അമിതവണ്ണം കുറയ്ക്കാനും ഭാരം കൂട്ടാനുമെല്ലാം ഭക്ഷണത്തില്‍ മാറ്റം വരുത്തുകയും പുതിയ ഡയറ്റുകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍, ഇത് അമിതമായാല്‍ ശരീരത്തെ ബാധിക്കും. അത്തരത്തില്‍ 'ഫ്രൂട്ടേറിയന്‍' ഡയറ്റ് മാത്രം പിന്തുടര്‍ന്ന 27 വയസുകാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്. വേവിക്കാത്ത പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും മാത്രം കഴിക്കുന്ന ഭക്ഷണരീതിയാണ് ഫ്രൂട്ടേറിയന്‍ ഡയറ്റ്.
ബാലിയിലെ ഹോട്ടല്‍ മുറിയിലാണ് കരോലിന ക്രിസക്കിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെറും 22 കിലോഗ്രാം ഭാരം മാത്രമുണ്ടായിരുന്ന യുവതി പോഷകാഹാരക്കുറവ് മൂലമാണ് മരിച്ചത്.
ബാലിയിലെ സംബര്കിമ ഹോട്ടലില്‍ റൂമെടുക്കാന്‍ വന്നപ്പോള്‍തന്നെ ഇവര്‍ ക്ഷീണിതയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. കുഴിഞ്ഞ കണ്ണുകളും പുറത്തേക്ക് തള്ളിനില്ക്കുന്ന തോളെല്ലുമുണ്ടായിരുന്ന അവര്‍ നന്നായി മെലിഞ്ഞ രൂപമായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കുന്നു. ഒരു ദിവസം ഹോട്ടല്‍ മുറിയിലേക്ക് നടന്നുപോകാന്‍ പോലും കഴിയാതെ വന്നു. അത്രയ്ക്ക് ക്ഷീണിതയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് മുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അവരുടെ ആരോഗ്യം ക്ഷയിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. കൈനഖങ്ങള്‍ മഞ്ഞനിറമാവുകയും പല്ലുകള്‍ ദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തില്‍ പോഷകാഹരക്കുറവിന്റെ ഗുരുതരമായ ലക്ഷണങ്ങളുമുണ്ടായിരുന്നു. അതിഥിയുടെ ഈ അവസ്ഥയില്‍ ആശങ്ക തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ കരോലിനയോട് പലതവണ ഡോക്ടറെ കാണാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ അതെല്ലാം നിരസിച്ചു.
താമസം തുടങ്ങി മൂന്നാം ദിവസം, കരോലിനയുടെ ഒരു പ്രാദേശിക സുഹൃത്തില്‍നിന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. അവര്‍ വന്നതിന് ശേഷം യാതൊരു വിവരവുമില്ലെന്ന് സുഹൃത്ത് അറിയിച്ചതോടെ ജീവനക്കാര്‍ക്ക് ആശങ്കയായി. മുറിയിലെത്തി പരിശോധിച്ചപ്പോള്‍ കരോലിനയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഫ്രൂട്ടേറിയന്‍ ഡയറ്റ് അപകടകരമാണോ?
മരിക്കുമ്പോള്‍ കരോലിനയ്ക്ക് ഓസ്റ്റിയോപൊറോസിസും (അസ്ഥിക്ഷയം) ആല്ബുമിന് കുറവും ഉണ്ടായിരുന്നു. ദീര്‍ഘകാലമായി പോഷകാഹാരക്കുറവുള്ളവരിലാണ് ഇത് കാണുക. കരോലിനയ്ക്ക് പണ്ടുമുതലേ സ്വന്തം ശരീരത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്നും കൗമാരപ്രായത്തില്‍ വിശപ്പില്ലായ്മയ്ക്ക് (അനോറെക്സിയ) ചികിത്സ തേടിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
പിന്നീട്, യുകെയില്‍ പഠിക്കുമ്പോള്‍ അവര്‍ യോഗയില്‍ താത്പര്യം കാണിച്ചു. വീഗനായി മാറി. ഇത് ഒടുവില്‍ അവരെ 'ഫ്രൂട്ടേറിയനിസത്തിലേക്ക്' നയിക്കുകയായിരുന്നു. വളരേയധികം മെലിഞ്ഞിട്ടും ക്ഷീണിതയുമായിട്ടാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് കണ്ട് മാതാപിതാക്കളും സുഹൃത്തുക്കളും ചികിത്സ തേടാന്‍ പലതവണ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
Content Highlights: woman starves to death in bali hotel room after adopting fruitarian diet
Published: 03 Oct 2025, 05:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented