
സാറാ അബൂബക്കര്‍. മലയാളത്തിന്റെ മകളായി ജനിച്ച് പതിനാറാം വയസ്സില്‍ കര്‍ണാടകയുടെ മരുമകളായി കയറിച്ചെന്ന് കന്നഡ സാഹിത്യത്തിലും സാംസ്‌കാരിക മേഖലയിലും ഉറച്ച ശബ്ദമായി മാറിയ കാസര്‍കോട്ടുകാരി. നാല്‍പതുകളിലെ മുസ്ലിം യാഥാസ്ഥിതിക സമൂഹം വിദ്യാഭ്യാസത്തോട് കാണിച്ച വിമുഖത കാരണം ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പത്താം ക്ലാസിനപ്പുറം പഠിക്കാന്‍ വിലക്കപ്പെട്ട സാറാ അബൂബക്കര്‍. സമൂഹം കല്‍പിച്ചുതന്ന 'യോഗ'ത്തെ അക്ഷരങ്ങള്‍ കൊണ്ട് തോല്‍പിച്ച സാറാ അബൂബക്കര്‍ എണ്‍പത്തിയാറാമത്തെ വയസ്സില്‍ വിട പറയുമ്പോള്‍ കന്നഡ സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ മാനിച്ചുകൊണ്ട് വിവിധ സര്‍വകലാശാലകളുടെ മൂന്ന് ഓണററി ഡോക്ടറേറ്റുകള്‍ നേടിക്കഴിഞ്ഞിരുന്നു. ജീവിതത്തിലും സമൂഹത്തിലും നീതിക്കായി കലഹിച്ച ഉമ്മയെ ഓര്‍ക്കുകയാണ് മക്കളായ അബ്ദുള്ള മൊഹിദീന്‍, മുഹമ്മദ് നാസര്‍, ഷംസുദ്ദീന്‍ എന്നിവര്‍.
"ഞങ്ങളുടെ ഉമ്മ സാറാ അബൂബക്കര്‍ (1936-2023) ജനിച്ചതും വളര്‍ന്നതും കാസര്‍കോടാണെങ്കിലും കര്‍മമണ്ഡലമായി തിരഞ്ഞെടുത്തത് കന്നഡ സാഹിത്യമായിരുന്നു. ഉമ്മയുടെ ഉപ്പ പുതിയപുരി അഹമ്മദ് അഭിഭാഷകനായിരുന്നു. ആറ് മക്കളില്‍ ഏക പെണ്‍കുട്ടി. ഒറ്റപ്പെണ്‍കുട്ടിക്ക് കിട്ടാവുന്ന എല്ലാ ലാളനയും പരിഗണനയും സ്‌നേഹവും ആവോളം ലഭിച്ചിട്ടുണ്ടന്ന് ഉമ്മ എപ്പോഴും അഭിമാനത്തോടെ പറഞ്ഞുനടന്നു. ഉമ്മയുടെ പിതാവ് പുരോഗമന ചിന്താഗതിയുള്ള ആളായിരുന്നതിനാല്‍ മക്കള്‍ക്കെല്ലാം മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി പ്രയത്‌നിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1940-കളിലെ യാഥാസ്ഥിതിക മുസ്ലിം സമുദായത്തില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നത് എത്രകണ്ട് പ്രായോഗികമായിരിക്കും എന്നൂഹിക്കാമല്ലോ. അക്കാലത്തെ 'ഉന്നതമായ' പത്താം ക്ലാസ് വിദ്യാഭ്യാസം നേടിയ മുസ്ലിം പെണ്‍കുട്ടി കൂടിയായിരുന്നു ഉമ്മ.
ഉമ്മയുടെ ഉപ്പൂപ്പയുടെ ഗ്രാമമായ ചെംനാടിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് മികച്ച വിദ്യാഭ്യാസം നേടാനായി ഉമ്മയെയും സഹോദരങ്ങളെയും കാസര്‍കോട് ടൗണിലെ സ്‌കൂളില്‍ ചേര്‍ത്തു. അവിടം മുതല്‍ കന്നഡ മീഡിയത്തിലായിരുന്നു പഠിച്ചത്. വളരെ ചെറുപ്പം മുതലേ പുസ്തകങ്ങളോടായിരുന്നു സ്‌നേഹം എന്ന് അമ്മാവന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ മകളെ ഉന്നതപഠനത്തിനായി അയക്കണമെന്ന് ഉപ്പുപ്പയ്ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പ്രായമുള്ള ബന്ധുക്കളും വീട്ടുകാരും മകളെ വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു ഉപ്പുപ്പയോട് നിര്‍ദ്ദേശിച്ചത്. ഉപ്പുപ്പ അത് ചെവിക്കൊണ്ടില്ലെങ്കിലും ഭൗതിക സാഹചര്യം പ്രതികൂലമായി. ഉന്നതവിദ്യാഭ്യാസത്തിനായി മംഗളുരുവില്‍ മാത്രമേ കോളേജ് ഉണ്ടായിരുന്നുള്ളൂ. കാസര്‍കോട് കോളേജുകള്‍ സ്ഥാപിതമായിട്ടില്ല. ഉമ്മയുടെ പഠനത്തിന് തടസ്സമായി നിന്നത് വാഹനസൗകര്യത്തിന്റെ കുറവും ദൂരവുമായിരുന്നു. ഏക മകള്‍ ദിവസവും ട്രെയിനില്‍ കോളേജില്‍ പോയി വരിക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായി തോന്നി.
ഉമ്മയുടെ മൂത്ത സഹോദരന്‍ അബ്ദുള്ളയായിരുന്നു ഉമ്മയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍. മികച്ച ടെന്നിസ് കളിക്കാരനും കായികാഭ്യാസിയുമായിരുന്നു അദ്ദേഹം. ഉമ്മയുടെ വീട്ടിലെ ഷോകേസ് അദ്ദേഹത്തിനു കിട്ടിയ കപ്പുകളും ഉപഹാരങ്ങളും കൊണ്ട് നിറഞ്ഞുകവിഞ്ഞ ഒരു കാലമുണ്ടായിരുന്നു. അദ്ദേഹമാണ് പത്താം ക്ലാസ് മാര്‍ക്ക്‌ലിസ്റ്റ് ഉമ്മയ്ക്ക് കൊണ്ടുക്കൊടുക്കുന്നത്. ഫസ്റ്റ് ക്ലാസ് രേഖപ്പെടുത്തിയ മാർക്ക് ഷീറ്റ് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അമ്മാവന്‍ ഉമ്മയോട് ചോദിച്ചു: 'നീയെന്തിനാണ് ഇത്രയധികം മാര്‍ക്ക് വാരിക്കൂട്ടിയത്?' അതു പറയുമ്പോൾ അദ്ദേഹത്തിൻെറ കണ്‍കോണുകളിൽ നിന്നും അരിച്ചിറങ്ങിയ കണ്ണീരിലേക്കായിരുന്നു ഉമ്മയുടെ നോട്ടം മുഴുവൻ. ഉമ്മയ്ക്ക് കോളേജില്‍ പോകാന്‍ അനുവാദമില്ലെന്ന യാഥാര്‍ഥ്യം രണ്ടുപേര്‍ക്കും അറിയാമായിരുന്നു.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു. സഹോദരന്റെ ആകസ്മിക മരണം ഉമ്മയിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. ആ വിയോഗത്തില്‍നിന്നു കുടുംബം കരകയറുന്നതിനുമുമ്പേതന്നെ ഉമ്മയുടെ അടുത്ത സഹോദരനായ ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിം 1965 -ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ രാഷ്ട്രത്തിനുവേണ്ടി രക്ഷസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിനപ്പോള്‍ ഇരുപത്തിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. യുദ്ധം നയിച്ചത് അദ്ദേഹമായിരുന്നു. ആ രണ്ട് സഹോദരന്മാരെക്കുറിച്ച് പറഞ്ഞുകൊണ്ട് എപ്പോഴും ഉമ്മ കരഞ്ഞു.
മുഹമ്മദ് ഹാഷിം വളരെ രസികനായ ഒരു വ്യക്തിത്വമായിരുന്നു. ആള്‍ക്കൂട്ടത്തെ തന്റെ തമാശകള്‍ കേള്‍പ്പിച്ച് ചിരിപ്പിക്കുകയെന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു. 'ആയിരത്തില്‍ ഒരുത്തിയമ്മ നീ...'എന്നുപാടിക്കൊണ്ട് ഉമ്മയുടെ പിറകേ നടന്ന് കളിയാക്കുന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. ഉപ്പുപ്പയുടെ മാത്രമല്ല, അദ്ദേഹത്തിന്റെ ഉപ്പയുടെയും കുടുംബത്തിലെ ഏക പെണ്‍കുട്ടിയായിരുന്നു ഉമ്മ. 'ആയിരത്തില്‍ ഒരുത്തിയമ്മ നീ... ഉലകം അറിന്തിടാത്ത പിറവിയമ്മ നീ...' എന്ന പാട്ട് എവിടെ കേള്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖമാണ് ഉമ്മയേക്കാള്‍ ഓര്‍മവരിക. അദ്ദേഹത്തിന്റെ മരണശേഷം ഉമ്മ ആ പാട്ടുകേട്ടിരുന്നോ? അറിയില്ല. അവര്‍ രണ്ടു പേരും ജീവിച്ചിരുന്നെങ്കില്‍ തന്റെ മക്കള്‍ക്ക് ജീവിതത്തെപ്പറ്റി കൂടുതല്‍ വീക്ഷണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് അവരെക്കുറിച്ചോര്‍ക്കുന്ന അസരങ്ങളിലെല്ലാം ഉമ്മ പറഞ്ഞുകൊണ്ടേിയിരുന്നു.
മറ്റൊരു സഹോദരനായ ഡോ. ഷംസുദ്ദീന്‍ ലോകപ്രശസ്ത ശസ്ത്രക്രിയ വിദഗ്ദ്ധനായിരുന്നു. ബ്രിട്ടീഷ് നടന്‍ മാര്‍ട്ടിന്‍ ഗ്രീനിന്റെ കാല്‍ ന്യൂയോര്‍ക്കില്‍വച്ച് ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഒരു പോലീസുകാരന്റെ പേനാക്കത്തിയുടെ മാത്രം സഹായത്തോടെ കാല്‍ മുറിച്ചുമാറ്റി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് 1959-ലെ പത്രവാര്‍ത്തകളിലെ ഹെഡ്‌ലൈനായിരുന്നു. ഇംഗ്ലണ്ടില്‍നിന്നു പിന്നീട് എഫ്ആര്‍സിഎസ് നേടിയശേഷം മെഡിക്കല്‍ രംഗത്ത് അദ്ദേഹം കൂടുതല്‍ ശോഭിച്ചു.
ഉപ്പുപ്പ കാസര്‍കോട്ടെ പ്രശസ്തനായ അഭിഭാഷകന്‍ മാത്രമല്ല, വളരെ ബുദ്ധിമാനും ജ്ഞാനിയുമായിരുന്നു. ലോകത്തെ എല്ലാ മുക്കിലും മൂലയില്‍നിന്നും ഇംഗ്ലീഷ് മാഗസിനുകള്‍ അദ്ദേഹത്തിന്റെ വിലാസത്തില്‍ തപാലില്‍ വന്നു. ദ ഹിന്ദു പത്രവും ടൈംസ് ഓഫ് ഇന്ത്യയും ഒരു ദിവസം പോലും മുടങ്ങാതെ വായിച്ചു. ഞങ്ങളില്‍ മൂത്തയാളായ അബ്ദുള്ള മൊഹിദീന്‍ പത്താം ക്ലാസുവരെ ഉപ്പുപ്പയുടെ വീട്ടില്‍ നിന്നായിരുന്നു പഠിച്ചത്. അത്രയധികം വിവരവും വിദ്യാഭ്യാസവും ദീര്‍ഘവീക്ഷണവുമുള്ള ഒരു കുടുംബമായിരുന്നു ഉമ്മയുടേത് എന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. കച്ചവടത്തിന്റെയും ധനസമ്പാദനത്തിന്റെയും എളുപ്പമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാതെ ശാസ്ത്രത്തിന്റെയും സങ്കേതികവിദ്യയുടെയും നൂതനസങ്കേതങ്ങളെ എന്നും ജിജ്ഞാസയോട നിരീക്ഷിച്ചിരുന്നു ഉമ്മയുടെ കുടുംബം.

ഉമ്മയുടെ അമ്മാവന്മാരുടെ പെണ്‍മക്കളൊന്നും അക്കാലത്ത് ആറാം ക്ലാസിനപ്പുറം സ്‌കൂള്‍ കാണാത്തതും ഉമ്മയുടെ തുടര്‍പഠനത്തിന് ഭീഷണിയായിരുന്നു. ഉമ്മയെ പത്താം ക്ലാസ് വരെയെത്തിക്കാന്‍തന്നെ ഉപ്പൂപ്പ നിരവധി ചോദ്യങ്ങളെ നേരിട്ടിരുന്നു. അദ്ദേഹത്തിന് വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു. അതെല്ലാം മകള്‍ ഇരുന്ന് വായിക്കും. മകളുടെ തുടര്‍പഠനത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിദ്യാസമ്പന്നനായ ഒരു എന്‍ജിനീയറെത്തന്നെ വരനായി അദ്ദേഹം മകള്‍ക്കായി കണ്ടെത്തി. ഞങ്ങളുടെ അബ്ബ- അബൂബക്കര്‍ എന്‍ജിനീയറായിരുന്നു. മംഗളുരു ബ്യാരി ഭാഷ സംസാരിക്കുന്ന മുസ്ലിം സമുദായത്തിലായിരുന്നു അബ്ബ ജനിച്ചത്. ഉമ്മയുടെ ചിന്തയിലോ വായനയിലോ പ്രവര്‍ത്തനങ്ങളിലോ വ്യത്യസ്ത അഭിപ്രായം അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ ഒരു മുസ്ലിം വനിത നടപ്പുവേഷങ്ങളില്‍ കാണിച്ചിരിക്കേണ്ട മര്യാദകളെക്കുറിച്ച് ഉമ്മ ആകുലപ്പെട്ടിരുന്നില്ല.
നാല് ആണ്‍കുട്ടികളുടെ മാതാവായ സാറാ അബൂബക്കര്‍ തന്റെ ഇഷ്ടമേഖലയായ സാഹിത്യത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത് നാല്‍പത്തിയഞ്ചാമത്തെ വയസ്സിലാണ്. 'ചന്ദ്രഗിരിയ തീരദള്ളി' എന്ന നോവലിലൂടെ ഉമ്മ കന്നഡ സാഹിത്യത്തില്‍ ഇരിപ്പുറപ്പിച്ചു. കന്നഡയില്‍ എഴുതുമ്പോഴും കേരള-കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന കാസര്‍കോട് മുസ്ലിം കുടുബങ്ങളെയായിരുന്നു പശ്ചാത്തലമാക്കിയിരുന്നത്. മുസ്ലിം സ്ത്രീകള്‍ കുടുംബത്തിലും സമൂഹത്തിലും അനുഭവിച്ചുവരുന്ന അസമത്വവും അനീതിയും ഉമ്മയെ പലപ്പോഴും പ്രകോപ്പിച്ചു. കുടുംബങ്ങളിലെ പുരുഷാധിപത്യ വ്യവസ്ഥകളെ അംഗീകരിക്കാനോ അനുസരിക്കാനോ തയ്യാറായിരുന്നില്ല. വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ സങ്കീര്‍ണതകളില്ലാതെ ലളിതമായി എഴുതി. ഉമ്മയുടെ അക്ഷരങ്ങള്‍ നീതിക്കായി കലഹിച്ചു. ശൈലിയെക്കാളും വാക്കുകളുടെ തിരഞ്ഞെടുപ്പിനെക്കാളും അലങ്കാരങ്ങളെക്കാളും എഴുത്തുലോകത്തെ അംഗീകാരങ്ങളെക്കാളും സ്വന്തം സമൂഹത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ഉമ്മയെ നിരന്തരം എഴുതാന്‍ പ്രേരിപ്പിച്ചത്. എഴുത്ത് ജീവിതയാഥാര്‍ഥ്യങ്ങളുടെ ഒരു പ്രതിഫലനമാണെന്ന് ഉമ്മ വിശ്വസിച്ചു. ഭര്‍തൃബലാത്സംഗവും വര്‍ഗീയതയും മതദ്വേഷവും അതിജീവനവും ഉമ്മയുടെ പ്രമേയങ്ങളായി.
കന്നഡ പ്രസിദ്ധീകരണമായ ലങ്കേഷ് പത്രികയാണ് സാറാ അബൂബക്കര്‍ എന്ന എഴുത്തുകാരി വളര്‍ന്നുവന്ന കളരി. ആദ്യനോവലായ 'ചന്ദ്രഗിരിയ തീരദള്ളി' ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചത് ലങ്കേഷ് പത്രികയാണ്. ലങ്കേഷ് പത്രികയുടെ എഡിറ്റര്‍ പി. ലങ്കേഷ് ഉമ്മയ്ക്ക് ആത്മവിശ്വാസം നല്‍കി. ലങ്കേഷ് പത്രികയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ഉമ്മ എഴുത്ത് തന്റെ പ്രതിരോധമാര്‍ഗമായി ഉപയോഗിച്ചുതുടങ്ങി. സമുദായങ്ങള്‍ പുലര്‍ത്തേണ്ടതായ സൗഹാര്‍ദത്തിന്റെ പ്രസക്തിയെക്കുറിച്ച് ലങ്കേഷ് പത്രികയില്‍ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ് സാറാ അബൂബക്കര്‍ എന്ന എഴുത്തുകാരി പിറക്കുന്നത്. പിന്നീടാണ് കഥകളിലേക്കും നോവലുകളിലേക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
'ചന്ദ്രഗിരിയ തീരദള്ളി' ഇംഗ്ലീഷിലേക്കും മറാത്തിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ സാറാ അബൂബക്കര്‍ എന്ന ശബ്ദം സാഹിത്യത്തിലും സാംസ്‌കാരിക മേഖലകളിലും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. മലയാളിയായ ഉമ്മ മലയാളത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്തുവെങ്കിലും എഴുതാന്‍ ശ്രമിച്ചില്ല. പകരം പി.കെ. ബാലകൃഷ്ണനെയും തകഴിയെയും ബി.എം. സുഹറയെയും ഈച്ചരവാര്യരെരും മാധവിക്കുട്ടിയെയും കന്നഡത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാള സാഹിത്യത്തില്‍ സംഭവിക്കുന്ന നേരിയ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു. അവയെ കന്നഡത്തിന് പരിചയപ്പെടുത്തി.
ലങ്കേഷിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകള്‍ ഗൗരി ലങ്കേഷ് പത്രിക ഏറ്റെടുത്തപ്പോഴും ഉമ്മ പത്രികയുമായുള്ള ബന്ധം തുടര്‍ന്നു. ഗൗരി ലങ്കേഷ് വെടിയേറ്റു കൊല്ലപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ ഉമ്മ വാവിട്ടു കരഞ്ഞു. ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ഉമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. ഗൗരിയുടെ കൊലപാതകം ഉമ്മയെ വല്ലാതെ അലട്ടി. പ്രതിഷേധങ്ങള്‍ എഴുത്തായും പ്രസംഗമായും അവര്‍ പ്രകടിപ്പിച്ചു.
അനീതി എവിടെയായാലും ഉമ്മ അനുവദിച്ചു തരില്ലായിരുന്നു. മലയാളത്തില്‍ ദേശീയ അവാര്‍ഡ് നേടിയ 'ബ്യാരി' എന്ന സിനിമയുടെ കഥ തന്റെ നോവലിന്റെ മോഷണമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കോടതിയില്‍ കേസുകൊടുത്ത് അനുകൂല വിധി നേടി. നിര്‍മാതാക്കള്‍ എഴുത്തുകാരിയുടെ അനുവാദമില്ലാതെയാണ് സിനിമ നിര്‍മിച്ചതെന്ന് കോടതി നിരീക്ഷിച്ചു. കന്നഡ സിനിമാമേഖലയില്‍ ഉമ്മയുടെ കൃതികള്‍ക്ക് നല്ല വായനക്കാരുണ്ടായിരുന്നു. വ്രജഗലു എന്ന നോവല്‍ ദേവേന്ദ്ര റെഡ്ഡിയുടെ നിര്‍മാണത്തില്‍ സാരവജ്ര എന്ന പേരില്‍ സിനിമയായി. ഉമ്മയുടെ കഥകള്‍ക്ക് സിനിമാഭാഷ്യം വന്നു. പുസ്തകം എഴുതുക മാത്രമല്ല, പ്രസാധനരംഗത്തും ഉമ്മ തിളങ്ങി. 'ചന്ദ്രഗിരി പ്രകാശന്‍' എന്ന പേരില്‍ സ്വന്തമായൊരു പ്രസാധക സംരംഭം തുടങ്ങുകയും സ്വന്തം നോവലുകളെല്ലാം അതിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഉമ്മയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. ഉമ്മ വളരെ തന്റേടിയും ദൃഢചിത്തയുമായ സ്ത്രീയായിരുന്നു. മക്കള്‍ തെറ്റായ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നയാള്‍. അബ്ബ മംഗളുരു ഹാര്‍ബര്‍ പ്രൊജക്ടിന്റെ ഉത്തരവാദിത്തത്തില്‍ ഇരിക്കുമ്പോള്‍ ഹാര്‍ബര്‍ പ്രൊജക്ട് നടക്കുന്ന കോളനിയിലെ മഹിളാസഭയില്‍ ഉമ്മ സജീവമായി പ്രവര്‍ത്തിച്ചു. ഒരു പെണ്ണ് എന്ന നിലയില്‍ താന്‍ നേരിട്ട പരാജയങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് പകരം ചോദിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും തന്നെ ഉമ്മ പാഴാക്കിയില്ല. ഉമ്മയെ ഓര്‍ക്കുമ്പോഴെല്ലാം മനസ്സില്‍ ആദ്യം വരിക വൃത്തിയായി സാരിയുടുത്ത, പ്രസാദമുള്ള, എന്നാല്‍ ഉറച്ചതീരുമാനങ്ങള്‍ വിളിച്ചുപറയുന്ന മുഖത്തോടുകൂടിയുള്ള ആ ഇരിപ്പാണ്. ഞങ്ങള്‍ കാണുന്ന കാലം തൊട്ട് കാതില്‍ രണ്ട് സ്വര്‍ണറിങ്ങുകള്‍ ഞാന്നുകിടന്നു; അവസാനം വരെ.
അബ്ബയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെതായ നിഷ്‌കര്‍ഷകളും ചിട്ടകളുമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന എസ്‌കിക്യുട്ടീവ് എന്‍ജിനീയര്‍ എന്ന നിലയില്‍ അദ്ദേഹം മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് നിരന്തരം സ്ഥലംമാറ്റം കിട്ടിക്കൊണ്ടേയിരുന്ന എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍! അവിടേക്കെല്ലാം ഞങ്ങളെയും തൂക്കിയെടുത്ത് ഉമ്മയും വീട്ടുസാമഗ്രികളും അബ്ബയെ അകമ്പടി സേവിച്ചു. അക്കാലത്തെല്ലാം വീടെന്ന സാമൂഹികസ്ഥാപനത്തിലെ ദുരിതപൂര്‍ണമായ വീട്ടമ്മ എന്ന തസ്തികയിലൂടെയായിരുന്നു ഉമ്മ കടന്നുപോയതെന്ന് ഇന്ന് തിരിച്ചറിയുന്നു. മക്കളുടെ ഏറ്റവും അടുത്ത ആശ്രയവും ഉമ്മ തന്നെയായിരുന്നു. എല്ലാറ്റിനും ഉമ്മയായിരുന്നു കൂടെയുണ്ടായിരുന്നത്. ഉമ്മയ്ക്ക് വീട്ടുകാര്യങ്ങളും ഞങ്ങളുടെ വിദ്യാഭ്യാസവും മാനേജ് ചെയ്യാനുള്ള ഭൗതിക -സാമ്പത്തിക സൗകര്യങ്ങളില്‍ അബ്ബ ശ്രദ്ധിച്ചു. ഉമ്മയുടെ എഴുത്തും വായനയും പ്രസംഗവും മഹിളാസഭാ പ്രവര്‍ത്തനങ്ങളുമെല്ലാം അബ്ബ ദൂരെനിന്നും നോക്കിക്കാണുകയും ആസ്വദിക്കുകയും ചെയ്തു.

മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം
ഞങ്ങള്‍ നാലു പേരെയും വളര്‍ത്തി വലുതാക്കാന്‍ ഉമ്മ നന്നേ പാടുപെട്ടിട്ടുണ്ട്. പലതരം ബുദ്ധിമുട്ടുകള്‍ സഹിച്ചു. പക്ഷേ, അതിലൊന്നും നിസ്സഹായത പ്രകടിപ്പിച്ചില്ല. ജീവിതത്തില്‍ ഉമ്മയ്ക്ക് എന്തെങ്കിലും കാര്യത്തില്‍ പശ്ചാത്താപം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയാത്തതില്‍ മാത്രമാണ്. സഹോദരന്മാര്‍ അഞ്ചു പേരും നല്ല നിലയില്‍ പഠിച്ചുയര്‍ന്നപ്പോള്‍ സമൂഹത്തിന്റെ സമ്മര്‍ദം കാരണം പഠിപ്പുനിര്‍ത്തേണ്ടി വന്ന മിടുക്കിയായ ഒരു പെണ്‍കുട്ടി എക്കാലവും ഉമ്മയുടെ നെഞ്ചിനകത്ത് കിടന്ന് വിങ്ങി. ഉന്നത വിദ്യാഭ്യാസം അതിയായി ആഗ്രഹിക്കുകയും ലഭിക്കാതെ പോവുകയും ചെയ്ത പെണ്‍കുട്ടിക്ക് കാലം കാത്തുവെച്ചതായിരുന്നു കര്‍ണാടകയിലെ യൂണിവേഴ്‌സിറ്റികള്‍ നല്‍കിയ ഓണററി ഡോക്ടറേറ്റുകള്‍. അക്കാദമിക ലോകം സാറാ അബൂബക്കറിന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെ ആദരിച്ചുകൊണ്ട് ഡോ. സാറാ അബൂബക്കര്‍ എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തു. ഡോക്ടറേറ്റു നല്‍കുന്ന വേളയില്‍ ഞങ്ങള്‍ ഉമ്മയെ അനുഗമിച്ചു. ഡോ. സാറാ അബൂബക്കറെ കുറേ നേരം നോക്കിയിരുന്നു.
മുസ്ലിം സമുദായത്തിലെ സ്ത്രീശാക്തീകരണം മാത്രമായിരുന്നു ഉമ്മയുടെ ആദ്യലക്ഷ്യമെങ്കില്‍ പിന്നീട് എല്ലാ സമുദായത്തിലെയും സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തനം തുടങ്ങി. സ്ത്രീകള്‍ക്ക് പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ വേണമെന്ന് ഉമ്മ നിരന്തരം പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും മാത്രമേ സ്ത്രീകള്‍ ഉന്നതങ്ങളില്‍ എത്തുകയുള്ളൂ എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
മുസ്ലിം മതമൗലികവാദചിന്തകള്‍ക്കെതിരായിരുന്നു ഉമ്മ. ആ എതിര്‍പ്പ് തനിക്ക് സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളിലൂടെയും ഉമ്മ പ്രകടിപ്പിച്ചു. കഥകളും നോവലുകളും ലേഖനങ്ങളും പ്രസംഗങ്ങളും അഭിമുഖങ്ങളുമെല്ലാം മതത്തിലെ പുകഞ്ഞ കൊള്ളിയായ സാറാ അബൂബക്കര്‍ നന്നായി വിനിയോഗിച്ചു. സാറാ അബൂബക്കറിന്റെ വീക്ഷണങ്ങള്‍ മതസഹിഷ്ണുക്കള്‍ക്ക് വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഉമ്മ നിരന്തരം എതിര്‍പ്പുകള്‍ നേരിട്ടു. പക്ഷേ ഉമ്മയെ തളര്‍ത്താന്‍ ഒരു എതിര്‍പ്പുകള്‍ക്കും കഴിഞ്ഞിരുന്നില്ല. അത്രയും ബോള്‍ഡായിരുന്നു അവര്‍. ഓരോ എതിര്‍പ്പിനെയും അവര്‍ എഴുതിത്തോല്‍പ്പിച്ചു.
ഉമ്മയുടെ കാഴ്ചപ്പാടുകള്‍ എതിര്‍ക്കുന്നവരെപ്പോലെത്തന്നെ അനുകൂലിക്കുന്നവരുമുണ്ടായിരുന്നു. അവരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഉമ്മയ്ക്കുകഴിഞ്ഞു. തന്റെ ചിന്തകളും ദര്‍ശനങ്ങളും അവരുമായി ഉമ്മ പങ്കുവെച്ചു. നിര്‍ഭാഗ്യവശാല്‍ ഉമ്മയെപ്പോലെ എഴുതാനോ മതയാഥാസ്ഥിതികതയെ എതിര്‍ക്കാനോ ഉള്ള അഭിനിവേശം ഉമ്മയുടെ നാലു മക്കള്‍ക്കും ഇല്ലാതെപോയി. ഉമ്മയുടെ ആശയങ്ങള്‍ പങ്കുവെക്കുന്ന വേദികളില്‍ പോകുന്നതിനു പകരം ഞങ്ങള്‍ അക്കാലത്ത് ശ്രദ്ധ കൊടുത്തിരുന്നത് സ്‌പോര്‍ട്‌സിലും ഗെയിംസിലുമായിരുന്നു. വല്ലപ്പോഴും ഉമ്മ മുഖ്യാതിഥിയായ വേദികളില്‍ കൂട്ടിനുപോയി. വീട്ടിലെ എല്ലാ ബഹളങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും ഇടയില്‍ എഴുത്തും സാമൂഹികപ്രവര്‍ത്തനങ്ങളും നാല് ആണ്‍മക്കളുടെ ഭാരവും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഉമ്മയുടെ പുസ്തകങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
മക്കളുടെ ഭാര്യമാരോടെല്ലാം വളരെയധികം സ്‌നേഹമായിരുന്നു. അവരുടെ കഴിവിനും വിദ്യാഭ്യാസത്തിനുമനുസരിച്ചുള്ള ജോലികള്‍ കണ്ടെത്താന്‍ നിരന്തരം പ്രോത്സാഹിപ്പിച്ചു. പെണ്‍മക്കള്‍ വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഉമ്മയ്ക്ക് നാലു പെണ്‍മക്കളെ ഒന്നിച്ചു ലഭിച്ച സന്തോഷമായിരുന്നു മക്കളുടെ ഭാര്യമാരിലൂടെ ലഭിച്ചത്. സാറാ അബൂബക്കര്‍ തങ്ങളുടെ ഭര്‍തൃമാതാവ് മാത്രമല്ല, സാഹിത്യമായും സാംസ്‌കാരികമായും ഉയര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വമാണെന്ന ബോധ്യത്തോടെയാണ് മക്കളുടെ ഭാര്യമാര്‍ ഉമ്മയോട് ഇടപഴകിയത്.
ഓര്‍മവെച്ച നാള്‍ മുതല്‍ ഉമ്മ നല്‍കിയ ഏറ്റവും മഹത്തായ ഉപദേശം ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരാളെയും ആശ്രയിച്ചു കഴിയരുത് എന്നതായിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന മന്ത്രമായിരുന്നു ഉമ്മയുടെ ഓരോ ശിക്ഷണവും. പഠനത്തെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതിന്റെ വേദന എക്കാലവും ആ മനസ്സില്‍ ഉണ്ടായിരുന്നു. മക്കള്‍ പഠിച്ച് നല്ല നിലയില്‍ എത്തിയിരിക്കണം എന്ന് നിര്‍ബന്ധിക്കുകയല്ല, നിബന്ധന വെക്കുകയാണ് ചെയ്തത്. കുട്ടിക്കാലത്ത് ഞങ്ങള്‍ പഠിക്കാന്‍ ഉഴപ്പു കാണിക്കുമ്പോള്‍ ഉമ്മ ക്രോധത്തോടെ പെരുമാറി. പഠിക്കണം പഠിക്കണം എന്നുമാത്രമേ എപ്പോള്‍ കണ്ടാലും പറഞ്ഞിരുന്നുള്ളൂ. മൂത്തമകന്‍ അബ്ദുള്ള മൊഹിദീന്‍ അമേരിക്കയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി രണ്ടാമത്തെയാള്‍ മുഹമ്മദ് നാസര്‍ ഫിഷറീസ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദമെടുത്തു മൂന്നാമത്തെ മകന്‍ അബ്ദുള്‍ റഹീം അഹമദ് പത്താംക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം ബിസിനസ് ആണ് തിരഞ്ഞെടുത്തത്. നാലാമനായ ഷംസുദ്ദീന്‍ കര്‍ണാടക സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ ശേഷം ഗവണ്‍മെന്റ് സര്‍വീസില്‍ എന്‍ജിനീയറായി.
കര്‍ണാടകയുടെ ഭരണകേന്ദ്രങ്ങളില്‍ ഉമ്മയ്ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. ഭരണകക്ഷി ആരായാലും ശരി, അവര്‍ക്കെതിരെ പ്രസംഗിച്ചാലും ശരി, ഉമ്മയ്ക്ക് അര്‍ഹിക്കുന്ന ബഹുമാനം കര്‍ണാടകയിലെ രാഷ്ട്രീയ പാർട്ടികള്‍ നല്‍കിയിരുന്നു. പലപ്പോഴും ആർക്കെങ്കിലും സ്ഥലമാറ്റ ഉത്തരവ് വരുമ്പോള്‍ ആദ്യം വിളിക്കുക ഉമ്മയെയാണ്. ഉമ്മയോട് കാര്യം പറഞ്ഞ് അരമണിക്കൂറിനുള്ളില്‍ സ്ഥലമാറ്റം റദ്ദുചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ കയ്യിലെത്തിയിരിക്കും. ഒരു കക്ഷിരാഷ്ട്രീയത്തിലും പങ്കാളിയല്ലാത്ത ഉമ്മയുടെ രാഷ്ട്രീയ സ്വാധീനം ഞങ്ങളെ അത്ഭുതപ്പെടുത്തി.
കഥയിലും കവിതയിലും കണ്ടുപരിചയിച്ച അലിവാര്‍ന്ന മാതൃത്വത്തിന്റെ മകുടോദാഹരണമൊന്നുമായിരുന്നില്ല ഉമ്മ. കുട്ടിക്കാലത്ത് ഞങ്ങള്‍ 'ടെറര്‍ മമ്മി' എന്ന് വിളിച്ച് കളിയാക്കി. കാര്യങ്ങള്‍ നടക്കാന്‍ ഉമ്മയ്ക്ക് സമാധാനത്തിന്റെയോ സംയമനത്തിന്റെയോ രീതിയൊന്നുമില്ലായിരുന്നു. എല്ലാം ഇമീഡിയറ്റ് ആക്ഷനാണ്.

പുരസ്‌കാരം നല്‍കി ആദരിക്കുന്നു
സമത്വത്തിനുവേണ്ടി എന്നും ശക്തമായി വാദിക്കുകയും കലഹിക്കുകയും ചെയ്തിരുന്നു ഉമ്മ. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ അക്കാലത്തെ പരിമിതികള്‍ തിരിച്ചറിഞ്ഞു വളര്‍ന്ന ഉമ്മ ഞങ്ങള്‍ മക്കളോട് എപ്പോഴും ഉപദേശിച്ചത് മനുഷ്യരെയെല്ലാം തുല്യതയോടെ മാത്രമേ കാണാവൂ എന്നായിരുന്നു. ജാതി-മത-ലിംഗവ്യത്യാസങ്ങളെ ഉമ്മ ഉള്‍ക്കൊണ്ടിരുന്നില്ല. ആണായിട്ടും പെണ്ണായിട്ടും ഒരാളെ വേര്‍തിരിച്ചു കാണാതെ മനുഷ്യരായി കാണാനും സഹജീവികളോട് അനുഭാവത്തോടെ പെരുമാറാനും ഉമ്മ പറഞ്ഞുകൊണ്ടേയിരുന്നു. ഒരാളെയും ദ്രോഹിക്കരുത്, ഒരാളേയും വേദനിപ്പിക്കരുത് എന്നതായിരുന്നു ഉമ്മയുടെ ആപ്തവാക്യം.
ഉമ്മയുടെ ലേഖനങ്ങളും കഥകളും പലപ്പോഴും വിവാദങ്ങളായിരുന്നു എന്നു പറഞ്ഞല്ലോ. വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ അതേപ്പറ്റിയൊന്നും ആകുലപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെ ശാന്തമായി ഇരുന്ന് വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ഉമ്മയെയാണ് കാണുക. ആദ്യകാലങ്ങളില്‍ ഭീഷണിക്കത്തുകളും ഫോണ്‍കോളുകളും നിരന്തരം വന്നുകൊണ്ടേയിരുന്നു. ഉമ്മയുടെ മതം മാത്രമല്ല, മറ്റെല്ലാ മതത്തിലെയും ചൂഷകര്‍ക്ക് ഉമ്മ ഒരു ഭീഷണിയായിരുന്നു. അക്ഷരങ്ങളുടെ ശക്തിയായിട്ടാണ് അത്തരം ഭീഷണികളെ ഉമ്മ കണ്ടത്. 2000-ല്‍ ഷംസുദ്ദീന്‍ ഉമ്മയുടെ കൂടെയുള്ളപ്പോള്‍ വീട്ടിലേക്ക് ഒന്നുരണ്ട് ഫോണ്‍കോളുകള്‍ വന്നു. സാറാ അബൂബക്കറിന്റെ കാല് വെട്ടിയെറിയും എന്നായിരുന്നു ഭീഷണി. 'വീട്ടിലേക്ക് വന്നോളൂ, ഉമ്മ ഇവിടെത്തന്നെയുണ്ട്' എന്നായിരുന്നു ഷംസുദ്ദീന്‍ പ്രതികരിച്ചത്. ആരും വന്നുകണ്ടില്ല. ഇത്തരം കോളുകളെക്കുറിച്ച് ഉമ്മയോട് സംസാരിക്കുമ്പോള്‍ അവരില്‍ നിന്നുയരുന്ന ഒരു ചോദ്യമുണ്ട് : 'എന്റെ കാലെടുക്കും എന്നുപറയാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു? ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള രാജ്യത്താണ് ഞാന്‍ ജീവിക്കുന്നത്. ഇത്തരം ഭീഷണിയൊന്നും എന്റെ എഴുത്തിനെയോ പ്രവര്‍ത്തനങ്ങളെയോ ബാധിക്കില്ല.'
ഏഴ് നോവലുകള്‍, ആറ് കഥാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ലേഖനങ്ങള്‍, ആത്മകഥ... കന്നഡ സാഹിത്യത്തിലെ മികച്ച സാന്നിധ്യമായിരുന്നു ഉമ്മ. തന്റെ എഴുത്തുകളിലൂടെ കന്നഡ സാഹിത്യത്തിന്റെ ഭാഷയ്ക്കും സൗന്ദര്യത്തിനും അവര്‍ മികവേകിയെന്നതില്‍ സംശയമൊന്നുമില്ല. വിദ്യാഭ്യാസത്തെ സ്‌നേഹിച്ച ആ കാസര്‍കോടുകാരി പെണ്‍കുട്ടി നടന്നുകയറിയത് ചിന്തകളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വളക്കൂറുള്ള മണ്ണിലേക്കായിരുന്നു. കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, മംഗളുരു യൂണിവേഴ്‌സിറ്റിയുടെതുള്‍പ്പെടെ മൂന്ന് ഓണററി ഡോക്ടറേറ്റുകള്‍, ദാന ചിന്താമണി അറ്റിമബേ പുരസ്‌കാരം ഹംബി യൂണിവേഴ്‌സിറ്റിയുടെ നടോജ പുരസ്‌കാരം... സാറാ അബൂബക്കര്‍ എന്ന ദൃഢചിത്തയായ സ്ത്രീയുടെ പ്രതിഭാത്വത്തെ അക്കാദമികലോകവും സാംസ്‌കാരികലോകവും കൂടെ ചേര്‍ത്തുനിര്‍ത്തി.

ഓണററി ഡോക്ടറേറ്റ് നല്‍കിയപ്പോള്‍
സാമൂഹിക പ്രവര്‍ത്തനങ്ങളും സാഹിത്യവുമായി എണ്‍പത്തിരണ്ടു വയസ്സുവരെ വളരെ ഊര്‍ജസ്വലമായ ജീവിതമാണ് ഉമ്മ നയിച്ചത്. 2020 മാര്‍ച്ചുമാസത്തില്‍ ഉമ്മയ്ക്ക് കോവിഡ് വന്നു. അതിനു ശേഷം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായില്ല. ഓര്‍മക്കുറവ് തുടങ്ങി. ആദ്യകാലങ്ങളില്‍ ചില പേരുകളും സ്ഥലങ്ങളും മാത്രമായിരുന്നു മറന്നു പോയിരുന്നതെങ്കില്‍ പിന്നീട് ഞങ്ങളുടെയും പേരക്കുട്ടികളുടെയുമൊക്കെ പേരുകളും മറന്നു. പയ്യെപ്പയ്യെ ഞങ്ങളെ അറിയാതെയായി. ഭക്ഷണം കഴിക്കുന്നത് തീരെ കുറഞ്ഞു. മോണയില്‍ തടിപ്പ് കണ്ടപ്പോള്‍ ദന്തഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കാന്‍സര്‍രോഗ വിദഗ്ധനെ കാണിച്ചു. അതൊരു ട്യൂമറായിരുന്നു. പല്ലുകള്‍ എടുത്തുകളഞ്ഞ ശേഷം സര്‍ജറി ചെയ്തു. 2022-ലായിരുന്നു സര്‍ജറി ചെയ്തത്. അതിനു ശേഷം വീട്ടില്‍ പൂര്‍ണവിശ്രമത്തില്‍ത്തന്നെയായി. ഉമ്മയോടൊപ്പം തറവാട്ടില്‍ മൂന്നാമത്തെ മകനായ അബ്ദുള്‍ റഹീമും കുടുംബവുമായിരുന്നു താമസിച്ചിരുന്നത്. അവര്‍ ഉമ്മയെ നന്നായി പരിചരിച്ചു. അധികം വൈകാതെ 2023 ജനുവരി പത്തിന് എണ്‍പത്തിയാറാം വയസ്സില്‍ ഉമ്മ കലഹങ്ങളില്ലാത്ത, ആശയസംഘട്ടനങ്ങളില്ലാത്ത, അസമത്വമില്ലാത്ത ലോകത്തേക്ക് യാത്രയായി. അത്യുന്നതങ്ങളില്‍ ഉമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു."
Content Highlights: Ammayormakal, Sara Aboobacker, Abdulla Mohideen, Muhammed Nasar, Shamsudheen, Mathrubhumi
Published: 10 May 2023, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented