അത്യാഡംബരം നിറഞ്ഞ, ഏറ്റവും ചെലവേറിയ വിവാഹം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ വരുന്ന ഉത്തരം മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം എന്നതാണ്. ഏകദേശം 400 കോടി രൂപയാണ് ഇഷയുടേയും ആനന്ദ് പിരാമലിന്റേയും വിവാഹത്തിനായി ചെലവായത്. എന്നാല്‍ ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹം ഇതല്ല.
ഇഷയുടെ വിവാഹം നടക്കുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതിന്റെ ഇരട്ടിയിലധികം തുക ചെലവാക്കി ഒരു ആഡംബര വിവാഹം നടന്നിട്ടുണ്ട്. ഡയാന രാജകുമാരിയുടേയും ചാള്‍സ് രാജാവിന്റേയും വിവാഹം. 110 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 914 കോടി രൂപ) ആണ് ഈ രാജകീയ വിവാഹത്തിനായി രാജകുടുംബം ചെലവഴിച്ചത്.
1981 ജൂലെ 29-ന് ബ്രിട്ടനിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന ഈ വിവാഹം 28.4 ദശലക്ഷം ആളുകളാണ് കണ്ടത്. വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തിലാണ് ചാള്‍സ് വിവാഹവേദിയിലെത്തിയത്. തവിട്ട്‌നിറത്തിലുള്ള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പമാണ് ഡയാന എത്തിയത്. 250 സംഗീതജ്ഞരുടെ തത്സമയ പരിപാടിയാണ് വിവാഹാഘോഷത്തിന് മാറ്റുകൂട്ടാനുണ്ടായിരുന്നത്. 1400 ക്ഷണിക്കപ്പെട്ട അതിഥികളും വിവാഹത്തില്‍ പങ്കെടുത്തു. ഇതിനുപുറമെ പുതിയ രാജകുമാരിയെ കാണാനും വരവേല്‍ക്കാനും ബ്രിട്ടന്റെ തെരുവുകളില്‍ ആറു ലക്ഷത്തോളം ആളുകള്‍ അണിനിരയ്ക്കുകയും ചെയ്തു.

അന്ന് ഡയാന രാജകുമാരി ധരിച്ച വസ്ത്രം 42 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹവസ്ത്രമായി തുടരുന്നു. പതിനായിരം മുത്തുകള്‍ തുന്നിച്ചേര്‍ത്ത് അലങ്കരിച്ച ഐവറി നിറത്തിലുള്ള സില്‍ക്ക് ഗൗണായിരുന്നു ഡയാനയുടെ ഔട്ട്ഫിറ്റ്. 7.6 മീറ്റര്‍ നീളമുള്ള ട്രെയ്‌നും (ഗൗണിന്‍റെ പിന്‍ഭാഗത്തെ നീളമുള്ള ഭാഗം) 140 മീറ്റര്‍ നീളമുള്ള ശിരോവസ്ത്രവുമായിരുന്നു പട്ടുകൊണ്ട് നിര്‍മിച്ച ഈ ഗൗണിന്റെ പ്രത്യേകത. ഫാഷന്‍ ഡിസൈനര്‍മാരായ ദമ്പതികള്‍ ഡേവിഡും എലിസബത്ത് ഇമ്മാനുവലുമാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
എന്നാല്‍ വിലയുടെ കാര്യത്തില്‍ ഈ ഗൗണിന് ഇഷയുടെ ഗോള്‍ഡന്‍ ലെഹങ്കയെ പിന്നിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് ഏകദേശം നാല് കോടി രൂപയാണ് ഡയാനയുടെ ഗൗണിന്റെ വില വരിക. എന്നാല്‍ ഇഷ അണിഞ്ഞ ലെഹങ്കയുടെ വില 90 കോടി രൂപയാണ്.
വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ കാര്യത്തിലും രാജകീയ വിവാഹം തന്നെയാണ് ഒന്നാമത്. നിശ്ചയത്തിനും വിവാഹത്തിനുമായി മുവായിരത്തില്‍ അധികം സമ്മാനങ്ങളാണ് ഇരുവര്‍ക്കും ലഭിച്ചത്. വിലയേറിയ വജ്രാഭരണങ്ങളും അമൂല്യവും അപൂര്‍വവുമായ വാച്ചുകളും കോടികള്‍ വിലമതിക്കുന്ന പാത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: worlds most expensive wedding cost Rs 914 crore, bride wore Rs 4.1 crore dress not isha ambani
Published: 28 Sept 2023, 06:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented