അച്ഛനായതിന്റെ സന്തോഷവാര്‍ത്ത പങ്കുവെച്ച് യൂട്യൂബര്‍ കെ.എല്‍.ബ്രോ. കെ.എല്‍. ബ്രോ എന്ന് അറിയപ്പെടുന്ന കെ.എല്‍. ബിജുവിനും ഭാര്യ കവിക്കും ആണ്‍കുഞ്ഞാണ് പിറന്നത്. കുഞ്ഞുപിറന്ന വിവരം യൂട്യൂബ് ചാനലിലൂടെ കെ.എല്‍. ബിജു തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. കുട്ടിയെ വീഡിയോയില്‍ കാണിക്കരുതെന്ന് എല്ലാവരും പറയുമെന്നും പക്ഷേ അങ്ങനെ കരുതുന്നില്ലെന്ന് ബിജു പറഞ്ഞു. എല്ലാ സന്തോഷവും യൂട്യൂബ് കുടുംബവുമായി പങ്കുവെയ്ക്കാറുണ്ട്. ഇതും പങ്കുവെയ്ക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കുട്ടിയെ അദ്ദേഹം ആരാധകരെ കാണിച്ചത്. വീഡിയോയില്‍ അദ്ദേഹം വികാരാധീനനാകുകയും ചെയ്തു.  

To advertise here,

' ഇന്നലെ വൈകുന്നേരമാണ് കവിയേയും കൂട്ടി ഡെലിവറിക്കായി ആശുപത്രിയിലെത്തിയത്. സന്തോഷമുള്ള സമയമാണ്. ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. കവി പ്രസവിച്ചു. ആണ്‍കുട്ടിയാണ്. നോര്‍മല്‍ ഡെലിവറിയാണ്. ലേബര്‍റൂമില്‍ ഞാനും ഒപ്പമുണ്ടായിരുന്നു. കുട്ടിയേയും അമ്മയേയും കണ്ടും. കുഴപ്പമൊന്നുമില്ല. എല്ലാവരേയും കാണിച്ചു. സന്തോഷമുള്ള നിമിഷമാണ്. യൂട്യൂബ് കുടുംബത്തിലെ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. വീട്ടുകാര്‍ കാത്തിരുന്നത് പോലെ യൂട്യൂബ് കുടുംബത്തിലെ ഓരോരുത്തരും കാത്തിരുന്നു എന്ന് അറിയുന്ന സന്തോഷം വലുതാണ്.' - ബിജു പറഞ്ഞു. 

കേരളത്തില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുട്യൂബ് ചാനലാണ് കെ എല്‍ ബ്രോ ബിജു ഋത്വിക് . ബിജുവും അമ്മയും മകന്‍ ഋത്വിക്കും ഭാര്യയും മരുമകളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. നിലവില്‍ 66.3 മില്യണ്‍ (6.63 കോടി) സബ്‌സ്‌ക്രൈബേഴ്‌സാണ് ചാനലിനുള്ളത്. നേരത്തെ 50 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആയപ്പോൾ ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നതെന്ന് ബിജു പറഞ്ഞിരുന്നു.