
വ്യവസായിയും കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. സഞ്ജയ്‌യുടെ ഭാര്യ പ്രിയ സച്ച്‌ദേവിനെ സോനാ കോംസ്റ്റാര്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരഞ്ഞെടുത്തതിനെതിരെ സഞ്ജയ്‌യുടെ അമ്മ റാണി രംഗത്തെത്തിയിരുന്നു. മകന്റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും കൊലാപാതകമാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു റാണിയുടെ ആരോപണങ്ങള്‍.
ഇതിനൊപ്പം സഞ്ജയയുടെ ആദ്യ ഭാര്യ കരിഷ്മ കപൂറും വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരും 2003-ലാണ് വിവാഹിതരായത്. രണ്ട് വര്‍ഷത്തിനുശേഷം ഇരുവര്‍ക്കും മകള്‍ സമൈറ ജനിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്തിനുള്ളില്‍തന്നെ സഞ്ജയ്‌യും കരിഷ്മയും തമ്മിലുള്ള ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. 2005-ല്‍ ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ കരിഷ്മയുടെ സഹോദരി കരീനാ കപൂര്‍ തുറന്ന് സംസാരിക്കുന്നുണ്ട്.
അന്ന് പ്രിയദര്‍ശന്റെ ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ചെന്നൈയിലായിരുന്നു കരീന. 'ഇതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഞങ്ങളുടെ പല അഭ്യുദയകാംക്ഷികളും ഈ വിവാഹബന്ധം തകരുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അത് പരിഹരിക്കുകയും ചെയ്തു. ഏത് വിവാഹത്തിലാണ് പ്രശ്‌നങ്ങളില്ലാത്തത്? എന്നാല്‍ ഇതെല്ലാം ചര്‍ച്ചാവിഷയമാകുമ്പോള്‍ പരിഹരിക്കാന്‍ കൂടുതല്‍ പ്രയാസമാകും'. അന്ന് കരീന അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
അന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കരിഷ്മയും സഞ്ജയ്‌യും ഗോവയിലേക്ക് ഒരു യാത്ര പോയി. പൊതുജന ശ്രദ്ധയില്‍ നിന്ന് മാറി സമാധാനം ആഗ്രഹിച്ചായിരുന്നു അവരുടെ യാത്ര. എന്നാല്‍ അവിടേയും മാധ്യമങ്ങല്‍ അവരെ പിന്തുടര്‍ന്നുവെന്നും അന്ന് കരീന പറഞ്ഞു.
'തീര്‍ച്ചയായും അവര്‍ വീണ്ടും ഒന്നിക്കും. എന്റെ സഹോദരിയും സഞ്ജയും പരസ്പരം സ്‌നേഹിക്കുന്നു. അവരുടെ ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ നിരന്തരമായ മാധ്യമശ്രദ്ധ കാരണം അത് കൂടുതല്‍ വഷളായി. അവര്‍ ഗോവയില്‍ പോയപ്പോള്‍ ക്യാമറകള്‍ അവരെ പിന്തുടര്‍ന്നതോടെ ആ ഒളിഞ്ഞുനോട്ടം അസഹനീയമായി.'-കരീന അന്ന് പറഞ്ഞു.
മകള്‍ സമൈറയാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നും കരീന പറഞ്ഞിരുന്നു. അവര്‍ ഡല്‍ഹിയിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. സമൈറയെ സഞ്ജയ് ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും പോളോ ടൂര്‍ണമെന്റിലെ സമ്മാനത്തിന് വരെ 'സമൈറ ട്രോഫി' എന്നാണ് പേര് നല്‍കിയിരുന്നതെന്നും അന്ന കരീന പറഞ്ഞിരുന്നു.
എന്നാല്‍ അന്ന് കരീന പറഞ്ഞതുപോലെ ഇരുവരുടേയും ബന്ധം അധികകാലം മുന്നോട്ടുപോയില്ല. 2011-ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞുണ്ടായി. അതിനുശേഷം ആറ് വര്‍ഷം കൂടിയേ ആ ബന്ധം നീണ്ടുനിന്നുള്ളു. 2016-ല്‍ ഇരുവരും വിവാഹമോചിതരായി.
Content Highlights: when kareena kapoor revealed that karishma and sunjay kapur went on a patch up trip to goa
Published: 05 Aug 2025, 11:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented