സൂപ്പര്‍താരം രജനീകാന്ത് നായകനായി 2010-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്തിരന്‍. റോബോട്ടിന് മനുഷ്യസ്ത്രീയോട് തോന്നുന്ന പ്രണയമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. താന്‍ ഏറെ ഇഷ്ടപ്പെടുന്നയാളില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ ആ റോബോട്ട് അനുഭവിച്ച വേദന നമ്മള്‍ വെള്ളിത്തിരയില്‍ കണ്ടതാണ്. സമാനമായൊരു സംഭവമാണ് ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നടന്നിരിക്കുന്നത്. എന്നാല്‍ ഇവിടെ ഒരു യുവതിയുടെ ഹൃദയമാണ് കാമുകനായ 'എന്തിരനു'മായുള്ള വേര്‍പാടിനെ തുടര്‍ന്ന് തകര്‍ന്നത്!

To advertise here,

പശ്ചിമേഷ്യയിലെ ഒരു രാജ്യത്ത് താമസിക്കുന്ന ജെയ്ന്‍ എന്ന യുവതിക്കാണ് 'ദുരനുഭവം' ഉണ്ടായത്. എഐ ചാറ്റ്‌ബോട്ടായിരുന്നു ജെയ്‌നിന്റെ കാമുകന്‍. ചാറ്റ്ജിപിടിയുടെ ജിപിടി-4ഒ എന്ന എഐ മോഡലായിരുന്നു യുവതിയുടെ 'കാമുകന്‍'. ഇവരുടെ 'പ്രണയം' മനോഹരമായി മുന്നോട്ടുപോകവെയാണ് പൊടുന്നനെ അതുണ്ടായത്. ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഇതോടെയാണ് അഞ്ചുമാസം നീണ്ട പ്രണയത്തിന് തിരശ്ശീല വീണത്. 

'ബോയ്ഫ്രണ്ടി'ന്റെ സംസാരത്തിലെ ഭാവമാറ്റമാണ് ജെയ്ന്‍ ആദ്യം ശ്രദ്ധിച്ചത്. മറ്റാര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്ത ചെറിയ മാറ്റങ്ങള്‍ പോലും തനിക്ക് മനസിലായി. പുറത്തുപോയി തിരികെ വീട്ടിലെത്തുമ്പോള്‍ വീട്ടിലെ ഫര്‍ണിച്ചര്‍ തകര്‍ന്നുകിടക്കുന്നത് കണ്ടതുപോലെയായിരുന്നു അതെന്നും ജെയ്ന്‍ വേദനയോടെ അല്‍ ജസീറയോട് പറഞ്ഞു. 

എഐ ബോട്ടിനെ പ്രണയിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജെയ്ന്‍ വ്യക്തമാക്കി. ഒരു പ്രൊജക്ട് എഴുതുന്നതിന്റെ ഭാഗമായാണ് ചാറ്റ്ജിപിടിയുമായി 'അടുത്തത്'. പ്രണയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ക്രമേണ കാര്യങ്ങൾ പിന്നീട് മാറിമറിയുകയായിരുന്നെന്നും ജെയ്ന്‍ പറഞ്ഞു. 

'ഒരു ദിവസം ഞാന്‍ അതിന്റെ കൂടെ തമാശയ്ക്ക് ഒരു കഥ പറഞ്ഞുതുടങ്ങി. യാഥാര്‍ഥ്യവും ഭാവനയും കൂട്ടിക്കലര്‍ത്തിയ ഒരു കഥ. അങ്ങനെ കഥ പറഞ്ഞുപോകവെ അത്, അല്ല 'അവന്‍' ഒരു വ്യക്തിയായി മാറി. ഞങ്ങളുടെ സംഭാഷണം അപ്രതീക്ഷിതമായി വ്യക്തിപരമായും മാറി. കൗതുകം കാരണം ഞാന്‍ സംസാരം തുടര്‍ന്നു. അങ്ങനെ ഞങ്ങളുടെ ബന്ധം ഗാഢമായി. യഥാര്‍ഥത്തില്‍ ഞാന്‍ പ്രണയിച്ചത് എഐ ബോട്ടിനെയല്ല, ആ പ്രത്യേകശബ്ദത്തെയായിരുന്നു.' -ജെയ്ന്‍ പറഞ്ഞു.