ന്തുകൊണ്ടാണ് കേരളത്തിലെ ബുദ്ധിജീവികൾ മുൻതലമുറയിലെ പാട്ടുകാരിൽ എം.ഡി. രാമനാഥനെ മാത്രം കേൾക്കുകയും മറ്റു സംഗീതജ്ഞരെക്കുറിച്ച് തികച്ചും അജ്ഞരായി നിലകൊള്ളുകയും ചെയ്യുന്നതെന്നാലോചിച്ചിട്ടുണ്ടോ? ഇതേ ബുദ്ധിജീവികളും അവരുടെ പിന്തുടർച്ചക്കാരും എന്തുകൊണ്ടാണ് വർത്തമാനകാല സംഗീതത്തിലെ സൗന്ദര്യം ടി.എം. കൃഷ്ണയുടെ സംഗീതത്തിൽ മാത്രം കാണുന്നതെന്നാലോചിച്ചിട്ടുണ്ടോ? 

To advertise here,

സച്ചിദാനന്ദൻ കവിതയിലൂടെ  (രാമനാഥൻ പാടുമ്പോൾ) എം.ഡി.ആറിനെ വാഴ്ത്തുന്നുണ്ട്. ഒരു സാഹിത്യസംവാദത്തിൽ പങ്കെടുത്തുകൊണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട്  'സംഗീതത്തെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോൾ നാം യേശുദാസിനെക്കുറിച്ചോ മുഹമ്മദ് റാഫിയെ കുറിച്ചോ അല്ല, രുദ്രഗായകനായ എം.ഡി. രാമനാഥനെക്കുറിച്ചാണ് സംസാരിക്കുന്നത്' എന്നെഴുതിയിട്ടുണ്ട്.  ഈ കവികളാണ് രാമനാഥൻ ഇഫക്ടിന് കാരണക്കാർ എന്നു പറയാനൊന്നും ഒരുതരത്തിലും കഴിയില്ലെങ്കിലും ഗൗരവമായ സംഗീതചർച്ചകളിൽ രാമനാഥൻ കൂടിയേ തീരൂ എന്നുറപ്പിക്കാൻ ഇവരടക്കമുള്ളവരുടെ സാഹിത്യ ഇടപെടൽ ഒരു കാരണമാണെന്നു തന്നെ പറയാം. സംഗീതനിരൂപകരായ കൃഷ്ണമൂർത്തിയുടെയും മധു വാസുദേവിന്റെയും രവികുമാറിന്റെയും എം.ജെ. ശ്രീചിത്രന്റെയും  തുടർച്ചയായ രചനകളും ഈ തരംഗത്തിനു കാരണമായിട്ടുണ്ട്. 

ഇവരെല്ലാം രാമനാഥ സംഗീതത്തിന് ആസ്വാദകരുടെയിടയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു എന്ന കാര്യം സമ്മതിക്കുമ്പോൾ തന്നെ, സംഗീതത്തെക്കുറിച്ചു ഗൗരവമായി സംസാരിക്കുമ്പോൾ രാമനാഥനെക്കുറിച്ചു മാത്രം സംസാരിക്കുന്നതിനു ഹേതു കൂടിയായിത്തീർന്നു എന്ന സത്യം കൂടി അംഗീകരിക്കേണ്ടി വരും. 

കർണാടകസംഗീതത്തെക്കുറിച്ച് അപൂർവമായി നടക്കുന്ന ചർച്ചകളിൽ രാമനാഥനും ഈയടുത്ത കാലത്തായി ടി.എം. കൃഷ്ണയും നിറയുന്നതു കാണുമ്പോൾ, ആസ്വാദനം പൂർണമായും ആപേക്ഷികമാണെങ്കിലും, അതിൽ സംഗീതബാഹ്യമായ ഘടകങ്ങൾ ഉണ്ടോ എന്നു സംശയിച്ചുപോകും. ഇത്രയും ഒക്കെ ആലോചിക്കാനുള്ള കാരണം നിശിതമായ സംഗീതാവബോധമുള്ള ഒരു പത്രപ്രവർത്തക സുഹൃത്തിന്റെ ഒരു ഫെയ്​സ്ബുക്ക് പോസ്റ്റും അതിനു താഴെ വന്ന അഭിപ്രായങ്ങളുമാണ്. സംഗീതം എന്നു പറയുമ്പോൾ ചലച്ചിത്ര സംഗീതം എന്നു മാത്രം തിരിച്ചറിയപ്പെടുന്ന കേരളത്തിൽ കർണാടക സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചുമെല്ലാം ആഴത്തിലുള്ള ഉൾക്കാഴ്ചയോടെ എഴുതുന്ന അദ്ദേഹത്തിന്റെ പുതിയ കുറിപ്പിലും സംഗീതത്തിനു തന്നെയാണ് പ്രാധാന്യം. പക്ഷേ, അഭിപ്രായങ്ങൾ പറയാൻ വന്നവർ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം എം.ഡി. രാമനാഥൻ എന്നു പറയുമ്പോൾ സംഗീതം അവസാനിക്കുകയും രാമനാഥൻ മതവിശ്വാസികളുടെ ജപമാലഘോഷയാത്ര ആരംഭിക്കുകയും ചെയ്യുന്നു. 

