സുകന്യ റാംഗോപാല്‍ ഘടത്തില്‍ താളമിടുമ്പോള്‍ നാദം ഗാനം കൂടിയാവുന്നു. വ്യത്യസ്ത ശ്രുതികളിലുള്ള ഘടങ്ങളില്‍ വിരലുകള്‍ നൃത്തം ചെയ്യുമ്പോള്‍ ഘടം താളവാദ്യത്തിന്‍റെ പരിമിതികള്‍ മറികടന്ന് സംഗീതാനുഭവത്തിന്‍റെ പുതിയ ആകാശങ്ങളിലേക്ക് ചിറകടിച്ചുയരുന്നു. സ്ത്രീ ആണെന്ന കാരണത്താല്‍ ഒരിക്കല്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേഖലയില്‍ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ കലാകാരിയുടെ അനിഷേധ്യമായ ആത്മാവിഷ്കാരങ്ങള്‍. കാലപ്രമാണം പിഴയ്ക്കാത്ത തനിയാവര്‍ത്തനങ്ങളില്‍ നിശബ്ദവിപ്ലവത്തിന്‍റെ മായാമുദ്രകള്‍. സുകന്യ റാംഗോപാല്‍ കാലത്തിന്‍റെ പ്രതിനിധിയാണ്. 

To advertise here,

കേരള സംഗീത നാടക അക്കാദമി തൃശൂരില്‍ 'തത്തിന്തകത്തോം' എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ താളവാദ്യോല്‍സവത്തില്‍ കര്‍ണാടക സംഗീത വാദ്യരംഗത്തെ പ്രമുഖയായ സുകന്യ റാംഗോപാലിന്‍റെ നേതൃത്വത്തില്‍ സ്ത്രീകള്‍ മാത്രം വേദിയില്‍ അണിനിരന്ന 'ഘടതരംഗ്', കച്ചേരികളില്‍ 'ഉപപക്കം' മാത്രമായി പരിഗണിക്കപ്പെടുന്ന ഘടത്തിനു ലഭിച്ച അംഗീകാരമായിരുന്നു. താളവാദ്യങ്ങളില്‍ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വമോ, അബോധപൂര്‍വമോ, അകറ്റി നിര്‍ത്തപ്പെടുന്ന സ്ത്രീ കലാകാരികള്‍ക്കു ലഭിച്ച അവസരവും. 

രാഗങ്ങളുടെ സ്വരങ്ങള്‍ക്കു യോജിച്ച വിധത്തില്‍ ഘടങ്ങള്‍ തനിക്കു ചുറ്റും നിരത്തി എഴുപതാം വയസിലേക്കടുക്കുന്ന സംഗീത വിദുഷി അക്ഷീണം, അത്യുല്‍സാഹത്തോടെ, ഘടങ്ങളില്‍ സ്വരങ്ങള്‍ വിരിയിക്കുകയായിരുന്നു. ആ സായന്തനത്തില്‍ കെ.ടി. മുഹമ്മദ് ഓഡിറ്റോറിയത്തിലെ മുഖ്യവേദിയില്‍ നിരത്തിയ ഘടങ്ങള്‍ കുന്തള വരാളിയിലും കാനഡയിലും വലചിയിലും മധ്യമാവതിയിലുമെല്ലാം പാട്ട് പാടിയപ്പോള്‍, കച്ചേരികളില്‍ തനിയാവര്‍ത്തനങ്ങളില്‍ മാത്രം ഘടത്തിന്‍റെ ശബ്ദം കേട്ടു ശീലിച്ചിരുന്ന കാണികള്‍ വിസ്മയഭരിതരായി. ലക്ഷ്മി രാജശേഖര്‍ (മൃദംഗം), ഭാഗ്യലക്ഷ്മി എം കൃഷ്ണ (മുഖര്‍ശംഖ്), വാണി മഞ്ജുനാഥ് (പുല്ലാങ്കുഴല്‍) എന്നീ കലാകാരികളും ഈ യാത്രയില്‍ സുകന്യയ്ക്കൊപ്പമുണ്ടായിരുന്നു. 

placeholder
സുകന്യ റാംഗോപാലും സംഘവും അവതരിപ്പിച്ച ഘടതരംഗ് പരിപാടിയില്‍ നിന്ന്. ഫോട്ടോ: ഷഹീർ.സി.എച്ച്

1957 ജൂണ്‍ 13ന് തമിഴ് നാട്ടിലെ മയിലാടുതുറയില്‍ സുബ്രഹ്മണ്യന്‍റെയും രംഗനായകിയുടെയും മകളായി ജനനം. മുത്തച്ഛന്‍ യു.വി. സ്വാമിനാഥ അയ്യര്‍ അറിയപ്പെടുന്ന തമിഴ് പണ്ഡിതന്‍ ആയിരുന്നു. ചെന്നൈയില്‍ തിരുവള്ളിക്കെനിയില്‍ ആയിരുന്നു സുകന്യ ബാല്യ കൗമാരങ്ങള്‍ ചെലവഴിച്ചത്. കുട്ടിക്കാലം മുതല്‍ തന്നെ താളവാദ്യത്തോടായിരുന്നു പ്രിയമെങ്കിലും വീട്ടുകാര്‍ ആദ്യം വായ്പാട്ടും പിന്നീട് വയലിനും ആണ് പഠിപ്പിക്കാനയച്ചത്. വയലിന്‍ പഠിക്കാന്‍ ചേര്‍ന്നത് വീടിനടുത്തുള്ള ജയഗണേശ് താള വാദ്യ വിദ്യാലയത്തില്‍ ആയിരുന്നു. ഘടം എന്ന വാദ്യവിസ്മയത്തെ ലോകത്തെമ്പാടും വായിച്ചു പരിചയപ്പെടുത്തിയ വിക്കു വിനായക റാമും അദ്ദേഹത്തിന്‍റെ പിതാവ് ടി.എച്ച്. ഹരിഹര ശര്‍മയും ചേര്‍ന്നാണ് ഈ സംഗീത സ്ഥാപനം നടത്തിയിരുന്നത്. 

വയലിന്‍ പഠിക്കാനെത്തിയ പെണ്‍കുട്ടിക്ക് കൂടുതല്‍ താല്‍പര്യം താളവാദ്യത്തിലാണെന്ന് ആദ്യം കണ്ടെത്തിയത് ഹരിഹര ശര്‍മയാണ്. അദ്ദേഹം സുകന്യയ്ക്ക് മൃദംഗപാഠങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ തുടങ്ങി. പക്ഷേ, അധികം വൈകാതെ തന്നെ സുകന്യയുടെ ശ്രദ്ധ ഘടത്തിലേക്കായി. പക്ഷേ, വിനായകറാം സുകന്യയുടെ താല്പര്യത്തെ പല കാര്യങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു.

'പെണ്‍കുട്ടികള്‍ക്ക് ഈ വാദ്യം കൈകാര്യം ചെയ്യല്‍ വലിയ ബുദ്ധിമുട്ടായിരിക്കും' എന്ന് അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുമ്പോള്‍ സുകന്യ പറഞ്ഞു. പക്ഷേ, ഹരിഹര ശര്‍മയുടെ ശിക്ഷണത്തില്‍ സുകന്യ കൈവരിച്ച മികവ് കണ്ടപ്പോള്‍ വിനായക റാം തന്‍റെ അഭിപ്രായം മാറ്റുകയും അധികം വൈകാതെ തന്നെ സുകന്യ അദ്ദേഹത്തിന്‍റെ കീഴില്‍ അഭ്യസനം ആരംഭിക്കുകയും ചെയ്തു.

സ്ത്രീകള്‍ കടന്നു വരാന്‍ മടിക്കുന്ന ഒരു മേഖലയില്‍, അംഗീകാരം നേടിയെടുക്കാന്‍ വളരെ പ്രയാസമുള്ള ഒരു രംഗത്ത്, അസൂയാവഹമായ നേട്ടമാണ് ഇതുവരെയുള്ള കലാജീവിതത്തില്‍ നേടിയെടുത്തിരിക്കുന്നത്. എന്തു തോന്നുന്നു.

ആദ്യം പഠിക്കുന്നത് പാട്ടും പിന്നീട് വയലിനും ആയിരുന്നു. അപ്പോഴെല്ലാം കൂടുതല്‍ താല്‍പര്യം താളവാദ്യത്തോടായിരുന്നു. വിനായക റാം സാറിന്‍റെ അച്ഛന്‍ ഹരിഹര ശര്‍മ സാര്‍ ആണ് മൃദംഗവും ഘടവുമെല്ലാം ആദ്യപാഠങ്ങള്‍ പറഞ്ഞുതന്നത്. ഘടം പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് യോജിച്ച വാദ്യമല്ലെന്ന് പറഞ്ഞ് വിക്കു സാര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിന്‍റെ അച്ഛനു കീഴില്‍ പഠിച്ച് ഞാന്‍ ഘടം നന്നായി വായിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹം മുന്‍പത്തെ അഭിപ്രായം മാറ്റുകയും എന്നെ ശിഷ്യയായി സ്വീകരിക്കുകയും ചെയ്തു.

എങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ കീഴിലെ പഠനം.

കഠിനസാധകം കൊണ്ട് എന്‍റെ കൈകള്‍ മുറിയുക വരെ ചെയ്തു. മികച്ച സാധകമുണ്ടെങ്കില്‍ മാത്രമേ ഘടത്തില്‍ നിന്ന് നമ്മള്‍ ഉദ്ദേശിച്ച നാദം പുറത്തുകൊണ്ടുവരാന്‍ കഴിയൂ. പത്തു വിരലുകളും ഉപയോഗിച്ചുള്ള വാദനമാണ് വിക്കു സാര്‍ ബാണിയില്‍. അദ്ദേഹത്തിന്‍റെ ശിക്ഷണത്തില്‍ ദീര്‍ഘനാള്‍ കഴിഞ്ഞതിനാല്‍ 'വിക്കു ബാണി' അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും സ്വാംശീകരിക്കാനും അതു പ്രയോഗത്തില്‍ കൊണ്ടുവരാനും എനിക്കു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ശിക്ഷണത്തില്‍ കഴിഞ്ഞ കാലയളവ് എന്‍റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു. 

placeholder
സുകന്യ റാംഗോപാല്‍. ഫോട്ടോ: ഷഹീർ.സി.എച്ച്

സ്ത്രീ പാട്ടുകാര്‍ ഏറെയുണ്ടെങ്കിലും പൊതുവെ പുരുഷന്‍മാര്‍ ആധിപത്യം ചെലുത്തുന്ന മേഖലയാണ് പക്കമേള വിഭാഗം. ഒരു സ്ത്രീയെന്ന നിലയില്‍ കച്ചേരി വേദികളില്‍ സ്ഥാനം നേടുന്നതിനിടയില്‍ നേരിട്ട വെല്ലുവിളികള്‍.

കച്ചേരികളില്‍ വായിച്ചു തുടങ്ങിയ സമയമായിരുന്നു. ബാംഗ്ളൂരില്‍ ഒരു വലിയ കലാകാരന്‍റെ കച്ചേരിക്ക് വായിക്കുന്നതിനായി ക്ഷണം ലഭിച്ചു. മറ്റൊരു വലിയ കലാകാരന്‍ ആയിരുന്നു മൃദംഗത്തില്‍. പക്ഷേ, കച്ചേരി ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തന്നെ സംഘാടകര്‍ എന്നോട് മടങ്ങിപ്പൊയ്ക്കോളാന്‍ പറഞ്ഞു. മൃദംഗം വായിക്കുന്ന കലാകാരന്‍ എന്‍റെ കൂടെ വായിക്കാന്‍ പറ്റില്ലെന്നു പറഞ്ഞുവത്രേ. വലിയ വിഷമത്തോടെയാണ് ഞാന്‍ അവിടെ നിന്നു മടങ്ങിയത്. അന്നാണ് കലാരംഗത്ത് സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കണം എന്ന വാശി തോന്നിയത്. 

ആ സമയത്ത് തന്നെ ഗുരുനാഥന്‍ വിക്കു വിനായകറാമിന്‍റെ കൂടെ ഘടമാല എന്ന പേരില്‍ ലയവിന്യാസ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അത്തരമൊരു പരിപാടി സ്വന്തമായി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ സ്ത്രീകള്‍ മാത്രം മതി എന്നു തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1992ല്‍ ഘടതരംഗ് രൂപപ്പെടുന്നത്. മുഖ്യധാരയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഒരവസരം എന്ന നിലയിലാണ് ഇതാരംഭിക്കുന്നത്. ഇതിനകം എന്‍റെ കൂടെ നാല്‍പ്പതോളം സ്ത്രീകള്‍ പല കാലങ്ങളിലായി ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 

സ്ത്രീതാള്‍ തരംഗിന്‍റെ സവിശേഷതകള്‍.

ത്രിമൂര്‍ത്തി വാഗ്ഗേയകാരന്‍മാരുടെ (ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി) കൃതികളും മറ്റും വ്യത്യസ്ത ശ്രുതികളിലുള്ള ഘടങ്ങളിലൂടെ വായിക്കുന്നതില്‍ ഒരുപാട് പരിമിതികള്‍ ഉണ്ട്. അത് അവരോടുള്ള ഒരു അനാദരമായിട്ടും എനിക്കു തോന്നി. അങ്ങനെയാണ് സ്ത്രീതാള്‍ തരംഗിനു വേണ്ടി മാത്രം കൃതികള്‍ ചിട്ടപ്പെടുത്തിയത്. തൃശൂരില്‍ കുന്തളവരാളി രാഗത്തില്‍ അവതരിപ്പിച്ച ആനന്ദം എന്ന കൃതിയാണ് സ്ത്രീതാള്‍ തരംഗിന്‍റെ സിഗ്നേച്ചര്‍ സോങ്. 

സ്വന്തമായി പരിപാടികള്‍ അവതരിപ്പിക്കുമ്പോഴും ഇപ്പോഴും മറ്റു കച്ചേരികളില്‍ വായിക്കാന്‍ പോകുന്നുണ്ടല്ലോ. 

എന്‍റെ മുഖ്യ പരിഗണന എപ്പോഴും കച്ചേരികള്‍ ആണ്. പക്കമേളം വായിക്കുന്നത്, ഒരു പാട്ടിന് വായിക്കുന്നത്, വേറിട്ട കല തന്നെയാണ്. എനിക്ക് കച്ചേരിവേദികളില്‍ അര നൂറ്റാണ്ടോളം വരുന്ന അനുഭവങ്ങളുണ്ട്. ഈ കാലയളവില്‍ വലിയ പാട്ടുകാരുടെയും വാദ്യകലാകാരന്‍മാരുടെ കൂടെയും ഞാന്‍ വേദി പങ്കിട്ടിട്ടുണ്ട്. വലിയ കലാകാരന്‍മാരുടെ കൂടെ പങ്കിടുന്ന ഓരോ സ്റ്റേജ് അനുഭവവും ഒരു കലാകാരി എന്ന നിലയില്‍ എന്‍റെ പുരോഗതിക്ക് ഏറെ സഹായകമായിട്ടുണ്ട്. കൃതികള്‍ പിന്തുടരുമ്പോള്‍ ആയാലും തനിയാവര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ ആയാലും നമ്മുടെ സര്‍ഗാത്മകതയെ തല്‍സമയം വെല്ലുവിളിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരു കച്ചേരി നല്‍കും. അനന്യമായ മനോധര്‍മ സ്വരപ്രസ്താരസിദ്ധികളുള്ള പാട്ടുകാരും സങ്കീര്‍ണമായ കോരുവകള്‍ വായിക്കുന്ന മൃദംഗ വിദ്വാന്‍മാരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഈ വെല്ലുവിളികള്‍ എനിക്കിഷ്ടമാണ്. ഒട്ടേറെ വലിയ കലാകാരന്‍മാര്‍ക്കു കലാകാരികള്‍ക്കുമൊപ്പം കച്ചേരികള്‍ വായിച്ച അനുഭവങ്ങള്‍ എന്നിലെ കലാകാരിയെ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. 

സ്ത്രീ ആയതിന്‍റെ പേരില്‍ കച്ചേരി വേദികളില്‍ പുരുഷ കലാകാരന്‍മാര്‍ ഇകഴ്ത്താന്‍ ശ്രമിച്ചിട്ടുണ്ടോ.

ഒരിക്കലുമില്ല. തനിയാവര്‍ത്തനങ്ങള്‍ പലപ്പോഴും കണക്കുകളിലൂടെയുള്ള മല്‍സരങ്ങളാണ്. മൃദംഗവാദകന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നത് കച്ചേരിയിലെ ഏറ്റവും സര്‍ഗാത്മകമായ ഒരു ഘട്ടമാണ്. ഒരിക്കല്‍ ബെംഗളൂരുവിൽ നടന്ന ഒരു കച്ചേരിയില്‍ പ്രശസ്തനായ ഒരു മൃദംഗവാദകന്‍ എന്നെ നന്നായി പരീക്ഷിച്ചു. തനിയാവര്‍ത്തനത്തില്‍ അദ്ദേഹം ഖണ്ഡനടയില്‍ കുറച്ചു വിഷമം പിടിച്ച ഒരു ഭാഗം വായിച്ചു. ഞാന്‍ അത് തിരിച്ചു വായിച്ചപ്പോള്‍ അദ്ദേഹം ഖണ്ഡ നടയില്‍ തന്നെ കുറച്ചുകൂടി സങ്കീര്‍ണമായ ഒരു ഭാഗം വായിച്ചിട്ട് എനിക്കു വായിക്കാന്‍ വിട്ടു തന്നു. തനിയാവര്‍ത്തനം വായിച്ച് അവസാനിച്ചപ്പോള്‍ അദ്ദേഹം എന്‍റെ കൈപിടിച്ച് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്തു.  

യാഥാസ്ഥിതികത്വം കൊടി കുത്തി വാഴുന്ന കര്‍ണാടക സംഗീത ലോകത്ത് വിപ്ളവാത്മകമായ മാറ്റങ്ങള്‍ വരുത്തിയ കലാകാരിഎന്നാണ് സുകന്യ റാംഗോപാലിനെ അക്കാദമി വേദിയില്‍ പരിചയപ്പെടുത്തിയത്. അര നൂറ്റാണ്ട് പിന്നിട്ട കലാജീവിതത്തിന്‍റെ കരുത്ത് കൂടെയുള്ളപ്പോഴും ശബ്ദമുയര്‍ത്താന്‍ സുകന്യ തയാറില്ല. വലിയ അവകാശവാദങ്ങള്‍ വലിയ ഉച്ചത്തില്‍ വിളിച്ചു പറയുന്നില്ല അവര്‍. സൗമ്യമായി സംസാരിക്കുകയും തനിക്കു പറയാനും തെളിയിക്കാനുമുള്ളത് തന്‍റെ വാദ്യത്തിലൂടെ ഏറ്റവും ശക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന പ്രൗഢയായ ഈ കലാകാരി ശ്രദ്ധയൂന്നുന്നത് കലയിലും ആവിഷ്കാരത്തിലുമാണ്. സ്ത്രീകളായ കലാകാരികളെ കൂടെ കൂട്ടി കലയില്‍ സ്വന്തം പാത വെട്ടി മുന്നേറുമ്പോഴും സംഗീതത്തെക്കുറിച്ചു മാത്രമാണ് സുകന്യ റാംഗോപാല്‍ സംസാരിക്കുന്നത്. പക്ഷേ, അവര്‍ സൃഷ്ടിച്ച വിപ്ലവം ഘടതരംഗമായി കര്‍ണാടകസംഗീതത്തില്‍ മുഴങ്ങുന്നുണ്ട്.