കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംശയത്തെത്തുടർന്ന് യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഇയാൾ ഓടിച്ച ഥാർ മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

To advertise here,

അപകടത്തെ തുടർന്ന് വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളായ നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ പോലീസ് എത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരോട് തട്ടിക്കയറി.

അപകടം നടക്കുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഇയാൾ ഓടിച്ച ഥാർ ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ വൈദ്യപരിശോധനയ്ക്കായി ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.