കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ അശ്ലീല-നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യൂട്യൂബറായ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ റൂറൽ സൈബർ പോലീസ് എറണാകുളം സി.ജെ.എം കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

To advertise here,

തൊപ്പിയും സുഹൃത്തുക്കളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇത്തരം ദൃശ്യങ്ങൾ പങ്കുവെച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പരാതികൾ ശക്തമായതിനെ തുടർന്ന് സംസ്ഥാന ഡി.ജി.പി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനൽ നീക്കംചെയ്യാനായി പോലീസ് യൂട്യൂബിന് കത്ത് നൽകുകയും തുടർന്ന് ചാനൽ നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. പിന്നീട് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇതിനുപിന്നാലെ പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.