കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഒക്ടബോര്‍ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമര്‍ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു. കുടുംബാം​ഗങ്ങളിൽ നിന്ന് അകന്ന് ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂര്‍ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും.

To advertise here,

ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. റിതിക് തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓർഡർ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓർഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓർഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു. 

നാല് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 4.2 മില്ല്യൺ ആളുകളാണ് കണ്ടത്. ദീപാവലി ദിനവും ജോലി ചെയ്യുന്ന റിതിക്കിന്റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവർക്കും ആഘോഷങ്ങൾ ഒരേപോലെയല്ലെന്ന് ചിലർ കമന്റ് ചെയ്തു. ഈ കാരണംകൊണ്ടാണ് ഫുഡ് ഓർഡർ ചെയ്യുമ്പോൾ അവർക്ക് ടിപ്പ് നൽകുമെന്ന് ഉറപ്പുവരുത്തുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങാനാകുമെങ്കിൽ ഡെലിവറി ബോയ്സിന് ടിപ്പ് നൽകാനാകുമെന്നും ചിലർ കമന്റിട്ടു.