ഒക്ടോബർ മൂന്ന് എംഎൻ വിജയൻ സ്മരണ ദിനമാണ്. എന്നാൽ അദ്ദേഹത്തെ ഓർക്കുന്നത് ആ ദിനത്തിൽ മാത്രമല്ല. ഏതാപത്തിലും ഏതാഹ്ളാദത്തിലും മുഴുവനും മുങ്ങിപ്പോകാതിരിക്കാൻ ഒരു തടിക്കഷണത്തിലെന്ന പോലെ ജനങ്ങൾ അദ്ദേഹത്തിൻ്റെ വാക്കുകളിൽ എത്തിപ്പിടിച്ചു. ശത്രുക്കളില്ലാതെ മരിക്കുന്നവർ ഒന്നും ചെയ്തിട്ടില്ല എന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വ്യക്തികളോട് വ്യക്തിപരമായ ശത്രുത ഇല്ലായിരുന്നു.എന്നാൽ അദ്ദേഹം ആശയങ്ങളോട് കടുത്ത ഇഷ്ടാനിഷ്ടങ്ങൾ വച്ചു പുലർത്തിയിരുന്നു.കടുത്ത പക്ഷപാതം അദ്ദേഹത്തിനുണ്ടായിരുന്നു. ചരിത്രം നിർമ്മിക്കുകയും അതിൽ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്നവരോടായിരുന്നു ആ പക്ഷപാതം. പാഠം മാസികയോടും എസ്.സുധീഷിനോടും ചേർന്നു നിന്നത് അതുകൊണ്ടാണ്. പൂക്കളം ഉണ്ടാക്കുന്നവരും, അതിൻ്റെ വക്കിൽ തൊട്ട് ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇടുന്ന കണ്ടു നിന്നവരും ചരിത്രത്തിൽ എക്കാലത്തുമുണ്ട്. എന്നാൽ ഇന്നു അതിന് കൂടുതൽ പ്രധാന്യം ഉണ്ട്.ഇതു കാഴ്ചയുടെ കാലമാണ്. കാണുന്നതാണ് സത്യം. അപ് ലോർഡ് ചെയ്യാൻ പറ്റാത്തതൊന്നും നിലവിലുള്ളതിന് ഒരു തെളിവുമില്ല.

To advertise here,

ഒരു കവി ഇങ്ങനെ പറയുന്നു:

“കൂവക്കിഴങ്ങ് തോണ്ടുന്നവരെ
കൊയ്യാത്ത പാടങ്ങളിൽ നിന്ന് കാറ്റു വിളിക്കുന്നു
രാത്രി വണ്ടിയിൽ അവരെല്ലാം
കൂവപ്പാടം കൊയ്യാൻ പോകുന്നവരുടെ കുട്ടികൾ

അക്ഷയ സെൻ്ററിൻ്റെ പതിനെട്ടാംപടിയിലിരുന്ന്
കലാലയം സ്വപ്നം കാണുന്നു.

അപ്പനേം അമ്മേം

മറിച്ചും തിരിച്ചും അപ് ലോഡ്‌ ചെയ്തിട്ടും

കൂവപ്പാടത്തെ കാറ്റ് ശമിക്കുന്നില്ല.”(ജി.എസ് .അനീഷിൻ്റെ കവിത )

അപ് ലോഡ്‌ ചെയ്യാൻ പറ്റാത്ത ഒന്നുമുണ്ടെന്ന്‌തെളിയിക്കാനാവുന്നില്ല.

ഒരുപാട് രക്തസാക്ഷിത്വങ്ങളിലൂടെ നേടിയെടുത്ത ഉരുകുന്ന ഉരുക്കിൻ്റെ വഴക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഒരു ജനത കൊലചെയ്യപ്പെട്ടിരിക്കുന്നു, പുറത്താക്കപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ ഫ്ലൂയിഡിറ്റിയിൽ ഒഴുകുന്ന പ്രതിബിംബങ്ങളുടെ സാമ്രാജ്യം ആഗതമായിരിക്കുന്നു.

കാഴ്ചയുടെ യുഗം

The Society of the Spectacle എന്നതു വളരെ പഴയ പുസ്തകമാണ്. പഴയ കാലത്ത് മനുഷ്യൻ്റെ ലക്ഷ്യം ഉണ്ടായിരിക്കുക (To Be) എന്നതായിരുന്നു, പിന്നീട് അത് കൈവശം വയ്ക്കുക (To Have) എന്നതായി മാറി, എന്നാൽ ഇന്ന് പ്രദർശിപ്പിക്കുക (To Appear )എന്നതായി മാറി എന്നു ഈ പുസ്തകത്തിൽ പറയുന്നുണ്ട്. പടമാക്കി ചുവരിൽ തൂക്കും എന്നു പറഞ്ഞാൽ മുൻപ് കൊന്നുകളയും എന്നായിരുന്നു അർത്ഥം. ഇന്നു പടമാവുക എന്നതാണ് ഏറ്റവും മൂല്യമുള്ളത്. കവിതയേക്കാൾ കവിയുടെ പടത്തെ ഉയർത്തിക്കൊണ്ടു വരുന്ന അൽഗൊരിതമാണ് ദൈവത്തെ പോലെ ഇന്നു നമ്മുടെ ജീവിതത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്നത്.
വലിയ പാലങ്ങളും റോഡുകളും ഉണ്ടാകുന്നത് നമുക്ക് യാത്ര ചെയ്യാനല്ല. ആ വലിയ കാഴ്ചകൾ കാണാനാണ്. പാവപ്പെട്ടവർക്ക് പോകാൻ,എം എൻ വിജയൻ്റെ ഭാഷയിൽ പറഞ്ഞാൽ ഇഴഞ്ഞു പോകാൻ അത്ര ഭംഗിയില്ലാത്ത സർവ്വീസ് റോഡുകൾ ഉണ്ട്.അങ്ങനെ കാഴ്ചയുടെ ലോകം വികസിക്കുമ്പോൾ നെഞ്ചിലിഴഞ്ഞ് പോകുന്ന ഒരു വിഭാഗമുണ്ട്.അവരോടുള്ള പക്ഷപാതത്തിനാണ് എം എൻ വിജയന് ഒരു വിട്ടുവീഴ്ചയുമില്ലാത്തത്:

'’നമ്മുടെ ആസ്തി എന്നു പറയുന്നത് ജനങ്ങളുടെ ത്യാഗമാണ്. ഭ്രാന്ത് പിടിച്ചവർ, രക്തസാക്ഷികളായവർ, അംഗഭംഗം വന്നവർ അങ്ങനെ എത്രയോ പേർ ഇവരെ കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതായി തീർന്നു. “

ഇതായിരുന്നു എം.എൻ.വിജയൻ്റെ പക്ഷപാതം, രാഷ്ട്രീയവും. എം എൻ വിജയൻ രാഷ്ട്രീയം എന്ന വാക്കിനെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

‘പലയിടത്തും ഒളിഞ്ഞിരിക്കുന്ന ഭാഷ മുതൽ ദൈവം വരെ ഭൂമി മുതൽ ആകാശം വരെ ഒളിച്ചിരിക്കുന്ന അധികാരത്തെ എങ്ങനെ പാവങ്ങൾക്കായി തിരിച്ചു പിടിക്കാം എന്ന് അന്വേഷണം'

ഇത്തരത്തിൽ ഭാഷ മുതൽ ദൈവം വരെ ഭൂമി മുതൽ ആകാശം വരെ രാഷ്ട്രീയവൽക്കരിക്കുകയാണ് എം.എൻ. വിജയൻ തന്റെ എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും സാധിച്ചത്.
 

ച്യൂയിംഗം കൾച്ചർ

നമുക്ക് അവാർഡുകളൊക്കെ കിട്ടിയ ഒരു പാട് എഴുത്തുകാരുണ്ട്. വെർട്ടിക്കലായും ഹൊറിസോണ്ടലായും സംസാരിക്കുന്ന പ്രഭാഷകരുണ്ട്.അവർ ഭാഷയ്ക്കും സമൂഹത്തിനും വലിയ സംഭാവനകൾ ചെയ്യുന്നവരാണ് എന്നു നാം കരുതുന്നുണ്ട്. അവരെല്ലാം നിഷ്പക്ഷരും ഏവർക്കും സ്വീകാര്യരുമാണ്. എന്നാൽ എം എൻ വിജയൻ മരിച്ചിട്ടും അദ്ദേഹത്തിൻ്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ ഭരണകൂട പ്രസിദ്ധീകരണ ശാലകൾ ഭയക്കുന്നു. അതിനു കാരണം ഈ പക്ഷപാതമാണ്.
ഈ കാഴ്ചകളുടെ സമാഹാരമായി മാറുന്ന നമ്മുടെ യഥാർത്ഥ അസ്തിത്വമെന്താണ്? നാം ശരിക്കും എവിടെയാണ് നിൽക്കുന്നത് എന്ന അന്വേഷണം നടത്താൻ നാം വിസമ്മതിക്കുന്നു.
മറകളുടെയും മായകളുടെയും സൃഷ്ടി പണ്ട് മുതലേ ഉണ്ട്. എഴുത്തച്ഛൻ്റെ അധ്യാത്മരാമായണത്തെ അറു വഷളൻ കൃതി എന്നു എം എൻ വിജയൻ വിളിക്കുന്നത് ആ മായയെ എതിർക്കാനാണ്. കേരളത്തിലെ അരാഷ്ട്രീയ ആധുനികതാവാദത്തെ ശൂന്യ പാത്രമെന്നും അതിനെ രൂക്ഷമായി വിമർശിച്ച തായാട്ടു ശങ്കരനെ ശൂന്യപാത്രങ്ങൾ എറിഞ്ഞുടച്ച നിരൂപകനെന്നും വിളിച്ചു. ഉത്തരാധുനികതയെ പഴയമായാവാദമായി അദ്ദേഹം കണക്കാക്കി. ഇങ്ങനെ അദ്ദേഹം പറഞ്ഞു: '’ആഗോളവത്കരണത്തിൻ്റെ കലയാണ് പോസ്റ്റ് മോഡേൺ കല. അനുഭവങ്ങളെന്നപോലെ ധീരതയും എഴുത്തിൽ നിന്ന് ചോർന്ന് പോകുന്നു. രീതികളിൽ മാത്രം ഊന്നുകയും സത്യം മറച്ച് വയ്ക്കാൻ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഒന്നും ജീർണ്ണതയല്ലെന്നു പറഞ്ഞ് ജീർണ്ണതയെ അത് ഉയർത്തിപ്പിടിക്കുന്നു. ഒന്നും അധാർമ്മികമല്ലെന്ന് പറഞ്ഞ് അധാർമ്മികതയെ വാഴ്ത്തുന്നു. അശ്ലീലത്തിന് പുതുവ്യാഖ്യാനങ്ങൾ നൽകി അശ്ലീലം എഴുതുന്നതിനെ ന്യായീകരിക്കുന്നു.” ഇങ്ങനെ വ്യക്തിയുടെ ഇടത്തെ കലക്കിക്കളയുന്ന, നിർമ്മിക്കുന്നവനെ ഒടുവിലാക്കുന്ന എല്ലാറ്റിനെയും അദ്ദേഹം നിഷേധിച്ചു.വയർ നിറയ്ക്കാനല്ലാതെ വെറുതെ ചവച്ചു കൊണ്ടിരിക്കുന്ന, ഒന്നും നിർമ്മിക്കാത്ത ഉപഭോഗത്തെ ച്യൂയിംഗം കൾച്ചർ എന്നു അദ്ദേഹം വിളിച്ചു. ച്യൂയിംഗം പോലെ ചവയ്ക്കുന്ന, നേരമ്പോക്കായി മാറുന്ന കലകളെയും ലൈംഗികതയെയും അദ്ദേഹം വിമർശിച്ചു.

കൊഗ്നിറ്റീവ് മാപ്പിംഗ്

നമ്മൾ എത്തി നിൽക്കുന്ന ഇടമാണ് നമ്മുടെ എഴുത്തുകാർക്ക് വലിയ പരിചയമില്ലാത്തത്. മരിച്ചു പോയ മതത്തെ പ്രതിയോഗിയാക്കിക്കൊണ്ട് നടത്തുന്ന സ്വത്വവാദഫാസിസ്റ്റ് വിരുദ്ധയുദ്ധങ്ങൾ നിൽക്കുന്ന ഇടത്തെ കലക്കിക്കളയുന്നു. മതത്തിൻ്റെ ചിഹ്നങ്ങൾ എങ്ങനെ മുതലാളിത്തം ഉപയോഗിക്കുന്നു? സത്യത്തിൽ നാം എവിടെയാണ് ?എന്നത് നാം മറന്നു പോകുന്നു. ഷോപ്പിംഗ് എന്നത് പഴയ കാല അമ്പലത്തിൽ പോകുന്നതിൻ്റെ ആവർത്തനമാണെന്നും അണുനാശിനിയുടെ പരസ്യം പഴയ കാല മതവിശുദ്ധിയുടെ ആവർത്തനമാണെന്നും പരസ്യങ്ങളുടെ ആവർത്തനം മന്ത്രങ്ങൾ പോലെ ആണെന്നും പറയുമ്പോൾ, നമ്മുടെ സ്വന്തം പദ്ധതികളെല്ലാം ഫണ്ട് ചെയ്യുന്നത് മറ്റാരോ ആണെന്നും മനസിലാകുമ്പോൾ നാം എത്തിച്ചേർന്നിരിക്കുന്ന ഇടത്തെക്കുറിച്ച് ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. സൂപ്പർമാർക്കറ്റിനകത്ത് വഴി തെറ്റിപ്പോയ ഒരാൾ താൻ നിൽക്കുന്നത് എവിടെയാണെന്നു തിരിച്ചറിയാൻ തുടങ്ങുന്നു.കെവിൻ ലിഞ്ച് (Kevin Lynch) എന്ന നഗരാസൂത്രകൻ The Image of the City എന്ന പുസ്തകത്തിൽ അവതരിപ്പിച്ച ആശയമാണ് കൊഗ്നറ്റീവ് മാപ്പിംഗ്. നഗരത്തിൽ വഴിയറിയാതെ തെറ്റിപ്പോകുന്ന ഒരാൾ താൻ നിൽക്കുന്ന സ്ഥലം അടയാളപ്പെടുത്തി വഴി കണ്ടെത്താൻ മനസ്സിനുള്ളിൽ രൂപപ്പെടുത്തുന്ന ഭൂപടത്തെയാണ് ലിഞ്ച് കോഗ്നിറ്റീവ് മാപ്പിംഗ് എന്ന് വിളിച്ചത്. ഉത്തരാധുനിക കാലത്തെ ദിശാബോധമില്ലായ്മ (Postmodern Spatial Confusion) യെ കുറിക്കാനാണ് ജയിംസൺ ഈ വാക്കു പയോഗിക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം, ഉപയോഗിക്കുന്ന വസ്തുക്കൾ, ജോലി ചെയ്യുന്ന രീതികൾ എന്നിവയെല്ലാം ലോകത്തിന്റെ ഏതോ കോണിലുള്ള സാമ്പത്തിക വ്യവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ സാധാരണക്കാരായ വ്യക്തികൾക്ക് ഈ വലിയ വ്യവസ്ഥയും തങ്ങളുടെ ദൈനംദിന ജീവിതവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിയാതെ വരുന്നു (Spatial Disorientation). കേരളീയൻ്റെ ജീവിതം അവശിഷ്ട മതകാലത്തിൻ്റെ ആവർത്തനങ്ങളുടെ ഊടും ആഗോളീകരണത്തിൻ്റെ പാവും കോർത്തുണ്ടാക്കിയ വലക്കണ്ണിയിലാണെന്നു തിരിച്ചറിയുന്നു. അപ്പോൾ ആ വലക്കണ്ണികളെ പൊട്ടിച്ചെറിയാൻ കഴിവുള്ള ചരിത്രപരമായ സ്വത്വം ഉന്നയിക്കപ്പെടുന്നു. ഇത്തരത്തിൽ നമ്മുടെ ഇടത്തെ ബോധ്യപ്പെടുത്താനാണ് എം എൻ വിജയൻ തൻ്റെ പക്ഷപാതങ്ങളിൽ മുറുകെ പിടിച്ചത്.ഒരു പ്രലോഭനത്തിൻ്റെ ഇക്കിളിയിലും ആ മുഷ്ടികൾ തുറന്നു പോയില്ല. അതാണ് മറിഞ്ഞു വീഴാൻ പോകുന്ന എല്ലാ ചരിത്ര സന്ധികളിലും സന്ധ്യകളിലും എത്തിപ്പിടിക്കാവുന്ന ഒരാളായി എം. എൻ. വിജയൻമാറുന്നത്.