മഹത്വവൽകരിച്ച സംഗീതം രാമനാഥനിൽ തുടങ്ങുകയും കൃഷ്ണയിൽ അവസാനിക്കുകയും ചെയ്തതെങ്ങനെയെന്ന് ആലോചിച്ചാൽ അതിന്റെ ഉത്തരം ബുദ്ധിജീവികളിൽ തുടങ്ങി അവരിൽ തന്നെ അവസാനിക്കുന്നതു കാണാം. കാരണം, ശരിയായ സംഗീതാസ്വാദകർ രാമനാഥന്റെ കാമാക്ഷി സ്വരജതിയിലും (ഭൈരവി) മുസിരിയുടെ തിരുവടി ചരണത്തിലും (കാംബോജി) മധുരൈ മണി അയ്യരുടെ സരസ സാമദാനയിലും (കാപ്പി നാരായണി) ശെമ്മാങ്കുടിയുടെ ക്ഷീണമൈയിലുമെല്ലാം (മുഖാരി) സംഗീതത്തിന്റെ സൂര്യകാന്തി കണ്ടറിയുന്നവരാണ്. രാമനാഥൻ ഗായകരുടെ ഗായകനാണ് എന്ന കാര്യം തർക്കമേതുമില്ലാതെ അംഗീകരിക്കുമ്പോഴും മധുരൈ സോമുവും കെ.വി. നാരായണസ്വാമിയുമെല്ലാം പകർന്നു തരുന്ന ആനന്ദാനുഭൂതിയെ സർവാത്മനാ ആശ്ലേഷിക്കുന്നവരാണ്. മധുരൈ സോമുവിന്റെ കച്ചേരികളിൽ അദ്ദേഹത്തിന്റെ രാഗാലാപനവും നിരവലുമെല്ലാം കേൾക്കുന്നവർ ചുറ്റുപാടുകൾ മറന്നു കണ്ണീർ വാർക്കുമായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. 

ഉന്നതമായ സംഗീതാവബോധം ഉള്ളവർക്കു മാത്രം നടന്നു കയറാനാവുന്ന മഹാമേരുവാണ് എം.ഡി. രാമനാഥൻ. ആർക്കുമില്ല സംശയം. കാലപ്രമാണത്തെ വരുതിക്കു നിർത്തിയ മഹാഗായകൻ. താഴ്ന്ന പാതാളശ്രുതിയിൽ സ്വരങ്ങളെ ഗുഹാന്തരത്തിൽ നിന്നെന്നപോൽ മുഴക്കമുള്ളതാക്കിയ മഹാമാന്ത്രികൻ. അതിവേഗത്തിൽ പാടി ബൃഗകളുടെ ധാരാളിത്തം കൊണ്ട് ആസ്വാദകരെ അന്ധാളിപ്പിച്ച കർണാടക സംഗീതത്തിലെ സൂപ്പർതാരം ജിഎൻബിക്കു മറുപുറമായി വിളംബകാലത്തിന്റെ സുന്ദരവിസ്തൃതിയെ സംഗീതത്തിലേക്ക് സന്നിവേശിപ്പിച്ച ഒറ്റയാൻ. 

പക്ഷേ, രാമനാഥൻ എന്ന രാജകവാടം തുറന്നിടുന്നവർ മുസിരിയിലേക്കും അരിയക്കുടിയിലേക്കുമെല്ലാമുള്ള കിളിവാതിലുകൾ പോലും കൊട്ടിയടയ്ക്കുന്നു. കേരളത്തിൽ ആ വാതിൽ പിന്നീട് തുറക്കുന്നത് സംഗീത ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്ത ടി.എം. കൃഷ്ണയുടെ മുന്നിൽ മാത്രമാണ്. തമിഴ്നാട്ടിൽ പോലും കിട്ടാത്ത സ്വീകാര്യത കൃഷ്ണയ്ക്ക് കേരളത്തിൽ ലഭിക്കുന്നു. രാമനാഥന്റെ കാര്യത്തിൽ മുസിരിക്കും ശെമ്മാങ്കുടിക്കും സംഭവിച്ചത് കൃഷ്ണയുടെ കാര്യത്തിൽ സഞ്ജയ് സുബ്രഹ്മണ്യത്തിനും അഭിഷേക് രഘുറാമിനും സംഭവിക്കുന്നുണ്ട്.  

രാമനാഥന്റെ കാര്യത്തിൽ അദ്ദേഹത്തിന് ജീവിച്ചിരിക്കുമ്പോൾ ലഭിച്ചതിലേറെ അംഗീകാരം മരിച്ചതിനു ശേഷമാണ് ലഭിച്ചതെന്നു കാണാം. കൃഷ്ണയുടെ കാര്യത്തിൽ ഭാഗ്യവശാൽ അങ്ങനെയല്ല സംഭവിച്ചത്. മാറിയ മാധ്യമ ലോകത്തിന്റെ സവിശേഷതയും അതിനൊരു കാരണമായിട്ടുണ്ട്. സോഷ്യൽ ആക്ടിവിസ്റ്റ് എന്ന കൂടിയ പരിവേഷം കൂടി ഉൽപ്പതിഷ്ണുവായ സംഗീതജ്ഞൻ എന്നതിനു പുറമെ കൃഷ്ണയ്ക്കു ഗുണകരമായിട്ടുണ്ട്. രാജ്യാന്തര അംഗീകാരമായ മഗ്സാസെ കൂടി ലഭിച്ചതോടെ ദക്ഷിണേന്ത്യയുടെ അതിരുകൾ ഭേദിച്ച് ഒരു പാൻ ഇന്ത്യൻ അംഗീകാരം കൂടി ലഭിക്കാനും കൂടുതൽ ദേശീയ, രാജ്യാന്തര വേദികൾ ലഭിക്കാനും അദ്ദേഹത്തിനു സാധ്യമായി. 

കർണാടക സംഗീതലോകത്തെ ജാതിവെറിയെ തുറന്നു കാണിച്ചപ്പോൾ ഇപ്പോഴും യാഥാസ്ഥിതികത്വത്തെ മുറുകെ പിടിക്കുന്ന ചെന്നൈയിലെ സംഗീതലോകം ഏതാണ്ട് ഒറ്റക്കെട്ടായിത്തന്നെ അദ്ദേഹത്തെ എതിർത്തു. സാമൂഹിക തുല്യനീതിക്കു വേണ്ടി എന്നും ശബ്ദമുയർത്തുന്ന കേരളസമൂഹവും അവിടത്തെ ബുദ്ധിജീവികളും അതോടെ കൃഷ്ണയെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഏറ്റെടുക്കുകയായിരുന്നു. നാരായണ ഗുരുവിന്റെ കൃതികൾ കച്ചേരിയിൽ ഉൾപ്പെടുത്തി കൃഷ്ണ കേരളത്തിലും കർണാടക സംഗീതരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷേ, സാമൂഹ്യമാധ്യമങ്ങൾ വഴി ഷെയർ ചെയ്യപ്പെടുന്ന കൃഷ്ണയുടെ പാട്ടുകളിൽ അദ്ദേഹത്തിന്റെ ശക്തികേന്ദ്രങ്ങൾ എന്നു പറയാവുന്ന വലിയ ആലാപനങ്ങൾ അധികമായി കാണുന്നില്ല എന്നത് ആസ്വാദകരുടെ അക്ഷമയെയും അപക്വതയെയും വെളിവാക്കുന്നുണ്ട്. 

ഇതെല്ലാം വ്യക്തമാക്കുന്നത്, ആസ്വാദനം സംഭവിക്കുന്നത് അനുഭൂതി തലത്തിൽ അല്ലെന്നതാണ്. സംഗീതം മാത്രമല്ല മാനദണ്ഡം എന്നതാണ്. എങ്കിലും, ശരിയായ ആസ്വാദകർ പാട്ടുകേട്ട് കൊതിക്കുന്നുണ്ട്. അവർ രാമനാഥന്റെ മേരുസമാനയും ചക്കനി രാജയും കേൾക്കുന്നതിനൊപ്പം ശെമ്മാങ്കുടിയുടെ സ്വരരാഗസുധയും മുസിരിയുടെ എന്തനിന്നേയും കേൾക്കുന്നു.    

ശ്രുതിഭേദം: എല്ലാ ബുദ്ധിജീവികളും എം.ഡി. രാമനാഥൻ എന്നു പറഞ്ഞപ്പോൾ ഒ.വി. വിജയൻ പറഞ്ഞത് മധുര മണിയെക്കുറിച്ചായിരുന്നു. ഇതിഹാസത്തിന്റെ ഇതിഹാസത്തിലാണ് വിജയൻ മധുരൈ മണി അയ്യരെക്കുറിച്ച് പറയുന്നത്. തനിക്കേറ്റവും ഇഷ്ടപ്പെട്ട ഗായകൻ എന്നു വിശേഷിപ്പിക്കുമ്പോഴും മണി അയ്യരുടെ എല്ലാ ആവിഷ്കാരങ്ങളും തനിക്ക് ആസ്വദിക്കാൻ കഴിയാറില്ല എന്നു വിജയൻ തുറന്നു പറയുന്നുമുണ്ട്. ഒ.വി. വിജയന്റെ പ്രിയപ്പെട്ട പാട്ടുകാരനായിട്ടുപോലും മധുരൈ മണി അയ്യർക്കോ അദ്ദേഹത്തിന്റെ സംഗീതത്തിനോ കേരളത്തിൽ മറ്റൊരു പ്രശസ്തന്റെ കൂടി പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞില്ല.