മുംബൈ: സോഷ്യൽ മീഡിയയിൽ വൈകാരിക വീഡിയോയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. വൃദ്ധസദനത്തിൽ താമസിക്കുന്നതായി താരം വീഡിയോയിൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകയാണ് ഈ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.

To advertise here,

വൃദ്ധസദനത്തിലെ സൗകര്യങ്ങളെ കാംബ്ലി പ്രശംസിച്ചു. ''ഞാൻ ഇപ്പോൾ ചികിത്സയിലാണ്. ഇവിടത്തെ സൗകര്യങ്ങൾ മികച്ചതാണ്. ഇവിടെ കഴിയുമ്പോൾ, വീട്ടിൽനിന്ന് അകലെയാണെന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല. ഇവിടയുള്ളവരിൽനിന്ന് വലിയ സ്നേഹവും ആദരവും എനിക്ക് ലഭിക്കുന്നുണ്ട്''-വീഡിയോയിൽ കാംബ്ലി പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്‌നങ്ങളോട് പോരാടുന്ന കാംബ്ലി വിഡിയോയിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്നുണ്ട്. താനെയിലെ 'നിദാൻ സെന്റർ ഫോർ എൽഡർലി കെയർ' എന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് നിലവിൽ കാംബ്ലി. വയോജന പരിപാലന കേന്ദ്രം സന്ദർശിക്കാനെത്തിയ ആളുകളാണ് കാംബ്ലിയുമായി സംസാരിക്കുന്ന വിഡിയോ പകർത്തിയത്.

ഇന്ത്യക്കായി 104 ഏകദിനങ്ങളിൽനിന്ന് 2477 റൺസും 17 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 1084 റൺസും കാംബ്ലി നേടിയിരുന്നു. എന്നാൽ, രാജ്യാന്തര കരിയറിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്‌നങ്ങളുമാണ് കാംബ്ലിയെ അലട്ടിയത്.