മലയാള സാഹിത്യത്തില്‍ തലയെടുപ്പോടെ നിന്ന പേരാണ് സാറാ തോമസ്. നാര്‍മടിപ്പുടവ, ദൈവമക്കള്‍, ചിന്നമ്മു, നീലക്കുറിഞ്ഞികള്‍ ചുവക്കും കാലം, അസ്തമയം, ഗുണിതം തെറ്റിയ കണക്ക്, ഗ്രഹണം... തുടങ്ങി എഴുപത്-എണ്‍പത് കാലഘട്ടത്തില്‍ മലയാള നോവല്‍സാഹിത്യത്തെയും സിനിമയെയും ഒന്നുപോലെ സ്വാധീനിച്ച പ്രതിഭയുടെ തൂലികയില്‍നിന്നു പിറന്ന രചനകള്‍ ഏറെയാണ്. അതിശയോക്തിയില്ലാതെ, ഭാഷയുടെ അതിപ്രസരമില്ലാതെ, ഏതൊരു വായനക്കാരനെയും ജീവിതവുമായി എളുപ്പത്തില്‍ കോര്‍ത്തിണക്കാവുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകവഴി സാറാ തോമസ് മലയാളസാഹിത്യത്തിലെ നടവഴികള്‍ അനായാസം താണ്ടിക്കയറി. ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തില്‍ എഴുത്തുനിര്‍ത്തിയ സാറാ തോമസ്സിനെക്കുറിച്ച് 'അമ്മയോര്‍മകളില്‍' മകള്‍ ശോഭ ജോര്‍ജ് സംസാരിക്കുന്നു. 

To advertise here,

ലയാളസാഹിത്യത്തില്‍ സാറാ തോമസ് എന്ന പേര് അടയാളപ്പെടുത്തപ്പെടുന്നത് 'ജീവിതമെന്ന നദി' എന്ന നോവലിലൂടെയാണ്. എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് മമ്മി ആദ്യത്തെ നോവലായ 'ജീവിതമെന്ന നദി' എഴുതുന്നത്. എന്റെ ഡാഡി തോമസ് സക്കറിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് മമ്മി എഴുത്തുതുടങ്ങിയത്. ആശുപത്രിയില്‍നിന്നു വന്നാല്‍  മമ്മിക്കൊപ്പം ഇരുന്ന് ആ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം വിവരിച്ചു പറയുന്നത് ഡാഡിയുടെ ശീലമായിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിയിലെ എല്ലാ കാര്യങ്ങളും മമ്മിക്ക് ഹൃദിസ്ഥമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡാഡിയുടെയും സഹപ്രവര്‍ത്തകരുടെയും മറ്റ് ജീവനക്കാരുടെയും കഥകള്‍ കേള്‍ക്കാന്‍ മമ്മിക്ക് വലിയ ഇഷ്ടമായിരുന്നു.

ഡാഡിക്ക് സ്വന്തമായി വലിയൊരു പുസ്തകശേഖരം ഉണ്ടായിരുന്നു. ഡാഡി ആശുപത്രിയിലേക്ക് പോയിക്കഴിഞ്ഞാല്‍ ഏകാന്തതയിലാവുന്ന മമ്മിക്ക് കൂട്ടായിരുന്നത് പുസ്തകങ്ങളായിരുന്നു. മമ്മി വായിക്കാത്ത പുസ്തകങ്ങള്‍ വളരെ കുറവായിരുന്നു. വിപണിയില്‍ ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങളെല്ലാം ഡാഡി വാങ്ങിക്കൊണ്ടുവരും. ഡാഡിയാണ് സാറാ തോമസ് എന്ന പ്രതിഭയെ കണ്ടെടുത്തത്. 'ജീവിതമെന്ന നദി'യിലൂടെ മലയാള സാഹിത്യത്തിന്റെ മഹിമയിലേക്ക് മമ്മി നടന്നുകയറിയതിന് നിമിത്തമായതും ഡാഡിയാണ്. 1968-ല്‍ ഞങ്ങളുടെ ഒരു ബന്ധു സിംഗപ്പൂരില്‍നിന്നു പഠിക്കാനായി തിരുവനന്തപുരത്തേക്ക് വന്നു. അദ്ദേഹത്തിന് മലയാളഭാഷ നല്ല വശമില്ലായിരുന്നു. പലപ്പോഴും വൈകുന്നേരങ്ങളില്‍ വീട്ടില്‍ വന്ന് മമ്മിയോട് സംസാരിക്കുമായിരുന്നു അദ്ദേഹം. കൂടെ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് പ്രണയമുണ്ടായിരുന്നു അദ്ദേഹത്തിന്. വളരെ രഹസ്യമാക്കിവെച്ചിരുന്ന ആ പ്രണയം അവരുടെ നോട്ടത്തില്‍നിന്നോ ഭാവത്തില്‍നിന്നോ മമ്മി പിടിച്ചെടുത്തു. മമ്മിയെ സംബന്ധിച്ചിടത്തോളം അവരുടെ പ്രണയം വളരെ കൗതുകമുള്ള ഒന്നായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളും മമ്മിയോട് പറയുമായിരുന്നു. അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് എഴുത്തിന്റെ ബാലപാഠങ്ങള്‍ ഒന്നും വശമില്ലാതെ മമ്മി വെറുതേ എഴുതിത്തുടങ്ങിയതാണ് ആദ്യനോവലായി മാറിയത്.

പത്താം ക്ലാസു വരെയേ മമ്മി മലയാളഭാഷ പഠിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഹിന്ദിയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു മമ്മിക്ക്. രാഷ്ട്രത്തിന്റെ ഭാഷ അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധവും പുതിയ ഭാഷ പഠിക്കാനുള്ള ആവേശവും ഹിന്ദി ഭാഷയിലേക്ക് മമ്മിയെ ആകൃഷ്ടയാക്കി. പക്ഷേ കോളേജിൽ സെക്കൻ്റ് ലാംഗേജ് ക്ലാസിൽ കയറാതെ ഉഴപ്പി. ഹിന്ദിയിൽ പാട്ടുകൾ പാടാനും കത്തുകൾ എഴുതാനും സംസാരിക്കാനും ഇഷ്ടപ്പെട്ടയാൾ ഹിന്ദിയിൽ തോറ്റു. മലയാളഭാഷയുടെ പ്രയോഗവും സിദ്ധാന്തവും പഠിച്ചതുമില്ല.  മിതമായ മലയാള ഭാഷാജ്ഞാനവും കൊണ്ട് മമ്മി ആദ്യത്തെ നോവലെഴുതി. ഡാഡിയായിരുന്നു ആദ്യവായനക്കാരന്‍. മെഡിക്കല്‍ വിദ്യാഭ്യാസം പശ്ചാത്തലമായി വന്നതിനാല്‍ ക്ലാസുകള്‍ എടുക്കുന്ന രീതിയും കോളേജിലെ മാനറിസങ്ങളുമെല്ലാം ഡാഡി വിശദമാക്കിക്കൊടുത്തു. 

placeholder
സാറാ തോമസും ഡോ. തോമസ് സക്കറിയയും വിവാഹനാളിൽ

ആയിടയ്ക്കാണ് എറണാകുളത്തുനിന്നു അച്ചടിച്ചിരുന്ന ദീപം എന്ന പത്രത്തിന്റെ ഉടമസ്ഥരില്‍ ഒരാള്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ വന്നത്. ഡാഡിയുടെ കീഴിലായിരുന്നു ചികിത്സ. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന ദിവസം അദ്ദേഹം വീട്ടില്‍ വന്നു. നല്ല പ്രായമുള്ള, ആജാനുബാഹുവായ ഒരു അപ്പച്ചന്‍ വന്ന് ഞങ്ങളുടെ സ്വീകരണമുറിയില്‍ ഇരിക്കുന്ന ചിത്രം എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. മുറിയിലെ വട്ടമേശയില്‍ കുത്തിക്കെട്ടി വെച്ചിരിക്കുന്ന പേപ്പര്‍കെട്ട് അദ്ദേഹം എടുത്തു മറിച്ചുനോക്കി. മമ്മി അപ്പോള്‍ അവിടെയില്ലായിരുന്നു. ആ പേപ്പര്‍കെട്ട് എടുത്തിട്ട് അദ്ദേഹം ഡാഡിയോട് ചോദിച്ചു: 'ഇതൊരു നോവലാണല്ലോ, ആരാണ് എഴുതിയത്?' ഭാര്യ എഴുതിയതാണെന്ന് ഡാഡി മറുപടി പറഞ്ഞു. എന്നാല്‍ കൊണ്ടുപോയി വായിച്ചുനോക്കട്ടെ എന്നായി അദ്ദേഹം. മമ്മിയോട് ചോദിക്കാതെ ആ കൈയെഴുത്തുപ്രതിയുമായി അദ്ദേഹം പോയി.

നോവല്‍ കൊണ്ടുപോയതറിഞ്ഞപ്പോള്‍ മമ്മിക്ക് വലിയ വിഷമമായി. ചോദിക്കാതെ കൊടുത്തുവിട്ടതില്‍ മമ്മിക്ക് വിഷമം വന്നിരുന്നു. മമ്മി അക്കാര്യംതന്നെ പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് ഫോണ്‍ സംവിധാനമൊന്നുമില്ല. കൊണ്ടുപോയ പേപ്പര്‍കെട്ട് തിരികെ കിട്ടുമോ എന്ന കാര്യം തന്നെ തീര്‍ച്ചയില്ല. അദ്ദേഹത്തിന്റെ വീട് അന്വേഷിച്ച് പോകണമെന്ന് ഡാഡിയെ മമ്മി ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുമായിരുന്നു. ആറു മാസത്തോളം നോവലിനെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. അതേക്കുറിച്ച് ഓര്‍മ വരുമ്പോള്‍ മമ്മി അസ്വസ്ഥയാവും. അങ്ങനെ ഒരു നാള്‍ അദ്ദേഹം ചെക്കപ്പിനായി വന്നു. അദ്ദേഹത്തിന്റെ കയ്യില്‍ കവര്‍ ഇല്ലാതെ മാറ്റര്‍ വൃത്തിയായി അച്ചടിച്ചു തുന്നിക്കൂട്ടി പുസ്തകരൂപത്തിലാക്കിയ 'ജീവിതമെന്ന നദി'യുണ്ടായിരുന്നു. അച്ചടിമഷി പുരണ്ട തന്റെ കഥ കണ്ടപ്പോള്‍ മമ്മിയുടെ മുഖം ആഹ്ലാദം കൊണ്ട് തുടുത്തു. മമ്മിയ്ക്ക് 34 വയസ്സുണ്ടാവും അപ്പോള്‍. അച്ചടിച്ച പുസ്തകം എന്ന് മമ്മി സന്തോഷത്തോടെ പറഞ്ഞു നടക്കുന്നത് എന്റെ ഓര്‍മയിലുണ്ട്. നാഷണല്‍ ബുക്സ്സ്റ്റാൾ ആണ് 'ജീവിതമെന്ന നദി' പുസ്തകമായി പ്രസിദ്ധീകരിച്ചത്. അവര്‍ നല്ല പുറംചട്ടയൊക്കെ ഡിസൈന്‍ ചെയ്തു ഗംഭീരമാക്കിയാണ് പുസ്തകം ഇറക്കിയത്. അതൊരു നല്ല തുടക്കമായിരുന്നു. 'വൊറേഷ്യസ് റീഡര്‍' എന്ന നിലയില്‍നിന്നു 'ബഡ്ഡിങ് റൈറ്റര്‍' എന്ന വിശേഷണത്തിലേക്ക് മമ്മി ചുവടുവെച്ചു. 'ജീവിതമെന്ന നദി'ക്ക് ശേഷം 'വെള്ളിരേഖകള്‍' എഴുതി. 'ജീവിതമെന്ന നദി'ക്ക് നിദാനമായ മെഡിക്കല്‍ വിദ്യാര്‍ഥിയും പ്രണയിനിയും പിന്നീട് ദമ്പതിമാരായി. ഇപ്പോള്‍ ദോഹയിലാണ് താമസിക്കുന്നത്. അവര്‍ മിക്ക ദിവസവും ഞങ്ങളെ വിളിച്ച് സംസാരിക്കും. തങ്ങളറിയാതെ എങ്ങനെയാണ് ഇത്ര കണ്ട് നിരീക്ഷിക്കപ്പെട്ടത് എന്നതില്‍ അവര്‍ക്ക് അത്ഭുതമായിരുന്നു. സാറാ തോമസ് എന്ന എഴുത്തുകാരിയുടെ പിറവിക്കു പിന്നിലെ പ്രചോദനം തങ്ങളാണ് എന്നവര്‍ തമാശയായി പറഞ്ഞു.

ഡാഡി കണ്ടതും കേട്ടതുമായിരുന്നു മമ്മി തന്റെ ആദ്യകാല രചനകളില്‍ പ്രമേയമാക്കിയിരുന്നത്. അക്കാലത്തെ മെഡിക്കല്‍ കോളേജില്‍ വരുന്നവരുടെയും അവിടെയുള്ളവരുടെയും ജീവിതകഥകള്‍ പറഞ്ഞാല്‍ തീരാത്തയത്രയുമുണ്ട്. 'ജീവിതമെന്ന നദി'ക്കു ശേഷം വന്ന 'വെള്ളിരേഖകള്‍' എന്ന കൃതിയില്‍ ഒരു നഴ്‌സും രോഗിയും തമ്മിലുള്ള ബന്ധമാണ് മമ്മി പ്രമേയമാക്കിയത്.

placeholder
ശോഭ ജോർജ്

'ജീവിതമെന്ന നദി'ക്കുശേഷം മമ്മി എഴുതിയ 'മുറിപ്പാടുകള്‍' എന്ന നോവല്‍ 'മണിമുഴക്കം' എന്ന പേരില്‍ ചലച്ചിത്രമായി. 1971-ലാണ് മുറിപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്നത്. 1976-ല്‍ മണിമുഴക്കം പുറത്തിറങ്ങി. പി.എ. ബക്കറുമായി ചേര്‍ന്നാണ് 'മണിമുഴക്ക'ത്തിന്റെ തിരക്കഥ മമ്മി പൂര്‍ത്തിയാക്കിയത്. മമ്മിയുടെ ആദ്യത്തെ തിരക്കഥയെഴുത്ത് അതായിരുന്നു. ഒരു ഹിന്ദു കുടുംബത്തില്‍ ജനിക്കുകയും ക്രിസ്ത്യാനിയായി വളര്‍ത്തപ്പെടുകയും പിന്നീട് ഹിന്ദു മതത്തിലേക്ക് തന്നെ തിരികേ പോകാന്‍ നിര്‍ബന്ധിതനാവുകയും ചെയ്ത ജോസ് പോള്‍ എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളായിരുന്നു പ്രമേയം. പി.എ. ബക്കര്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന അവാര്‍ഡും 'മണിമുഴക്ക'ത്തിന് ലഭിച്ചത് മമ്മിക്ക് വലിയ സന്തോഷമായിരുന്നു. കഥയെഴുത്തില്‍നിന്നു സിനിമ എന്ന സങ്കേതത്തിലേക്ക് അനായാസം നടന്നുകയറാന്‍ മമ്മിക്കുകഴിഞ്ഞു. ജി. ദേവരാജന്‍ മാഷിന്റെ സംഗീതം, ഹരികേശന്‍ തമ്പി, ശങ്കരാടി, മീന ഗണേഷ്, സരിത, വാണി, ശാന്തകുമാരി തുടങ്ങിയവരായിരുന്നു മണിമുഴക്കത്തിലെ അഭിനേതാക്കള്‍. നടന്‍ ശ്രീനിവാസന്‍ ചെറിയ ഒരു വേഷം 'മുറിപ്പാടി'ല്‍ ചെയ്തു.

സാറാ തോമസ്സിന് ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തതും അതുവരെ എഴുതിയതില്‍ ഏറ്റവും ഹൃദ്യവുമായ നോവലാണ് 'അസ്തമയം.'' കേന്ദ്രകഥാപാത്രമായ ബാലന്‍ ഡോക്ടറാണ്. ബാലന്റെ മുന്‍പ്രണയിനി കാന്‍സര്‍ ബാധിച്ചു ചികിത്സ തേടി വരുന്നതും അതിജീവിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തതുമാണ് പ്രമേയം. പി. ചന്ദ്രകുമാര്‍ ആയിരുന്നു സംവിധാനം. 1978-ലാണ് 'അസ്തമയം' റിലീസ് ചെയ്യുന്നത്. മധു, ശാരദ, ജയഭാരതി, ജയന്‍, തിക്കുറിശ്ശി, മാള അരവിന്ദന്‍, ശങ്കരാടി, ബഹദൂര്‍,കുഞ്ചന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം. ശ്രീകുമാരന്‍ തമ്പിയും സത്യന്‍ അന്തിക്കാടും ഗാനരചന. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം, എസ്. ജാനകി തുടങ്ങിയവരുടെ ആലാപനം...ഉമ ആര്‍ട്‌സിന്റെ നിര്‍മാണം. സാറാ തോമസ്സിന്റെ സ്വതന്ത്ര തിരക്കഥ. സൂപ്പര്‍ ഹിറ്റായിരുന്നു പടം. പിന്നീട് സിനിമയില്‍നിന്നു നിരന്തരം കഥകള്‍ അന്വേഷിച്ചു വിളികള്‍ വന്നുകൊണ്ടേയിരുന്നു. മമ്മിയുടെ കൃതികള്‍ വായിച്ചിട്ടായിരുന്നു മിക്കവരും വിളിക്കുക. സിനിമാക്കഥയ്ക്കായി വരുന്നവരെ മമ്മി നിരാശപ്പെടുത്തിയില്ല. 'പവിഴമുത്ത്' എന്ന കഥയ്ക്ക് തോപ്പില്‍ഭാസി തിരക്കഥയെഴുതി. 'അര്‍ച്ചന' എന്ന കഥയ്ക്കും ചലച്ചിത്രഭാഷ്യം വന്നു.

സിനിമക്കാര്‍ കഥകള്‍ ആവശ്യപ്പെട്ട് വിളിക്കുമ്പോഴും നോവലുകള്‍ ചര്‍ച്ച ചെയ്യുമ്പോഴും താന്‍ തിരക്കുള്ള ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യമൊന്നും മമ്മിയെ ബാധിച്ചിട്ടില്ലായിരുന്നു. കുടുംബാന്തരീക്ഷത്തില്‍ ആ തിരക്ക് ഞങ്ങള്‍ മക്കള്‍ക്കോ ഡാഡിക്കോ അനുഭവപ്പെട്ടിട്ടില്ല. മമ്മി എഴുതാനായി ഇരിക്കുന്നതോ എഴുത്തിനായി സമയം മാറ്റിവെക്കുന്നതോ എന്റെ കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടില്ല. എല്ലാംകൊണ്ടും തികഞ്ഞ ഒരു വീട്ടമ്മയായിരുന്നു. നന്നായി പാചകം ചെയ്യും. വീടിനെ അത്രയും സ്‌നേഹിച്ചു. പ്രസാധകരും സിനിമാക്കാരും കഥ ആവശ്യമുള്ളവരും വീട്ടില്‍ വരും. ഡാഡി ആശുപത്രിയിലേക്കും ഞങ്ങള്‍ സ്‌കൂളിലേക്കും പോയതിനു ശേഷമായിരുന്നു മമ്മിയുടെ എഴുത്തും വായനയും. ഞങ്ങള്‍ തിരികെ വരാനാവുമ്പോഴേക്കും അത് തീര്‍ത്തിരിക്കും. പിന്നെ ഞങ്ങളുടെ കാര്യങ്ങള്‍ മാത്രമേ മമ്മിയുടെ മുമ്പിലുള്ളൂ. ഡാഡി ആശുപത്രിയില്‍നിന്നു വന്നാല്‍ ദിവസവും മമ്മിയെയും കൂട്ടി പുറത്തുപോവും. കടലിനെ മമ്മി ഏറെ ഇഷ്ടപ്പെട്ടു. മിക്ക ദിവസങ്ങളിലും രണ്ടു പേരുടെയും സായാഹ്നസവാരി കടല്‍ക്കരയിലേക്കായിരുന്നു.

ജീവിതത്തില്‍ ഇനിയൊരാള്‍ക്കും ഇത്രയും സ്‌നേഹിക്കാന്‍ കഴിയാത്ത തരത്തില്‍ ഡാഡിയും മമ്മിയും പരസ്പരം സ്‌നേഹിച്ചിരുന്നു. ഡാഡിയുടെ ഉത്സാഹത്തിലായിരുന്നു സാറാ തോമസ്സിന്റെ പേനയില്‍നിന്നു പുതിയ കഥകള്‍ പിറന്നത്. ഓരോ കഥയ്ക്കും ആവശ്യമായ ഗവേഷണങ്ങള്‍ക്കായി ഡാഡി തന്നെ മുന്‍കൈയെടുത്ത് മമ്മിയെയും കൂട്ടി പോയി. എഴുത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അവര്‍ നടത്തിയ യാത്രകള്‍ തന്നെ മറ്റൊരു നോവലാണ്. ഒരു പ്രമേയം മനസ്സില്‍ കൊരുത്തിയാല്‍ അതിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പോയി താമസിച്ച് ഗവേഷണം നടത്തി, ആളുകളെ കണ്ട് സംസാരിച്ച് അഭിമുഖങ്ങള്‍ നടത്തി, ചരിത്രപരമായ രേഖകള്‍ ശേഖരിച്ചാണ് മമ്മിയും ഡാഡിയും തിരികെ വരിക. ഞങ്ങള്‍ ഒപ്പമുള്ള യാത്രകളില്‍ കഥയെഴുത്തല്ല ഉദ്ദേശ്യമെങ്കിലും തിരികെവരുമ്പോള്‍ ഒരു കഥയ്ക്കുള്ള കോപ്പ് ആ യാത്രയില്‍നിന്നു മമ്മി ശേഖരിച്ചുകഴിഞ്ഞിട്ടുണ്ടാവും. അതെല്ലാം ഒരു ഡയറിയില്‍ കൃത്യമായി കുറിച്ചുവെക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. യാത്രകള്‍ അവര്‍ രണ്ടു പേരും ഒരു പോലെ ഇഷ്ടപ്പെട്ടു. അവരുടെ യാത്രകളില്ലെല്ലാം ഞങ്ങളെയും ഒപ്പം കൂട്ടി.

placeholder
സാറാ തോമസ്സും കുടുംബവും

ദൈവമക്കള്‍, നാര്‍മുടിപ്പുടവ, അഗ്നിശുദ്ധി, ചിന്നമ്മു, അര്‍ച്ചന, പവിഴമുത്ത് തുടങ്ങി മമ്മിയുടെ പ്രധാനപ്പെട്ട കൃതികളെല്ലാം തന്നെ വളരെയധികം സമയമെടുത്ത് ഹോം വര്‍ക് ചെയ്ത്, എഴുതിയവയാണ്. വളരെ ചെറിയ ചേരുവകള്‍പോലും പല വട്ടം ആലോചിച്ചും തിരിച്ചാലോചിച്ചും മാത്രമേ പ്രമേയത്തോട് കൂട്ടിച്ചേര്‍ക്കുകയുള്ളൂ.

സിനിമക്കാര്‍ മമ്മിയുടെ കഥകളെത്തേടി വരാനുള്ള പ്രധാനകാരണം കൃതികളിലെ ദൃശ്യാത്മകതയായിരുന്നു. വളരെ ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള മമ്മിയുടെ കഴിവിന് ചലച്ചിത്രഭാഷ്യം നല്‍കാന്‍ വേണ്ടത്ര സഹായം ഡാഡിയുടെ ഭാഗത്തുനിന്നും നിര്‍ബാധം ലഭിച്ചുകൊണ്ടേയിരുന്നു. വലക്കാര്‍, ദൈവമക്കള്‍ എന്നീ കൃതികള്‍ക്കാണ് മമ്മി ഏറ്റവും കൂടുതല്‍ സര്‍ഗാത്മകമായി അധ്വാനിച്ചത്. മമ്മിയുടെ കൃതികളില്‍ വേറിട്ടുനില്‍ക്കുന്നവയാണെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല. 'ദൈവമക്കളി'ല്‍ ദളിത് എന്ന വാക്ക് മമ്മി എഴുതുന്ന കാലത്ത് മലയാളഭാഷയില്‍ അത് പ്രചാരത്തിലായിട്ടില്ല. ദളിതരുടെ ജീവിതാവസ്ഥയും അരികുവത്ക്കരിക്കപ്പെടലിന്റെ രാഷ്ട്രീയവുമെല്ലാം 'ദൈവമക്കളി'ല്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അത് ആരും കാണാതെ പോയി. അര്‍ഹതപ്പെട്ട അംഗീകാരം ആ കൃതിയെ തേടിയെത്തിയില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങളോളം ദളിതരുമായി സംസാരിക്കുകയും ഇടപഴകുകയും ജീവിതരീതികളും ഭാഷയും മനസ്സിലാക്കുകയും ചെയ്തിട്ടാണ് അത്തരത്തിലൊരു കൃതി എഴുതുന്നത്. 'ദൈവമക്കള്‍' എന്ന കൃതിയുടെ ആവശ്യകതയെക്കുറിച്ചും പ്രമേയത്തിന്റെ ഗൗരവത്തെക്കുറിച്ചും ഞാന്‍ മനസ്സിലാക്കുന്നത് എന്റെ കോളേജ് പഠനകാലത്താണ്.  

തീരദേശത്തെ ആളുകള്‍ അനുഭവിക്കുന്ന ട്രോമയാണ് 'വലക്കാര്‍' എന്ന നോവലില്‍ പ്രമേയമാക്കിയിരിക്കുന്നത്. ഡാഡി സര്‍വീസില്‍നിന്നു വിരമിച്ച കാലത്ത് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുറച്ചുകാലം പ്രാക്ടീസ് ചെയ്തിരുന്നു. മമ്മിയും ഡാഡിയും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത് പോയി ഇരിക്കും. എന്നും ഒരു ആണ്‍കുട്ടി അവരുടെയടുക്കലെത്തും. രണ്ടു രൂപയ്ക്ക് കപ്പലണ്ടി വില്‍ക്കുക എന്നതാണ് അവന്റെ ലക്ഷ്യം. കപ്പലണ്ടി വിറ്റുപോയില്ലെങ്കില്‍ വൈകിട്ട് കുടിലില്‍ കഞ്ഞി വെക്കാന്‍ പറ്റില്ല എന്ന് സങ്കടത്തോടെ അവന്‍ അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. എട്ടോ പത്തോ വയസ്സു കാണും ആ പയ്യന്. അവന്റെ ഓരോ കഥകളും എണ്ണിപ്പറുക്കി പറഞ്ഞുകൊണ്ടേയിരുന്നു. പ്രാരാബ്ധങ്ങളുടെ കഥകളാണ്. ഡാഡി പറഞ്ഞു: 'നിന്റെ കയ്യിലെ കപ്പലണ്ടി മുഴുവന്‍ ഞാന്‍ വാങ്ങിക്കോളാം. നീ കഥകള്‍ എല്ലാം ഈ അമ്മയ്ക്ക് പറഞ്ഞുകൊടുക്ക്.' കടലിന്റെ മക്കളുടെ പലതരം കഥകള്‍ ആ കൊച്ചുപയ്യനിലൂടെ മമ്മി കേട്ടു. അവന്‍ തന്റെ കുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി. അവിടത്തെ പള്ളീലച്ചനെ പരിചയപ്പെടുത്തി. അദ്ദേഹവുമായി മമ്മി സംസാരിച്ചു. ജീവിതത്തോടുള്ള ആ കൊച്ചുപയ്യന്റെ സംഘര്‍ഷവും സമരവും 'വലക്കാര്‍' എന്ന നോവലിന്റെ പിറവിയായി പരിണമിക്കുകയായിരുന്നു.

ടി.എന്‍. ജയചന്ദ്രന്‍ ഐ.എ.എസ് മമ്മിയുടെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന സഹോദരതുല്യനായ വ്യക്തിത്വമായിരുന്നു. കൃതികള്‍ കൃത്യമായി വായിച്ച് നിരൂപണം നടത്തിയിരുന്നു അദ്ദേഹം. പ്രശംസയോടൊപ്പം തന്നെ പോരായ്മയും ചൂണ്ടിക്കാണിച്ചു. അദ്ദേഹവും ഭാര്യയും വൈകുന്നേരങ്ങളില്‍ വീട്ടില്‍ വരും. പിന്നെയാണ് സാഹിത്യചര്‍ച്ചകള്‍ ആരംഭിക്കുന്നത്. അദ്ദേഹം നന്നായി എഴുതുമായിരുന്നു. ഒന്നര വര്‍ഷം മുമ്പ് മമ്മിയെ കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ മമ്മി ചോദിച്ചു, എന്താ ഇപ്പോള്‍ എഴുതാത്തതെന്ന്. എഴുത്തു നിര്‍ത്തി എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇതേ ചോദ്യം അദ്ദേഹം മമ്മിയോടും തിരിച്ചുചോദിച്ചു. എഴുത്തു നിര്‍ത്തി എന്നുതന്നെയായിരുന്നു മമ്മിയുടെ മറുപടിയും.

തകഴി. ഉറൂബ്, എം.ടി... ഇവരുടെയൊക്കെ കഥകളായിരുന്നു മമ്മിയുടെ ഇഷ്ടകഥകളില്‍ സ്ഥാനം പിടിച്ചിരുന്നത്. അവരുടെയൊക്കെ ഹൃദയത്തില്‍നിന്നാണ് കഥകള്‍ വരുന്നത് എന്നായിരുന്നു മമ്മി പറയുക. സാഹിത്യ അക്കാദമി പുരസ്‌കാരം തകഴിയില്‍നിന്നു സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമായിരുന്നു. അഷിത, കെ.ആര്‍. മീര, കെ.എ. ബീന തുടങ്ങി അക്കാലത്തെ യുവ എഴുത്തുകാരുമായി വളരെ നല്ല ബന്ധമായിരുന്നു മമ്മി പുലര്‍ത്തിയിരുന്നത്. ഗവേഷണങ്ങള്‍ക്കായി മമ്മിയുടെ കൃതികള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ മമ്മിയെ കാണാന്‍ എപ്പോഴും വന്നുകൊണ്ടിരിക്കുമായിരുന്നു. തികഞ്ഞ ഗവേഷണബുദ്ധിയോടെ കൃതികള്‍ പഠിച്ച് അതിന്റെ സൈദ്ധാന്തികവും ബൗദ്ധികവുമായ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്ന വിദ്യാര്‍ഥികളെ മമ്മിക്ക് വളരെയധികം ഇഷ്ടമായിരുന്നു. അവരുടെ ചര്‍ച്ചകളും നിരീക്ഷണങ്ങളും ഏതൊരു അക്കാദമി അവാര്‍ഡിനെക്കാളും മമ്മിയെ ആഹ്‌ളാദിപ്പിച്ചിരുന്നു. അവര്‍ക്കുവേണ്ട എല്ലാ വിശദാംശങ്ങളും നല്‍കുന്നതില്‍ പ്രത്യേക താല്‍പര്യമായിരുന്നു. മണിക്കൂറുകളോളം അവരുമായി സംസാരിച്ചുകൊണ്ടേയിരിക്കും. മമ്മിയുടെ ആഴത്തിലും പരപ്പിലുമുള്ള വായനയും ജ്ഞാനവും അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തുവരുമായിരുന്നു.

placeholder
തകഴിയിൽനിന്നു സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കുന്നു

നന്ദാവനത്തെ വീട് മമ്മിയും ഡാഡിയും കൂടി പണികഴിപ്പിച്ചതാണ്. മമ്മിയുടെ അപ്പച്ചനും അമ്മച്ചിയും തിരുവനന്തപുരത്ത് പഠിച്ചു വളര്‍ന്നവരാണ്. അപ്പച്ചന്‍ സബ് രജിസ്ട്രാര്‍ ആയിരുന്നു. അമ്മച്ചി വിമന്‍സ് കോളേജില്‍ പ്രീഡിഗ്രിവരെ പഠിക്കുകയും പിന്നീട് വിവാഹിതയായി കുടുംബവുമായി കഴിയുകയുമാണ് ചെയ്തത്. കോണ്‍വെന്റ് വിദ്യാഭ്യാസത്തിന്റെ ഫലമായി നന്നായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു അമ്മച്ചി. തികച്ചും പുരോഗമനചിന്താഗതിയുള്ള കുടുംബമായിരുന്നു മമ്മിയുടേത്. മമ്മിയുടെ മാതാപിതാക്കളും നന്നായി വായിക്കുമായിരുന്നു. ധാരാളം ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്തകങ്ങളുടെ വലിയ ശേഖരം തന്നെ മമ്മിയുടെ വീട്ടിലുണ്ടായിരുന്നു. മമ്മിയുടെ മാതൃസഹോദരിയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് അന്ന ചാണ്ടി.  

മമ്മിയുടെ മനസ്സിന്റെ വ്യഥകളും ചിന്തകളും ആകുലതകളും എല്ലാം അറിയാമായിരുന്നത് രാജേശ്വരി ഉണ്ണിത്താന്‍ എന്ന കൂട്ടുകാരിക്കായിരുന്നു. നാലാം ക്ലാസു മുതലുള്ള സൗഹൃദമാണ് അവരുമായിട്ട്. നടക്കാന്‍ വയ്യാതായപ്പോള്‍ അവരുടെ മക്കള്‍ പതുക്കെ മമ്മിയുടെ അടുത്തേക്ക് നടത്തിച്ച് കൊണ്ടുവരുമായിരുന്നു. മമ്മിയുടെ ഭൗതികശരീരത്തിനടുത്ത് നിന്നുകൊണ്ട് അവര്‍ കുറേനേരം ഒന്നും മിണ്ടാതെ നോക്കിനിന്നു. അതു കണ്ടപ്പോഴാണ് ഞങ്ങള്‍ കരഞ്ഞുപോയത്. സുഗതകുമാരിയുമായിട്ടുള്ള സംസാരങ്ങളില്‍ അവര്‍ക്ക് എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും പറഞ്ഞുതീര്‍ന്ന സമയമില്ലായിരുന്നു. രാജേശ്വരി ഉണ്ണിത്താനുമായിട്ടായിരുന്നു വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതലും പങ്കുവെച്ചിരുന്നത്. എന്നും കാണുന്നത് അവരെയായിരുന്നു. മമ്മിയില്ലാത്ത ഈ വിഷുദിനത്തില്‍ രാജേശ്വരി ആന്റി ഞങ്ങളെ വിളിച്ചു. എന്തു തന്നെയായാലും ആന്റിയുടെ വീട്ടിലേക്ക് വന്ന് അവരുടെ കൂടെയിരുന്ന് ചോറുണ്ണണമെന്ന്‌ പറഞ്ഞു. ഞങ്ങള്‍ അനുസരിച്ചു.

വായിച്ചെടുത്ത മലയാള ഭാഷ മാത്രമായിരുന്നു മമ്മിയുടെ കൈമുതല്‍. ബാക്കിയെല്ലാം സര്‍ഗശേഷി തന്നെയായിരുന്നു. ഹിന്ദി പാട്ടുകളോടും ഭാഷയോടും പ്രത്യക മമതയുണ്ടായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോളേജ് കൂട്ടുകാരിയായ രുഗ്മിണിക്ക് കത്തുകള്‍ എഴുതുക ഹിന്ദിയിലായിരുന്നു. അവര്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഹിന്ദിയില്‍ പാട്ടു പാടും. മമ്മി അത് ഏറ്റുപാടിക്കൊടുക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് രാഷ്ട്രഭാഷയോട് പ്രത്യേക മമതപുലര്‍ത്തിയ തലമുറയില്‍ പെട്ടവരായിരുന്നു ഇവരെല്ലാം. ഡയറി എഴുതുന്നത് ഹിന്ദിയിലായിരുന്നു. കൂട്ടുകാരികള്‍ കുറച്ചു പേര്‍ ഹിന്ദിയില്‍ മാത്രം പരസ്പരം സംസാരിച്ചു. അതുപോലെ തമിഴിനോട് പ്രത്യേക സ്‌നേഹമായിരുന്നു. വത്സല എന്നു പേരുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവരുടെ അച്ഛന്‍ പോസ്റ്റല്‍ വകുപ്പിലായിരുന്നു ജോലി ചെയ്തത്. സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ചേര്‍ത്തത്. ആറാം ക്ലാസു മുതല്‍ അവരെയും കൂട്ടുകാരിയായി ലഭിച്ചു. ആ സൗഹൃദവും മരണം വരെ തുടര്‍ന്നു.

ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഇത്ര കണ്ട് ആത്മാര്‍ഥതയും കൃത്യതയും മമ്മി കാണിച്ചിരുന്നു. വത്സലാന്റിയെ മമ്മി മലയാളം പഠിപ്പിച്ചു ആന്റി തിരിച്ച് മമ്മിയെ തമിഴും പഠിപ്പിച്ചു കൊടുത്തു. ഭാഷാപരമായ കൈമാറ്റം. വത്സലാന്റി മലയാളഭാഷ നന്നായി പറയാന്‍ പഠിച്ചു. മമ്മിയുടെ മരണവാര്‍ത്തയറിഞ്ഞ് അവര്‍ വിളിച്ചു. സാറ വര്‍ക്കി പോയല്ലോ എന്നുപറഞ്ഞാണ് കരഞ്ഞത്. സാറ വര്‍ക്കി എന്നായിരുന്നു ഔദ്യോഗികനാമം. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ മമ്മിയുടെ കൂട്ടുകാരികള്‍ വിളിച്ച് ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നപ്പോഴാണ് അന്നത്തെ സൗഹൃദം എത്ര ദൃഢവും ഭദ്രവുമായിരുന്നു എന്ന് തിരിച്ചറിയുന്നത്.

മാധവിക്കുട്ടിയെപ്പോലുള്ള എഴുത്തുകാരികളെപ്പറ്റി എപ്പോഴും പറയുക അവരെല്ലാം വലിയ എഴുത്തുകാരാണ് എന്നായിരുന്നു. സമകാലികരായ എഴുത്തുകാര്‍ക്ക് തുല്യയാണ് താനുമെന്ന്‌ ഒരിക്കലും കരുതിയില്ല. അവരെയെല്ലാം വലിയ ബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നത്. മമ്മിയുടെ വിയോഗം പത്രങ്ങളും മറ്റ് മാധ്യമങ്ങളും വിശാലമായി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഇത്രയും വലിയ, ആരാധ്യയായ വ്യക്തിത്വമായിരുന്നു മമ്മിയെന്നു ഞാനും സഹോദരിയും ഞങ്ങളുടെ മക്കളും പേരമക്കളും തിരിച്ചറിയുന്നത്. സാഹിത്യപരമായി മമ്മി എന്താണെന്ന് തിരിച്ചറിയാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല എന്നുവേണം പറയാന്‍. അമ്മ എന്ന വലിയ സാന്നിധ്യത്തെ ഞങ്ങള്‍ക്കിടയില്‍ നിലനിര്‍ത്താനായിരുന്നു എപ്പോഴും മമ്മി ശ്രദ്ധിച്ചിരുന്നത്.

മമ്മി എഴുത്തില്‍നിന്നു സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് പതിനഞ്ച് വര്‍ഷമായിക്കാണും. ഒരിക്കല്‍ ഒരാള്‍ വിളിച്ചുചോദിച്ചു: 'സാറാ തോമസ് പോയോ' എന്ന്. 'എവിടെപ്പോയി' എന്ന് ഞാന്‍ തിരികെ ചോദിച്ചപ്പോള്‍ 'മരിച്ചു പോയോ' എന്നയാള്‍ വീണ്ടും ചോദിച്ചു. ഇവിടെയുണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ 'അയ്യോ ഒരെഴുത്തും കാണുന്നില്ലല്ലോ' എന്നായി അയാള്‍. സാറാ തോമസ് മലയാളസാഹിത്യത്തില്‍ വിസ്മൃതിയിലായിപ്പോയതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഡാഡിയുടെ ആകസ്മികമരണം മമ്മിയെ വല്ലാതെ തളര്‍ത്തിയിരുന്നു. ഇനിയൊരക്ഷരം എഴുതില്ലെന്നു ഡാഡി പോയതോടുകൂടി മമ്മി തീരുമാനമെടുത്തു. അതായിരുന്നു മമ്മി ജീവിതത്തില്‍ എടുത്ത തെറ്റായ ഒരേയൊരു തീരുമാനം.

ജീവിതത്തിന്റെ എല്ലാ മാധുര്യവും ഒരുമിച്ച് പങ്കുവെച്ചവരാണവര്‍. ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്ത മേഖലകളും ആയിരുന്നിട്ടുകൂടി അസൂയപ്പെടുത്തുംവിധം ഒരുമയുള്ളവരായിരുന്നു അവര്‍. ഹാര്‍ട് അറ്റാക്ക് വന്ന് വളരെ പെട്ടെന്നാണ് ഡാഡി പോയത്. ഡാഡി പോവുകയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള സമയംപോലും മമ്മിക്ക് ലഭിച്ചില്ല. എക്കാലവും നമ്മള്‍ പറയാറുണ്ടല്ലോ ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്ന്. എന്നാല്‍ ഒരു സ്ത്രീയുടെ വിജയത്തിനു പിന്നില്‍ പ്രോഗ്രസ്സീവായ ഒരു പുരുഷനാണ് ഉണ്ടായിരിക്കുക. ഡാഡി അത് ദിനംപ്രതി തെളിയിച്ചു കൊണ്ടേയിരുന്ന ആളായിരുന്നു. ഇനി എഴുതാന്‍ കഴിയില്ലെന്ന് മമ്മിക്ക് തോന്നിയതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. പക്ഷേ, മമ്മി അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു.കാലം കടന്നുപോയി ജീവിച്ചിരിക്കേ തന്നെ സാറാ തോമസ് വിസ്മൃതിയിലായി.

ഒരു പക്ഷേ, എഴുത്ത് തുടര്‍ന്നിരുന്നുവെങ്കില്‍ അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും ജീവസ്സുറ്റ ഭാഷ്യങ്ങള്‍ നല്‍കാന്‍ മമ്മിക്കു കഴിയുമായിരുന്നു. അതിനിടയില്‍ സംഭവിച്ചത് 'നിലാവും നിഴലും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്നുള്ളതാണ്. മമ്മിയുടെ ആത്മകഥയാണത്. വിവാഹജീവിതം തുടങ്ങുന്നതുവരെയുള്ള ജീവിതമാണ് ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനു ശേഷമുള്ള കാര്യമൊന്നും ആരും അറിഞ്ഞിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു മമ്മിയുടെ നിലപാട്.

'ഇസ്രയേലിന്റെ മാറിലൂടെ' എന്ന യാത്രാവിവരണം എഴുതിയിട്ടുണ്ട് മമ്മി. ഒരു ദിനപത്രം സഫലമീ യാത്ര എന്ന പേരില്‍ ആദ്യമായി ഇസ്രയേല്‍ യാത്ര സംഘടിപ്പിച്ചപ്പോള്‍ മമ്മിയെയും ഡാഡിയെയും അവര്‍ യാത്രയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇസ്രയേയിലേക്ക് പോകുന്നതിനുമുമ്പ് തന്നെ ആ നാടിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം മമ്മി വായിച്ചറിഞ്ഞുവെച്ചിരുന്നു. കൊച്ചിയില്‍നിന്നും ഇസ്രയേലില്‍ പോയി താമസമാക്കിയവര്‍ക്ക് ഹൈഫ എന്ന സ്ഥലത്ത് വലിയൊരു ടൗണ്‍ പടുത്തുയര്‍ത്തിയിട്ടുണ്ടായിരുന്നു. മമ്മിയും ഡാഡിയും അവിടെ പോയി അവരെയെല്ലാം കണ്ടു. അവര്‍ക്കെല്ലാം കൊടുക്കാന്‍ വേണ്ടി കുറേ മലയാളം പുസ്തകങ്ങളുമായിട്ടാണ് മമ്മി പോയത്. നാടുവിട്ടതിനു ശേഷം മലയാളഭാഷയില്‍ അച്ചടിച്ച പുസ്തകങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കെല്ലാം വലിയ സന്തോഷമായി.  

placeholder
സാറ തോമസ്സും ഡോ. തോമസ് സക്കറിയയും

മമ്മിക്ക് പൊതുപരിപാടികളിലൊന്നും പങ്കെടുത്ത് ശീലമില്ലായിരുന്നു. പുസ്തകങ്ങളുടെ കരാറും പ്രസാധകരുമായുള്ള ഇടപാടുകളും എല്ലാം നടത്തിയിരുന്നത് ഡാഡിയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമായിരുന്നു ആദ്യകാലങ്ങളില്‍ പ്രസിദ്ധീകരിച്ചത്. കോഴിക്കോടുള്ള പൂര്‍ണയും മമ്മിയുടെ പുസ്തകങ്ങള്‍ ചോദിച്ചുവാങ്ങി പ്രസിദ്ധീകരിച്ചു. പുസ്തകങ്ങളുടെ പതിപ്പുകള്‍ കൂടുമ്പോള്‍ സന്തോഷത്തോടെ ഒന്നുചിരിക്കും. അത്രമാത്രം. 'നാര്‍മുടിപ്പുടവ'യുടെ പതിനാറാം പതിപ്പ് ഇറങ്ങിയപ്പോള്‍ ഓതര്‍ കോപ്പികള്‍ ഞാന്‍ മമ്മിയുടെ കൈയില്‍ വെച്ചുകൊടുത്തു. അതില്‍ മമ്മിയുടെ ഫോട്ടോയുണ്ടായിരുന്നു. ഓ പടമൊക്കെയുണ്ടല്ലേ എന്നുചോദിച്ചുകൊണ്ട് പുസ്തകം മറിച്ചുനോക്കി. "എന്റെ നാര്‍മുടിപ്പുടവ പതിനാറാം വയസ്സിലേക്ക് കയറി" എന്ന് പറഞ്ഞു. മാര്‍ച്ചുമാസത്തില്‍ 'ഉണ്ണിമായയുടെ കഥ' എന്നു പേരുള്ള പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ കോപ്പികള്‍ വന്നപ്പോള്‍ ഞാന്‍ മമ്മിയുടെ കൈയില്‍ പിടിപ്പിച്ചു. അതിലേക്ക് നോക്കുക മാത്രം ചെയ്തു. ഒന്നും പറഞ്ഞില്ല.

ഗ്രഹണം എന്ന കൃതിയായിരുന്നു ഇറങ്ങിയപ്പോള്‍ വിവാദമായത്. ഇന്ന് സ്‌കൂള്‍ കുട്ടികളുടെ കയ്യില്‍നിന്നു മയക്കുമരുന്നുകളും ടാബ്ലെറ്റുകളും പിടികൂടുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് 'ഗ്രഹണം' വന്നപ്പോള്‍ എന്തായിരുന്നു പുകിലെന്ന്. അതൊരു യഥാര്‍ഥസംഭവത്തെ ആധാരമാക്കി എഴുതിയതായിരുന്നു. മമ്മിയുടെ ഒരു കസിന്‍ ജര്‍മനിയിലെ ഹിപ്പി കോളനി സന്ദര്‍ശിക്കുകയും അവിടെയുള്ള കാര്യങ്ങള്‍ മമ്മിയോട് പങ്കുവെക്കുകയും ചെയ്തതാണ് നോവല്‍ എഴുതാന്‍ പ്രചോദനം. വലിയൊരു കാന്‍വാസിലാണ് മമ്മി 'ഗ്രഹണം' എഴുതിയത്. മമ്മിയുടെ ജര്‍മന്‍ അധ്യാപികയുടെ അടുത്ത് പോയി വാക്കുകളുടെ അര്‍ഥവും മമ്മിക്ക് വേണ്ടതായ പ്രയോഗങ്ങളും എല്ലാം ചോദിച്ചു മനസ്സിലാക്കി. ജര്‍മനിയിലെ കാലാവസ്ഥയും ടൗണുകളും അങ്ങനെ തുടങ്ങി എല്ലാ ഡീറ്റെയ്ല്‍സും നാരിഴകീറി പരിശോധിച്ചു കൊണ്ടായിരുന്നു എഴുത്ത്. ഇന്നത്തെപ്പോലെ വിരല്‍ത്തുമ്പിലെ അറിവിന്റെ വിശാലലോകമൊന്നും അക്കാലത്തില്ലല്ലോ. ഒരു അറിവ് കിട്ടണമെങ്കില്‍ നാലു പുസ്തകങ്ങളെങ്കിലും വായിക്കണം.

വായനക്കാരുടെ കത്തുകള്‍ വരുന്നതൊക്കെ വലിയ സന്തോഷമായിരുന്നു. എന്നാല്‍ ,എല്ലാ കത്തിനും മറുപടി അയക്കില്ല. ബന്ധുവീടുകളിലും വിവാഹവീടുകളിലും മമ്മി ഒരിക്കലും സെലിബ്രിറ്റി നാട്യങ്ങള്‍ കാണിച്ചിരുന്നില്ല. മമ്മിയെ അറിയവുന്നവര്‍ വന്ന് എന്റെ കഥയെഴുതിത്തരൂ എന്നെല്ലാം പറയും. മമ്മി ചിരിച്ചുകൊണ്ട് തലയാട്ടും.

ദാനധര്‍മത്തിന്റെ കാര്യത്തില്‍ മമ്മി വളരെ ഉദാരമതിയായിരുന്നു. ആരും അറിയാന്‍ പാടില്ലെന്നു മാത്രം. എത്രയോ കുട്ടികളെ സ്വന്തം ചെലവില്‍ പഠിപ്പിച്ച് വളരെ നല്ല നിലയിലെത്തിച്ചു. ഇനി പഠിക്കുന്നില്ല, ജോലിയായി എന്ന് അവര്‍ പറയുന്നതുവരെ മമ്മി പഠിപ്പിച്ചു. പത്രങ്ങളില്‍ ധനസഹായമഭ്യര്‍ഥിക്കുന്ന എല്ലാ സംഘടനകള്‍ക്കും ആളുകള്‍ക്കും അക്കാലത്ത് രണ്ടായിരം രൂപയൊക്കെയാണ് അയച്ചുകൊടുക്കുക. ഇടുക്കിയിലെ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ ആളുടെ മകന്റെ പഠിത്തത്തിനായി കഴിഞ്ഞ മാസം വരെ ആയിരം രൂപ മമ്മിയുടെ അക്കൗണ്ടില്‍നിന്നു പോയിട്ടുണ്ട്. ഇത്തരത്തില്‍ അക്കൗണ്ടില്‍നിന്നു ആര്‍ക്കൊക്കെയോ മാസത്തിലും പൈസ പോയിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. തല്‍ക്കാലത്തേക്ക് അതെല്ലാം നിര്‍ത്തിവെക്കാന്‍ ബാങ്കിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എല്ലാം കൂടി ഏകോപിപ്പിച്ച് മമ്മിയുടെ പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങി അര്‍ഹതയുള്ളവരെ തിരഞ്ഞെടുത്ത് വേണ്ട സഹായങ്ങള്‍ തുടരുക എന്നതാണ് ഞങ്ങളുടെ തീരുമാനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബി2 ക്വാര്‍ട്ടേഴ്സിലായിരുന്നു എന്റെ സ്‌കൂള്‍കാലത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. ആശുപത്രിക്ക് ചുറ്റുപാടും ഹോട്ടലുകള്‍ ഒന്നുമില്ല. ഒരു ബേക്കറിയും ഒരു പോലീസ് സ്റ്റേഷനും ഒരു ചെറിയ കടയും മാത്രമേയുള്ളൂ. മെഡിക്കല്‍ കോളേജിനുപുറത്തുള്ള ഒരു നീണ്ട ഷെഡ്ഡിലാണ് രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ വിശ്രമിക്കുക. മമ്മിക്ക് ആശുപത്രി നല്ല പരിചയമാണ്. അവിടത്തെ രോഗികളുടെ അവസ്ഥയും കൂട്ടിരിപ്പുകാരുടെ തളര്‍ന്നുള്ള ഇരിപ്പും മമ്മിയെ അസ്വസ്ഥയാക്കി. ഒരു വെള്ളിയാഴ്ച ഞങ്ങളുടെ ക്വാട്ടേഴ്സിന്റെ പിറകുവശത്തേക്ക് ഒരുപാട് ആളുകള്‍ പാത്രവുമായി വരുന്നതാണ് കണ്ടത്. ക്യാമ്പസ് മുറ്റത്ത് വലിയൊരു പാത്രത്തില്‍ കഞ്ഞിയും മറ്റൊരു പാത്രത്തില്‍ ഒഴിച്ചുകൂട്ടാനും മമ്മി ഉണ്ടാക്കി വെച്ചിരിക്കുകയാണ്. ആളുകള്‍ക്ക് വേണ്ടത്ര എടുക്കാനായിട്ട് അരികില്‍ തവിയും വെച്ചിട്ടുണ്ട്. അന്ന് ക്യാമ്പസ് നിറയെ മരങ്ങളായിരുന്നു. തണലത്തിരുന്ന് അവര്‍ കഞ്ഞിയും കറിയും വേണ്ടത്ര എടുത്തുകഴിക്കുകയും ആശുപത്രിയിലുള്ള ബന്ധുക്കള്‍ക്ക് കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് അങ്ങോട്ടുള്ള എല്ലാ വെള്ളിയാഴ്ചയും മമ്മി ഒറ്റയ്ക്ക് അവര്‍ക്കു വേണ്ടി കഞ്ഞിയും കറിയും പുഴുക്കും ഉണ്ടാക്കി. ഒമ്പതു വര്‍ഷത്തോളം, ഡാഡി അവിടെനിന്നു ട്രാന്‍സ്ഫറാവുന്നതുവരെ അതു തുടര്‍ന്നു. മമ്മി വലിയ ദൈവവിശ്വാസിയായിരുന്നു. ദുഃഖവെള്ളിയെ സൂചകമാക്കിയായിരിക്കണം ഭക്ഷണം കൊടുക്കുന്നതിനായി വെള്ളിയാഴ്ച തിരഞ്ഞെടുത്തത്. മമ്മിയുടെ ആ മനസ്സ് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആര്‍.സി.സിയുമായി സഹകരിച്ച് സന്നദ്ധസേവനം ചെയ്യാന്‍ എനിക്ക് പ്രചോദകമായത് മമ്മിയുടെ അന്നദാനമായിരുന്നു.

placeholder
സാറാ തോമസ്സും സുഗതകുമാരിയും

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലായിരുന്നു മമ്മിയുടെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നാണ് സുവോളജിയില്‍ ഡിഗ്രിയെടുത്തത്. ഡിഗ്രി കഴിഞ്ഞയുടന്‍ തന്നെ വിവാഹം കഴിഞ്ഞു. എപ്പോഴും പുസ്തകം വായിക്കുക എന്നതായിരുന്നു മമ്മിയുടെ പ്രധാന പരിപാടി. അക്കാലത്ത് ബി.എസ്‌സി.സുവോളജി പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് ജോലി നേടാന്‍ എളുപ്പമായിരുന്നു. അതിലൊന്നും മമ്മിക്ക് താല്‍പര്യമില്ലായിരുന്നു. നന്ദാവനത്ത് കവയിത്രി സുഗതകുമാരിയായിരുന്നു ഉറ്റ സുഹൃത്തും ക്ലാസ്‌മേറ്റും. നന്ദാവനത്ത് ഒരു പോലീസ് ക്യാമ്പിന്റെ അപ്പുറത്തും ഇപ്പുറത്തുമായിരുന്നു ആ രണ്ട് ആത്മസുഹൃത്തുക്കള്‍ താമസിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ചു. രണ്ടുപേരും നിരന്തരം കവിതകളും കഥകളും പരസ്പരം കൈമാറി. വായിച്ച് അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മമ്മി എന്തെഴുതിയാലും ആദ്യം സുഗതാന്റിയെ കാണിക്കും. ആന്റി കവിതകള്‍ അസ്സലായി ചൊല്ലും. അത് കേട്ടിരിക്കാന്‍ മമ്മിക്കും ഇഷ്ടമായിരുന്നു.

ഹൃദയകുമാരി ടീച്ചര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ മമ്മിയുടെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. പ്രൊഫ. സുജാതാദേവി മമ്മിയുടെയും അനിയത്തിയായിരുന്നു. അവിടെയും മൂന്നു സഹോദരിമാര്‍, മമ്മിയുടെ വീട്ടിലും മൂന്നു സഹോദരിമാര്‍. മൂന്നു പേരും സമാന പ്രായമുള്ളവരും സഹപാഠികളും ആയിരുന്നു. സുഗതാന്റിയും മമ്മിയും ഒരു മനസ്സും ഇരുമെയ്യും ആയി കഴിഞ്ഞവരാണ്. സുഗതാന്റി യാത്രയായ വിവരം മരണം വരെ മമ്മിയെ അറിയിച്ചിട്ടില്ല. ആ വിയോഗം താങ്ങാനുള്ള ശേഷി മമ്മിക്കില്ല. കോവിഡ് കാലത്ത് ആളുകള്‍ വീട്ടിലേക്ക് വരാത്തതും സമ്പര്‍ക്കമില്ലാത്തതും വാര്‍ത്ത മൂടിവെക്കാന്‍ സഹായിച്ചു. ആ ദിവസങ്ങളിലെ പത്രങ്ങള്‍ മമ്മിക്കു കൊടുക്കാതെ മാറ്റി വെച്ചു. കോവിഡ് കാലമായതിനാല്‍ പത്രം വന്നില്ല എന്നു പറഞ്ഞത് മമ്മി വിശ്വസിച്ചു.

മൂന്നു വര്‍ഷത്തോളം മമ്മി വീല്‍ചെയറിലായിരുന്നു. എന്റെ സഹോദരി ദീപ തോമസ് ഗോവയില്‍ അധ്യാപികയാണ്. ജനുവരി മുതലാണ് മമ്മിക്ക് തീരെ വയ്യാതായി തുടങ്ങിയത്. ദീപ ഗോവയില്‍നിന്നു കൃത്യമായ ഇടവേളകളില്‍ ലീവെടുത്ത് വന്നുകൊണ്ടേയിരുന്നു. മമ്മിയുടെ സ്ഥിതിയില്‍ ആശങ്കകള്‍ എനിക്കുണ്ടാവുമ്പോള്‍ ഞാന്‍ ദീപയെ അറിയിക്കും. ഉടനെ അവള്‍ മമ്മിയുടെ അടുത്തെത്തും. ഫെബ്രുവരിയില്‍  മൂന്നാഴ്ചക്കാലം അവള്‍ ലീവെടുത്ത് മമ്മിക്കൊപ്പം തന്നെ ഇരുന്നു. മമ്മിയും ഡാഡിയും തന്ന അറിവിലും വെളിച്ചത്തിലുമാണ് ഞങ്ങള്‍ രണ്ടുപെണ്‍മക്കളും ലോകം കണ്ടത്. മമ്മി യാത്രയാവുകയാണെന്നും ജീവിതത്തില്‍ എല്ലാ നന്മകളും ബാക്കിവെച്ചുകൊണ്ട് സുകൃതമായൊരു ജന്മം വിരാമമിടുകയാണെന്നും ഞങ്ങള്‍ക്കറിയാഞ്ഞിട്ടല്ല. മമ്മി പോവാന്‍ സമയമായി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോഴും നിസ്വാര്‍ഥമായ ഒരു തെളിഞ്ഞ മുഖമായി മമ്മിയിങ്ങനെ മനസ്സിലും മുമ്പിലും നിറഞ്ഞുനില്‍ക്കുമായിരുന്നു.

ഞങ്ങളെ സ്നേഹിച്ചയത്രയൊന്നും തിരിച്ചുകൊടുക്കാന്‍ പറ്റിയിട്ടില്ലായിരിക്കും. മമ്മിയെ ശുശ്രൂഷിക്കാന്‍ അവസരം അനുവദിച്ച കാലത്തോട് നന്ദിയുണ്ട്. ആര്‍.സി.സിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരികയായിരുന്ന ഞാന്‍ എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം പൂര്‍ണമായി ഒഴിഞ്ഞ ശേഷം മമ്മിയെ പരിചരിച്ചു. മമ്മിയെ പരിചരിക്കുക എന്നത് വളരെ സന്തോഷം തരുന്ന ഒന്നായിരുന്നു. പ്രായം ചെന്നവരെ പരിപാലിക്കാനും അവരുടെ സ്വഭാവത്തെ തൃപ്തിപ്പെടുത്താനും വലിയ ബുദ്ധിമുട്ടാണ് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പ്രത്യേകിച്ചും എഴുത്തുവായനയുമൊക്കെ ശീലമാക്കിയവര്‍. മമ്മി പക്ഷേ അങ്ങനയല്ലായിരുന്നു. വളരെ പ്രസന്നതയോടെയായിരുന്നു സംസാരിച്ചിരുന്നത്. ഒരു കാര്യത്തിലും പിടിവാശിയോ നിര്‍ബന്ധമോ ഇല്ല. ശാരീരികമായ വയ്യായ്മകളില്‍ അയ്യോ എന്ന് പറഞ്ഞ് വിലപിക്കുകയോ വിഷമിക്കുകയോ ചെയ്തില്ല. കഴിക്കാന്‍ എന്തു കൊടുത്താലും സന്തോഷത്തോടെ, ഇഷ്ടത്തോടെ കഴിക്കും. ചില ദിവസങ്ങളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിത്തരാന്‍ പറയും. ബൈബിള്‍ കേള്‍ക്കുന്നതാണ് ഏറ്റവും ഇഷ്ടം. മമ്മിയുടെ മുറിയില്‍ ഓഡിയോ ബൈബിള്‍ വെച്ചുകൊടുക്കും. തീരെ വയ്യാതായപ്പോഴും വീല്‍ച്ചെയറില്‍ ഇരുന്ന് ദിവസവും ബൈബിള്‍ നാല് അധ്യായങ്ങള്‍ വായിച്ചു പൂര്‍ത്തിയാക്കുമായിരുന്നു. തികഞ്ഞ ദൈവവിശ്വാസിയും പ്രര്‍ഥനാശീലവും ഉള്ളയാളുമായിരുന്നു. മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും കാണാനും കൊഞ്ചിക്കാനും അവരോടൊപ്പം കഴിയാനും മമ്മിക്കു കഴിഞ്ഞു. എല്ലാവര്‍ക്കും നിറയെ സ്‌നേഹം കൊടുത്തു.

placeholder
സാറാ തോമസ് കൂട്ടുകാരികളായ സുഗതകുമാരി,
രാജേശ്വരി,വിജയലക്ഷ്മി, വസ്തല റാണി എന്നിവർക്കൊപ്പം

സാറാ തോമസ്സിന്റെ എല്ലാ കഥകളും സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മമ്മി പോയതിന്റെ ആ ശൂന്യതയില്‍നിന്നും ഇതുവരെ മുക്തമായിട്ടില്ല. അച്ചടിയിലില്ലാത്ത കഥകളും നോവലുകളും ഏതൊക്കെയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. തിരക്കഥകള്‍ പ്രസിദ്ധീകരിക്കണം. ഒരു കാലത്തെ മലയാള സാഹിത്യത്തിലും സിനിമയിലും യാതൊരു ആഘോഷബഹളങ്ങളുമില്ലാതെ, വിജയാഘോഷങ്ങളില്‍ അഭിരമിക്കാതെ എഴുത്തിനെ മാത്രം സത്യമായിക്കണ്ട് ജീവിച്ച സാറാ തോമസ് എന്ന വലിയ എഴുത്തുകാരിയുടെ മകളായി പിറന്നതിലാണ് അഭിമാനം.

എന്റെ അനിയത്തി ദീപ തോമസ് പ്രസവിച്ചു കിടക്കുന്ന സമയത്താണ് മമ്മിയുടെ സര്‍ഗാത്മകസംഘര്‍ഷം ഞാന്‍ നേരില്‍ കണ്ടത്. ആ സമയത്ത് വളരെ പ്രധാനപ്പെട്ട ഒരു എഴുത്തിലായിരുന്നു മമ്മി. ഒരേസമയം മകളെ പരിചരിക്കുകയും അതേസമയം എഴുത്തിന്റെ പ്രസവവേദന അനുഭവിക്കുകയും ചെയ്തു. എഴുത്തിന്റെ മൂര്‍ധന്യത്തില്‍ പേന നിലത്തുവെച്ച് പ്രസവിച്ചുകിടക്കുന്ന മകളെ പരിചരിക്കേണ്ടി വന്ന മമ്മിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്കറിയില്ല. കാരണം അസ്വസ്ഥതയുടെയോ അസഹ്യതയുടെയോ ഒരു ദീര്‍ഘശ്വാസമോ ശബ്ദമോ മരണം വരെ ആ മുഖത്ത് ഞങ്ങള്‍ കണ്ടിട്ടില്ല. വീട് തന്റെ വലിയ ഉത്തരവാദിത്തമായിത്തന്നെ അവര്‍ കണ്ടിരുന്നു. അതുകൊണ്ടുതന്നെ മമ്മി ഒരിക്കലും ഒരു എഴുത്തുകാരിയായി ഞങ്ങള്‍ക്കു തോന്നിയിട്ടില്ല. ഒരു പക്ഷേ, മമ്മിയുടെ എഴുത്തിന്റെ ഗൗരവം ഞങ്ങള്‍ക്ക് കൂടി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മമ്മി എഴുത്ത് നിര്‍ത്തല്‍ പ്രഖ്യാപിച്ച സമയത്ത് ഒരിക്കലും അത് അനുവദിച്ചു കൊടുക്കില്ലായിരുന്നു.

placeholder
സാറാ തോമസ് (ഫയൽഫോട്ടോ)

മമ്മിയുടെ കൈയെഴുത്ത് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു; ഡാഡിക്കല്ലാതെ. ഡാഡിയെക്കൂടാതെ മമ്മിയുടെ കൈയെഴുത്ത് വായിച്ചെടുക്കാൻ കഴിഞ്ഞത് മമ്മിയുടെ ഉറ്റമിത്രമായിരുന്ന വിജയലക്ഷ്മിയാന്‍റിക്കായിരുന്നു. വിജയലക്ഷ്മിയാന്‍റിയുടെ കൈപ്പടയിലാണ് നാർമടിപ്പുടവയടക്കമുള്ള നോവലുകൾ അച്ചടിക്കാനായി പ്രസ്സിലേക്ക് പോയത്. വിജയലക്ഷ്മിയാന്‍റി ഏജീസ് ഓഫീസിൽ തിരക്കുള്ള ഉദ്യോഗസ്ഥയായിരുന്നിട്ടുകൂടി കൂട്ടുകാരിയുടെ എഴുത്ത് ഉറക്കമൊഴിഞ്ഞിരുന്ന് പകർത്തിയെഴുതി. അതൊരു അധിക ഭാരമായി അവർ കണ്ടിരുന്നില്ല. മിക്ക ദിവസങ്ങളിലും ഓഫീസിൽ നിന്നും വരുന്ന വഴി വീട്ടിൽ കയറി പേപ്പറും മമ്മി എഴുതിയ മാറ്ററും കൊണ്ടുപോകും. പകർത്തിയെഴുത്ത് അത്ര സുഖമുള്ള  ഏർപ്പാടല്ലാതിരുന്നിട്ടുകൂടി അവർ അത് ഭംഗിയായി ഏറ്റെടുത്ത് നിർവഹിച്ചു. കെട്ടുറപ്പുള്ള സൗഹൃദങ്ങൾ കൂടി സാറാ തോമസ് എന്ന പേര് സാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ നല്ല പങ്കുവഹിച്ചിട്ടുണ്ട്.  

വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഒട്ടും താല്‍പര്യമുള്ളയാളായിരുന്നില്ല മമ്മി. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പരസ്യമായി ചര്‍ച്ചചെയ്യാനൊന്നും മുതിരുകയില്ല. എല്ലാം നിരീക്ഷിക്കും. എല്ലാ രാഷ്ട്രീയക്കാര്‍ക്കും മമ്മി ആദരണീയയായിരുന്നു. മമ്മി പോയപ്പോള്‍ കക്ഷിഭേദമില്ലാതെ എല്ലാവരും അനുശോചനമറിയിക്കാനായി വന്നു. സര്‍ക്കാര്‍ ഔദ്യോഗികബഹുമതികളോടെ മമ്മിയെ യാത്രയാക്കി.

ജീവിതത്തില്‍ ഇന്നേവരെ ആരോടും ഒന്നിനോടും പരാതി പറഞ്ഞിട്ടില്ല. മമ്മിക്ക് അവാര്‍ഡുകിട്ടാതെ വരുമ്പോഴും പുസ്തകം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വരുമ്പോഴുമെല്ലാം ഡാഡിയായിരുന്നു പരിഭവിച്ചത്. ഞങ്ങളുടെ വീടിന്റെ മുമ്പില്‍ റോഡില്‍ ഒരു മഞ്ഞ വാകയുണ്ട്. അതില്‍ നിറയെ പൂക്കളുണ്ടാവുമ്പോള്‍
മഴ പെയ്യുന്നതുപോലെ പൂക്കള്‍ താഴോട്ടുവീണുകൊണ്ടേിയിരിക്കും. ചിലപ്പോള്‍ ഒറ്റയൊറ്റയായിട്ടാണ് വീഴുക. പൂക്കള്‍ വീഴുന്നത് മമ്മി നോക്കിക്കൊണ്ടേയിരിക്കും. ഒരിക്കല്‍ ഒറ്റയൊറ്റയായി വീഴുന്ന പൂക്കളെ നോക്കിക്കൊണ്ട് മമ്മി പറഞ്ഞു: ഇതുപോലെയായിരിക്കും ഞാന്‍ പോവുക. ഒരു രാത്രിയില്‍ ഒരൊറ്റ പൂ വീഴുന്നപോലെ... അതുപോലെ തന്നെയാണ് സംഭവിച്ചത്. മാര്‍ച്ച് മുപ്പത്തിയൊന്നിന് ഒരു പൂ കൊഴിയുന്ന പോലെ മമ്മി പോയി.