
ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യത്തെക്കുറിച്ച് പാടുന്ന ചലച്ചിത്ര ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മോഹനരാഗത്തിലാണ്. അതൊരു യാദൃച്ഛികതയാവാനിടയില്ല. ചലച്ചിത്ര സംഗീതത്തില്‍ ഇത്രയേറെ ഉപയോഗിച്ചിട്ടുള്ള മറ്റൊരു രാഗം ഉണ്ടോ എന്ന കാര്യം സംശയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയില്‍ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ദേവരാജന്‍ മാസ്റ്റര്‍ താന്‍ 32 ചലച്ചിത്രഗാനങ്ങള്‍ മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയതായി പറഞ്ഞിട്ടുണ്ട്.
ഒരേസമയം അലസവും അഗാധവുമായ അനുഭവം തരുന്ന രാഗം. ഒരേ സ്വരങ്ങളുടെ വ്യത്യസ്ത പ്രയോഗങ്ങളിലൂടെ പ്രണയവും വിഷാദവും മോഹഭംഗവും ആഹ്ളാദവും എല്ലാം പകര്‍ന്നുതരുന്ന സംഗീതത്തിന്‍റെ മാന്ത്രികത. മറ്റേതൊരു രാഗം പകര്‍ന്നു തന്നതിലേറെ രസാനുഭൂതികള്‍ മോഹനരാഗം ചലച്ചിത്ര സംഗീതത്തിലൂടെ മലയാളികള്‍ക്കു പകര്‍ന്നു നല്‍കിയിട്ടുണ്ട്. സ്വര്‍ഗപുത്രീ നവരാത്രി, കരിമുകില്‍ കാട്ടിലെ, നിന്‍മണിയറയിലെ, അറിവിന്‍ നിലാവേ, ചന്ദനലേപ സുഗന്ധം, കളിവീടുറങ്ങിയല്ലോ…. പട്ടിക എത്ര വേണമെങ്കിലും നീളും.
മോഹനരാഗത്തിന് ജനസാമാന്യത്തിന്‍റെ ഭാവുകത്വത്തെ എത്രമാത്രം സ്വാധീനിക്കാന്‍ കഴിയുമെന്നതിന് നിദര്‍ശകമാണ് ചലച്ചിത്രഗാനങ്ങളിലെ ഈ രാഗസാന്നിധ്യം. സംഗീതാഭിമുഖ്യമുള്ള ഏതൊരാസ്വാദകനും അനായാസം ഒഴുകിയെത്താന്‍ കഴിയുന്ന ഒരു പുഴയാകുന്നു മോഹനം എന്നതു തന്നെയായിരിക്കാം അതിനു കാരണം. ചലച്ചിത്ര സംഗീതത്തിനപ്പുറത്ത് കര്‍ണാടക സംഗീതത്തിലേക്ക് കടന്നാല്‍, മോഹനം അതിന്‍റെ കോമളഭാവങ്ങള്‍ക്കപ്പുറത്ത് അതിവിശാലമായ ആകാശത്തില്‍ ചിറകുവിടര്‍ത്തി നില്‍ക്കുന്നതും കാണാന്‍ കഴിയും. എന്തൊരു കാഴ്ചയാണത്.
സംഗീതാനുഭവം എന്നത് എല്ലായ്പ്പോഴും വ്യക്തിനിഷ്ഠമാണ്. ഒരു വ്യക്തിക്ക് ഇഷ്ടമാവുന്നത് മറ്റൊരാള്‍ക്ക് ഇഷ്ടമാവണം എന്നില്ല. അങ്ങനെ ശഠിക്കാനുമാവില്ല. എം.ഡി. രാമനാഥന്‍റെ സംഗീതം ഒരാള്‍ക്കിഷ്ടമാണെങ്കില്‍. ശെമ്മാങ്കുടിയുടെ പാട്ടായിരിക്കും മറ്റൊരാള്‍ക്കിഷ്ടം. കലാസ്വാദനത്തില്‍ ഒന്നു മറ്റൊന്നിനെക്കാള്‍ ശ്രേഷ്ഠം എന്നു പറയാനുള്ള കൃത്യമായ അളവുകോലുകള്‍ ഇനിയും കണ്ടുപിടിച്ചിട്ടില്ല. എങ്കിലും കാലത്തെ അതിജീവിച്ചുകൊണ്ട് ചില ആവിഷ്കാരങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ ക്ലാസിക് എന്നു വിശേഷിപ്പിക്കുന്നു. അത്തരത്തില്‍ ക്ലാസിക്കായ, ചിരസമ്മതമായ ചില ആവിഷ്കാരങ്ങള്‍, വീണ്ടും വീണ്ടും ആസ്വാദകമനസ്സില്‍ നിലയ്ക്കാത്ത രാഗതരംഗങ്ങള്‍ തീര്‍ക്കുന്നതിനെക്കുറിച്ചാണ് പറയാന്‍ ശ്രമിക്കുന്നത്.

ഒരു അഭിമുഖത്തില്‍ മഹാരാജപുരം സന്താനം തന്‍റെ പിതാവും ഗുരുനാഥനുമായ മഹാരാജപുരം വിശ്വനാഥ അയ്യരെക്കുറിച്ച് പറയുന്നുണ്ട്. 'My father was an unsurpassable master of mohana raga' എന്നാണ് സന്താനം അച്ഛനെ വിശേഷിപ്പിക്കുന്നത്. കര്‍ണാടക സംഗീത ചരിത്രകാരന്‍മാരും മോഹനരാഗത്തിലുള്ള വിശ്വനാഥ അയ്യരുടെ 'മറികടക്കാനാവാത്ത' വൈദഗ്ധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ദൌര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ അപൂര്‍വം ചില മോഹനരാഗാവിഷ്കാരങ്ങള്‍ മാത്രമേ നമുക്കു ലഭ്യമായിട്ടുള്ളൂ.
എങ്കിലും സന്താനം മോഹനം പാടുന്നതു കേള്‍ക്കുമ്പോള്‍ നാം ആ നഷ്ടബോധം മറക്കുന്നു. കാരണം അത്രയും മനോഹരമായാണ് വിശ്വനാഥ അയ്യരുടെ മകന്‍ മോഹനരാഗത്തെ തന്‍റെ സുന്ദരമായ ശബ്ദത്തിലൂടെ അവതരിപ്പിക്കുന്നത്.
1980കളുടെ രണ്ടാം പകുതിയിലാണ് ഒരു സുഹൃത്തിന്‍റെ കൈവശമുള്ള സന്താനത്തിന്‍റെ ഒരു ആകാശവാണി കച്ചേരി കേള്‍ക്കുന്നത്. ആദ്യമായി സന്താനത്തിനെ കേള്‍ക്കുകയാണ്. 'പരിയാചകമാ' എന്ന വനസ്പതി രാഗത്തിലുള്ള ത്യാഗരാജ കൃതിക്കു ശേഷം സന്താനം മുഖ്യകൃതിയായ 'പാലയമാം സതതം' (മോഹനം - തുളസീവനം കൃതി) പാടുന്നു. ജീവിതത്തില്‍ ആദ്യമായി മോഹനരാഗം വിസ്തരിക്കുന്നതു കേള്‍ക്കുകയാണ്. അന്നുവരെ അനുഭവിക്കാത്തൊരു സന്തോഷമായിരുന്നു. കാംബോജിയും കല്യാണിയും ശങ്കരാഭരണവും തോടിയും ഭൈരവിയുമെല്ലാം പിന്നീട് ആഴവും പരപ്പും കൊണ്ട് അദ്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും മോഹനത്തോടുള്ള സവിശേഷമായ അടുപ്പം ഇപ്പോഴും തുടരുന്നു. അതിനു കാരണം സന്താനവും അദ്ദേഹത്തിന്‍റെ അതിമനോഹരമായ 'പാലയമാം സതത'വുമാണ്.
പിന്നീട് സന്താനം തന്നെ പാടിയ മോഹനങ്ങള്‍ പലതും (മോഹനരാമാ, നന്നുപാലിംപ, രാമാ നിന്നെ നമ്മിന) കേട്ടിട്ടുണ്ടെങ്കിലും പാലയമാം സതതം ഇന്നും മനസില്‍ മായാതെ നില്‍ക്കുകയാണ്.

സന്താനമാണ് മോഹനത്തെ മനസിലേക്ക് ആനയിച്ചതെങ്കിലും വിസ്മയിപ്പിച്ചത് എം.ഡി. രാമനാഥനും മധുരൈ മണി അയ്യരുമാണ്. രാമനാഥന്‍റെ 'നന്നുപാലിംപ'യില്‍ മോഹനം പ്രൗഢമായൊരു അനുഭവമാകുന്നു. സമയസൂചികളെ വിസ്മരിച്ച് അദ്ദേഹം സ്വരങ്ങളില്‍ അമരുന്നു. രാമന്‍ രാഗച്ചിറകിലേറുന്നു. കോദണ്ഡപാണിയെ മോഹനത്തേരിലാനയിക്കുന്നു മഹാഗായകന്‍. അഭൗമമായ, അനുപമമായ അനുഭവമാണ് രാമനാഥന്‍ പകര്‍ന്നു തരുന്നത്.
മധുരൈ മണി അയ്യരിലെത്തുമ്പോള്‍ മോഹനം സുന്ദരമായ ഒരു കവിതയായി മാറുന്നു. 'മോഹനരാമാ' എന്ന ത്യാഗരാജ കൃതി അതുപോലെ മറ്റാരെങ്കിലും പാടിയിട്ടുണ്ടോ എന്നറിയില്ല. ആലാപനത്തിന്‍റെ അനായാസത എന്നത് ഒരു 'ക്ലീഷേ' ആണെങ്കിലും അത് ഏറ്റവും യോജിക്കുന്നത് മണി അയ്യരുടെ ആലാപനത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയും ഭാരരഹിതമായാണ് അദ്ദേഹം രാഗഭാവത്തെ ആലാപനത്തില്‍ സന്നിവേശിപ്പിക്കുന്നത്. പലപ്പോഴും ഒരു നര്‍ത്തകന്‍റെ അദൃശ്യ സാന്നിധ്യം അനുഭവിപ്പിക്കുന്ന ആലാപനത്തിലൂടെ മണി അയ്യര്‍ സ്വരപ്രസ്താരം നടത്തുമ്പോള്‍ മോഹനത്തിലെ ഏറ്റവും സുന്ദരങ്ങളായ സ്വരസഞ്ചയങ്ങള്‍ (patterns) പൂക്കള്‍ പോലെ വിടരുന്നു.
മോഹനം പോലെ തന്നെ കാംബോജിയിലും കല്യാണിയിലുമെല്ലാം മധുരൈ മണി അയ്യരുടെ 'മതി മറന്ന' പ്രകടനങ്ങള്‍ കാണാമെങ്കിലും ടി.എന്‍. കൃഷ്ണന്‍ വയലിനിലും വെല്ലൂര്‍ രാമഭദ്രന്‍ മൃദംഗത്തിലും പക്കമേളം വായിച്ച 'മോഹനരാമാ' സൗന്ദര്യാത്മകതയില്‍ മറ്റെന്തിനെക്കാളും ഒരു പടി മുകളില്‍ നില്‍ക്കുന്നതായാണ് തോന്നിയിട്ടുള്ളത്.
ലാല്‍ഗുഡി ജയരാമന്‍(വയലിന്‍), എന്‍. രമണി (പുല്ലാങ്കുഴല്‍), വെങ്കട്ടരാമന്‍ (വീണ) എന്നിവര്‍ ചേര്‍ന്നു വായിച്ച മോഹനരാമാ (വീണ വേണു വയലിന്‍ കച്ചേരി) മറ്റൊരു അവിസ്മരണീയമായ 'മോഹനാനുഭവ'മായിരുന്നു. ഉപകരണ സംഗീതത്തിലെ മഹാമേരുക്കള്‍ക്കൊപ്പം ടി.കെ. മൂര്‍ത്തിയും ഉമയാള്‍പുരം ശിവരാമനും മൃദംഗത്തില്‍ അകമ്പടി സേവിച്ച കച്ചേരിയിലെ മുഖ്യ കൃതിയായിട്ടാണ് മോഹനം ആലപിച്ചിരിക്കുന്നത്. മൂന്നു പേര്‍ ചേര്‍ന്ന് വായിച്ചിരിക്കുന്നതിനാല്‍ പലയിടത്തും സ്വാഭാവികമായ ഒഴുക്കിനു പകരം മുന്‍കൂട്ടി തയ്യാറാക്കിയ പ്രയോഗങ്ങള്‍ കടന്നു വരുന്നതുപോലെ അനുഭവപ്പെടുന്നുണ്ടെങ്കിലും അതിസുന്ദരമായൊരു സംഗീതാനുഭവം തന്നെയാണ് ഈ വലിയ കലാകാരന്‍മാര്‍ പകര്‍ന്നു തരുന്നത്.
നെടുനുരി കൃഷ്ണമൂര്‍ത്തി ലാല്‍ഗുഡിയോടും വെല്ലൂര്‍ രാമഭദ്രനുമൊപ്പം ചേര്‍ന്ന് അവതരിപ്പിച്ച 'മോഹനരാമ'യും ലാല്‍ഗുഡിയും ഉമയാള്‍പുരവും ഒരുമിച്ചു പാടിയ 'ഭവനുത'യും മനോഹരമായ മോഹനരാഗാവിഷ്കാരങ്ങളുടെ മുന്‍നിരയില്‍ തന്നെ കസേര വലിച്ചിട്ടിരിക്കാന്‍ തക്ക മഹത്വമാര്‍ന്നതാണ്. ലാല്‍ഗുഡിയുടെ നന്നുപാലിംപ (കാരൈക്കുടി മണിയോടൊപ്പം), എം.എസ്. ഗോപാലകൃഷ്ണന്‍റെ ഭവനുത (ടിവി ഗോപാലകൃഷ്ണനൊപ്പം) എന്നിവയും ഇതോടൊപ്പം തന്നെ പറയാം.
ഇപ്പറഞ്ഞ കൃതികളെല്ലാം ത്യാഗരാജ സ്വാമികളുടേതാണെങ്കില്‍ പാപനാശം ശിവന്‍റെ 'നാരായണ ദിവ്യനാമം' എന്ന കൃതിയുടെ അതിദീര്‍ഘമായ ആലാപനത്തിലൂടെ മധുരൈ ടി.എന്‍. ശേഷഗോപാലന്‍ മോഹനത്തിലെ മധുരോദാരമായ മറ്റൊരനുഭവം പകര്‍ന്നു തരുന്നു. എം. ചന്ദ്രശേഖരനും (വയലിന്‍), വെല്ലൂര്‍ രാമഭദ്രനും (മൃദംഗം) പക്കമേളമൊരുക്കിയ ഈ കച്ചേരിയും മോഹനരാഗത്തിന്‍റെ മഹാകാശങ്ങളിലേക്ക് ആസ്വാദകരെ നയിക്കുന്നതാണ്.
പറയുകയാണെങ്കില്‍ ഇനിയുമിനിയും ഏറെയുണ്ട് മോഹനം പകര്‍ന്നു തന്ന അനുഭൂതിയെക്കുറിച്ച്. പാടിയും പറഞ്ഞും തീരാത്ത സൌന്ദര്യാനുഭവം. സംഗീതമഹാനുഭാവന്‍മാര്‍ പണിതുയര്‍ത്തിയ രാഗഹര്‍മ്യങ്ങള്‍. കാലം കടന്ന്, കടവുകള്‍ കടന്ന് ഒരു രാഗം സഞ്ചരിക്കുന്നു, മനുഷ്യമനസ്സുകളിലൂടെ… എത്രയും പ്രിയതരമായി. എത്രയും മോഹനമായി…
Content Highlights: Explore the magic of Mohana raga in Carnatic music, its captivating melodies and its enduring legacy
Published: 06 Jul 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented