'കര്‍ണാടകസംഗീതം മരിക്കുകയൊന്നുമല്ല, പക്ഷേ, അവിടെ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ ഗൗരവമായ സംവാദം നടക്കേണ്ടത് ആവശ്യമാണ്.' 
പറഞ്ഞത് പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണയാണ്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് ഒരു ഫെയ്സ്​ബുക്ക് പോസ്റ്റിലൂടെ കൃഷ്ണ തന്‍റെ സന്ദേഹങ്ങളും ചിന്തകളും സംഗീതലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ഏതാണ്ട് അതേ സമയത്തു തന്നെ, പ്രമുഖ സംഗീതജ്ഞനായ ചേര്‍ത്തല രംഗനാഥ ശര്‍മ്മയും സമാനമായ ചില ആശങ്കകള്‍ ഫെയ്സ്ബുക്കിലൂടെ പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കലാകാരന്‍റെ പ്രതിഫലത്തെച്ചൊല്ലിയുള്ള പ്രതിഷേധ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹവും ഈ വിഷയത്തെ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

To advertise here,

ഈയിടെ കേരളത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍, മുതിര്‍ന്ന കലാകാരനായ പ്രൊഫ. വൈക്കം വേണുഗോപാലും അപായസൂചനകള്‍ നല്‍കിയിരുന്നു. കലാകാരന്മാർ ഒറ്റയ്ക്കും കൂട്ടായും പ്രകടിപ്പിച്ചിരുന്ന ആശങ്കകള്‍ ഇവര്‍ പരസ്യമായി പറഞ്ഞു എന്നേയുള്ളൂ. കര്‍ണാടക സംഗീതം മരിക്കുന്നില്ല എന്ന് ടി.എം. കൃഷ്ണ പറഞ്ഞെങ്കിലും, കേരളത്തിലെങ്കിലും ഈ സംഗീതശാഖ പരിതാപകരമായ അവസ്ഥയിലാണ്.

“ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികളില്‍ നിന്ന് കര്‍ണാടക സംഗീതം ഏതാണ്ട് പുറത്തായ മട്ടാണ്. കലാകാരന്മാരും സംഘടനകളും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തണം” എന്നാണ് കോട്ടയത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ വേണുഗോപാല്‍ പറഞ്ഞത്. വിരലിലെണ്ണാവുന്ന മുന്‍നിര കലാകാരന്മാരെ മാറ്റിനിര്‍ത്തിയാല്‍ സംഗീതലോകത്ത് ബാക്കിയുള്ളവരുടെ കാര്യം കുറച്ചു കഷ്ടമാണെന്നാണ് മറ്റൊരു തരത്തില്‍ കൃഷ്ണയും പറഞ്ഞത്. കലയിലേക്ക് സമര്‍പ്പിതരായി, തങ്ങളുടെ കലയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ട കലാകാരന്മാർ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്വയം പ്രചാരണം നടത്തി തങ്ങളുടെ സര്‍ഗാത്മകമായ സമയവും അധ്വാനവും ചെലവഴിച്ച് നിലനില്‍ക്കാനുള്ള പോരാട്ടത്തിലാണെന്ന് കൃഷ്ണ പറയുന്നുണ്ട്.

കല ഉപജീവനത്തിനുള്ള ഏകമാര്‍ഗമായി സ്വീകരിക്കാന്‍ സാധ്യമല്ലാത്ത ഒരു സാമൂഹികാന്തരീക്ഷത്തിലാണ് കേരളത്തിലെ സംഗീതജ്ഞര്‍ ശ്രുതിചേര്‍ത്ത് പാടാന്‍ ശ്രമിക്കുന്നത്. വായ്പാട്ടുകാരെക്കാള്‍ ഗതികേടിലാണ് പക്കമേളം വായിക്കുന്ന കലാകാരന്മാരുടെ കാര്യം എന്നതും കൃഷ്ണ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഭിജാതലാളനമേറ്റു വളര്‍ന്നതാണ് കേരളത്തിലെ മിക്കവാറും ക്ഷേത്രകലകളെല്ലാം തന്നെ. രാജഭരണവും ജന്മിത്തവും നാടുനീങ്ങിയിട്ടും ഭൂതകാലത്തിലെ ‘അഭിജാത ബാന്ധവം’ കലയെ സംബന്ധിച്ചിടത്തോളം വെട്ടിമുറിച്ചു നീക്കപ്പെട്ടില്ല. ജനാധിപത്യത്തിന്‍റെ പുഷ്കലകാലത്തും കല ബഹുമാനിക്കപ്പെടുകയും കലാകാരന്മാര്‍ക്ക് വേദികള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷേ, കോവിഡിന്‍റെ കടന്നുവരവും തുടര്‍ന്നുണ്ടായ അടച്ചിടലുകളും കലാരംഗത്തിനേറ്റ വലിയ  തിരിച്ചടിയായിരുന്നു. കലാവിഷ്കാരത്തിന് സാമൂഹികമാധ്യമങ്ങള്‍ മതി എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. കോവിഡാനന്തര കേരളം ക്ഷേത്രകലകളോട് വളരെ ക്രൂരമായാണ് പ്രതികരിച്ചത്.

“നിറയെ സംഗീതക്കച്ചേരികളും കഥകളിയും ഒക്കെ നടന്നിരുന്ന ഒരുപാട് വലിയ ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ അത്തരം പരിപാടികള്‍ ഒന്നും നടക്കുന്നില്ല. മുന്‍നിരയിലുള്ള വിരലിലെണ്ണാവുന്ന കലാകാരന്‍മാര്‍ ഒഴികെ ആര്‍ക്കും അങ്ങനെ തുടര്‍ച്ചയായി പരിപാടികള്‍ ഒന്നും ലഭിക്കുന്നില്ല. ഉത്സവ സീസണ്‍ തുടങ്ങുന്ന നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ആറു മാസത്തെ പരിപാടികള്‍ കൊണ്ട് ബാക്കിയുള്ള ആറു മാസത്തേക്ക് ജീവിക്കാനുള്ള പണം സമ്പാദിച്ചിരുന്ന കലാകാരന്മാരുടെയൊക്കെ അവസ്ഥ വളരെ ദയനീയമായി” തെക്കന്‍ കേരളത്തിലെ ഒരു കലാകാരന്‍ പേരു പറയരുതെന്ന നിബന്ധനയോടെ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

ഉന്നത നിലവാരമുള്ള ചെറുപ്പക്കാരുടെ കടന്നുവരവും പരിപാടികള്‍ കുറയുന്നതിനുള്ള ഒരു കാരണമായി പറയുന്നുണ്ട് ഇദ്ദേഹം. “മുന്‍പൊക്കെ ഒന്നാംതരമായി വായിക്കുന്നവര്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ കുറെയേറെ പരിപാടികള്‍ ഈ കലാകാരന്‍മാര്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു പോവുന്നുണ്ട്. എങ്കില്‍ പോലും ക്ഷേത്രോത്സവങ്ങളില്‍ പരിപാടികള്‍ കുറഞ്ഞിട്ടുണ്ട് എന്നതൊരു വസ്തുതയാണ്”- കലാകാരന്‍ പറഞ്ഞു.

“കലാകാരന്‍മാര്‍, വിശേഷിച്ചും കര്‍ണാടകസംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വലിയ പ്രതിസന്ധി നേരിടുന്നുണ്ട് എന്നതൊരു സത്യമാണ്. മുന്‍പ് ധാരാളമായി കച്ചേരികള്‍ നടന്നിരുന്ന മലബാറിലെ പല വലിയ ക്ഷേത്രങ്ങളിലും ഇപ്പോള്‍ സംഗീതക്കച്ചേരികള്‍ നടക്കാറില്ല. അപൂര്‍വം സ്ഥലങ്ങളില്‍ ഇല്ലെന്നല്ല, അതും പേരിനു മാത്രമാണ്. മാത്രവുമല്ല, ഇത്തരം കലാപരിപാടികളില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും തുലോം തുച്ഛമാണ്”-കണ്ണൂരിലെ പ്രശസ്ത സംഗീതവിദ്വാന്‍ ആയ എടയാര്‍ ശങ്കരന്‍ നമ്പൂതിരി പറയുന്നു.

“ക്ഷേത്രകലകള്‍ നില നിന്നിരുന്നതു തന്നെ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളില്‍ ലഭിച്ചിരുന്ന പ്രാതിനിധ്യവും പ്രാമാണ്യവും കൊണ്ടാണ്. ക്ഷേത്രങ്ങള്‍ ഈ കലാകാരന്മാർക്കു മുന്നില്‍ വാതിലടച്ചതോടെയാണ് പ്രതിസന്ധി ഇത്ര രൂക്ഷമായത്”-ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

കലയെയും കലാകാരന്‍മാരെയും ആദരിക്കാന്‍ മടിക്കുന്ന പുതിയ കാലത്തെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും ഇദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. “രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ക്ഷേത്ര കമ്മിറ്റികള്‍ ഭരിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരാണ് പുതിയ കാലത്തെ ഭാരവാഹികള്‍. അവരെ സംബന്ധിച്ചിടത്തോളം കലയും കലാകാരന്‍മാരും സംസ്കാരവും ഒന്നും ഒരു പ്രശ്നമല്ല. ക്ഷേത്ര ഭരണവും അതിലൂടെ ഭക്തരുടെ വോട്ടുകളും മാത്രം ലക്ഷ്യമിട്ട് രംഗത്തിറങ്ങുന്നവരാണിവര്‍. കഷ്ടകാലത്തിന് പരിപാടി അവതരിപ്പിക്കാന്‍ ഇവരുടെ മുന്നില്‍ പെടുന്ന കലാകാരന്‍മാരുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം”-അദ്ദേഹം പറഞ്ഞു.

“സംഗീതവും മറ്റു ക്ഷേത്രകലകളും ഒക്കെ അവതരിപ്പിക്കാന്‍ ക്ഷേത്രങ്ങളല്ലാതെ മറ്റു വേദികള്‍ ലഭിക്കാന്‍ പ്രയാസമാണ്. പക്ഷേ, കോവിഡിനു ശേഷം, ക്ഷേത്ര ഭാരവാഹികള്‍ക്ക് പണം കൊടുത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മടിയാണ്”-ശങ്കരന്‍ നമ്പൂതിരി പറഞ്ഞു.

സംഗീതവും നൃത്തവും കഥകളിയുമെല്ലാം പഠിച്ച് കലാകാരന്മാരായി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചവരില്‍ പലരും ഇപ്പോള്‍ മറ്റെന്തെങ്കിലും ജോലി കൂടി ചെയ്തിട്ടാണ് ഉപജീവനം നടത്തുന്നത്. ഇവിടെയാണ് കൃഷ്ണ പറയുന്ന കാര്യം പ്രസക്തമാവുന്നത്. സ്വന്തം കലയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ മികവിലേക്ക് എത്തിക്കുകയും ചെയ്യേണ്ട കലാകാരന്‍മാര്‍ക്ക് അതിനു സാധിക്കാതാവുന്ന സാമൂഹിക സാഹചര്യത്തെക്കുറിച്ച് കലാകാരന്‍മാരും കലാസംഘടനകളും ചര്‍ച്ച ചെയ്യണം എന്നാണ് കൃഷ്ണ പറഞ്ഞത്.

കോവിഡാനന്തര കേരളത്തില്‍ ഗൗരവത്തോടെയുള്ള കലാപഠനം സാവധാനത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് മധ്യകേരളത്തില്‍ നിന്നുള്ള ഒരു സംഗീതാധ്യാപകന്‍ പറയുന്നു. “ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പഠന സമ്പ്രദായവും കടുത്ത സാധകമുറകളുമെല്ലാം ഇത്തരം കലകളെ സമീപിക്കുന്നതില്‍ നിന്ന് ഭൂരിഭാഗം ജനങ്ങളെയും തടയുന്നു. സമകാലിക ലോകത്തില്‍ ഈ കലകള്‍ക്ക് ലഭിക്കുന്ന അവഗണനയും അവര്‍ കാണുന്നുണ്ട്. ഇത്രയുമൊക്കെ ശ്രമം എടുത്തിട്ട് എന്തു ഫലം എന്നാണ് അവര്‍ ചോദിക്കുന്നത്. ആ സമയം മറ്റെന്തെങ്കിലും കാര്യം ചെയ്യാം എന്ന് അവര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല”- നിരാശതയോടെ ആ കലാകാരന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തന്നെ പലര്‍ക്കും മടിയാണ്. ഇപ്പോള്‍ കിട്ടുന്ന അവസരം തന്നെ നഷ്ടമാകുമോ എന്ന ഭയമാണ് ചിലര്‍ക്കെങ്കില്‍, മറ്റു കലാകാരന്‍മാര്‍ എന്തു പറയും എന്ന ചിന്തയാണ് മറ്റു ചിലര്‍ക്ക്. അവസരങ്ങളില്ല എന്ന കാര്യം പുറത്തു വിളിച്ചു പറയേണ്ടതുണ്ടോ എന്ന സംശയമാണ് ഇനിയും വേറെ ചിലര്‍ക്ക്.

പക്ഷേ, സ്ഥിതി വളരെ മോശമാണെന്ന് കൃഷ്ണയെയും രംഗനാഥ ശര്‍മ്മയെയും വൈക്കം വേണുഗോപാലിനെയും പോലെയുള്ളവര്‍ തന്നെ പരസ്യമായി പറയുകയാണ്. സംഗീതത്തില്‍ മാത്രമല്ല, ക്ഷേത്രോത്സവങ്ങളുടെ പരിലാളനയേറ്റു വളര്‍ന്ന മിക്കവാറും കലകളുടെയും അവസ്ഥ ഇതാണെന്ന് കലാരംഗത്തുള്ളവര്‍ പറയുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നത് കലയിലെ ജനാധിപത്യമാണെന്നും നിലനില്‍ക്കാനുള്ളത് മാത്രമേ നിലനില്‍ക്കൂ എന്നും മറുവാദമുന്നയിക്കുന്നവരുണ്ട്. അല്‍പ്പം കടത്തിപ്പറഞ്ഞുവെന്ന തോന്നലുളവാക്കിയെങ്കിലും മധ്യകേരളത്തിലെ സംഗീതാധ്യാപകന്‍ പറഞ്ഞതു പോലെ, ഒരു കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തില്‍ കര്‍ണാടക സംഗീതത്തെ മ്യൂസിയത്തില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന നില വരുമോ? സംഗീതലോകത്തു നിന്നുള്ളവരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ കലയുടെ ലോകത്ത് കാറ്റ് മാറി വീശിത്തുടങ്ങി എന്നു തന്നെ കാണേണ്ടി വരും.