന നാഗരികതയുടെ ബൃഹത്തായ സൂചനകള്‍ നല്കുന്ന ഇടങ്ങളായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവിടം ഒരിക്കല്‍ ഒരു മയനഗരമായിരുന്നു എന്നാണ് നിഗമനം.
വടക്കേ അമേരിക്കയുടെ തെക്കുഭാഗം മുതല്‍ മദ്ധ്യ അമേരിക്കയുടെ പസഫിക് തീരം വരെ വ്യാപിച്ചിരുന്ന മഹത്തായ സംസ്കാരമായിരുന്നു മയന് നാഗരികത (Mesoamerican civilization) . കൊളംബസിനു മുന്‍പ് അമേരിക്കയില്ലായിരുന്നു എന്ന മട്ടിലാണ് ആധുനിക അമേരിക്കന്‍ ദേശാഭിമാനം മസാലക്കൂട്ട് തയ്യാറാക്കുന്നത്. അതിന്റെ അവിവേകകേദാരമായ മകുടോദാഹരണമാണ് ഡൊണാള്‍ഡ് ട്രമ്പ് എന്ന സമകാലിക അമേരിക്കന്‍ പ്രതിഭാസം. അതിസമ്പന്നമായി വികസിച്ച ഭാഷയും ലിപിയുമായിരുന്നു മയന് നാഗരികതയില്‍ ഉണ്ടായിരുന്നത്. എല്ലാ പ്രമുഖ പ്രാചീന നാഗരികതയിലുമെന്നപോലെ കലയും, ഗണിതവും, വാസ്തുശാസ്ത്രവും, കലണ്ടറുകളും, ജ്യോതിശ്ശാസ്ത്രവും അവിടെ വികസിതമായിരുന്നു.
ഇപ്പോള്‍ വാലെറിന പിരമിഡ് ക്ഷേത്രവും സമുച്ചയവും കണ്ടെത്തിയ പ്രദേശത്തിനും Yucatán ഉപദ്വീപിനുമിടയിലായി 6674 കെട്ടിടാവശിഷ്ടങ്ങളാണ് മയന് കാലത്തേതായി കണ്ടെത്തിയിട്ടുള്ളത്. തുടര്‍ച്ചയായ മഴയേയും ഇടതൂര്‍ന്ന വനത്തിന്റെ വളര്‍ച്ചയേയും ഈ പ്രാചീന ഘടനകള്‍ എങ്ങനെ അതിജീവിച്ചു എന്നത് അത്ഭുതമാണ്. അഗ്നിപര്വതലാവയുടെ ചാരവും റബ്ബറിനു സമാനമായ ഏതോ ചേരുവയും ചേര്‍ത്താണ് ഈ കല്‍ക്കെട്ടുകള്‍ അടുക്കിയിരുന്നത് എന്നാണ് ഒരു നിഗമനം. എ.ഡി ഇരുനൂറ്റിയന്പതോടുകൂടിയാണ് മയ നാഗരികത ക്ലാസിക് കാലഘട്ടത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ പത്താം നൂറ്റാണ്ടോടെ ആളുകള്‍ ഈ പ്രദേശങ്ങള്‍ ഒഴിഞ്ഞുപോയിരുന്നിരിക്കണം. അവസാനത്തെ സ്വതന്ത്ര മയന് നഗരത്തെ (Nojpeten, ഗോട്ടിമാലയില്‍) കീഴടക്കിയത് 1697- ല്‍ സ്പാനിഷ് സൈന്യമാണ്. ഇപ്പോഴും തദ്ദേശീയരായ മയര്‍ മെക്സിക്കോയിലും ഗോട്ടിമാലയിലും ഹോണ്ടുറാസിലും എല്‍ സാല്വദോറിലുമുണ്ട്. മയ വംശജരും സ്പാനിഷ് കോളനിമേധാവികളും തമ്മിലുള്ള നിരന്തരസമരങ്ങളില്‍ പരാജയപ്പെട്ട ജനതയും സംസ്കാരവുമാണത്. കൊളംബസ്സിന്റെ നാലാം കപ്പല്‍ യാത്രയില്‍ കൂടെയുണ്ടായിരുന്ന സഹോദരന് ബര്‍ത്തലോമിയോ ആണ് മയന് വംശജരെ ആദ്യം കണ്ടുമുട്ടുന്ന സായ്വ്. 1502- ലായിരുന്നു അത്.
വടക്കേ അമേരിക്കയില്‍ കുടിയേറ്റക്കാരായ നിരവധി മയന് വംശജരുണ്ട്. അവരെയെല്ലാം ഇകഴ്ത്തി സംസാരിക്കുന്ന രാഷ്ട്രീയം ട്രംപ് നടത്തുമ്പോള്‍ ഭൂമി ആരുടേത് എന്ന അടിസ്ഥാനധാര്മ്മിക ചോദ്യം ഉയരുന്നുണ്ട്. ആയിരത്തോളം തദ്ദേശീയ ഭാഷകള്‍ സംസാരിച്ചിരുന്നവര്‍ വടക്കേ, മദ്ധ്യ, തെക്കേ അമേരിക്കകളില്‍ ഉണ്ട് എന്നത് മറക്കരുത്. ഇന്ത്യ അന്വേഷിച്ചിറങ്ങിയ കൊളമ്പസ് ചെന്നിറങ്ങിയ തീരത്തെ ജനങ്ങള്‍ പില്ക്കാലത്ത് അമേരിന്ത്യക്കാര്‍ ആയ ചരിത്രം നമുക്കറിയാവുന്നതാണ്. പതിനായിരകണക്കിനു വര്‍ഷങ്ങള്‍ക്കുമുന്‍പ് വടക്കേ ഏഷ്യന്‍ പുല്‍മേടുകളില്‍ നിന്നും അപാരദൂരങ്ങള് സഞ്ചരിച്ച്, നായാടി, എത്തിയ പൂര്‍വികര്‍ എന്നൊരു വാദവുമുണ്ടല്ലോ അമേരിന്ത്യക്കാരുടെ പൂര്‍വികരെ തേടുമ്പോള്‍...
ഒരു ലേസര്‍ സെന്‍സര്‍ വനമദ്ധ്യത്തില്‍ ഒരു പുരാതനയെടുപ്പിനെ കണ്ണാല്‍ തൊടുമ്പോള്‍ എന്റെയും കോശങ്ങളില്‍ ഒരനക്കമുണ്ടാകുന്നു. അത് ദേശാഭിമാനത്തിന്റേതല്ല. മനുഷ്യരാശി നടന്ന, തുഴഞ്ഞ ദൂരങ്ങള്‍ എനിക്കുവേണ്ടിയായിരുന്നു എന്ന തിരിച്ചറിവുകൊണ്ടാണ്.
Content Highlights: azhchappadukal s gopalakrishnan american election donald trump maya community
Published: 01 Nov 2024, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented