യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുടെ ഭാര്യ ഒലേന സെലന്‍സ്‌കയുടെ വോഗ് മാസഗസിനിലെ ഫോട്ടോഷൂട്ട് ചര്‍ച്ചയാകുന്നു. 'ധീരതയുടെ ഛായാചിത്രം' എന്ന ക്യാപ്ഷനോടെ ഒലേനയെ വോഗ് മാഗസിന്റെ കവര്‍ചിത്രമായാണ് അവതരിപ്പിക്കുന്നത്. വോഗിന്റെ ഡിജിറ്റല്‍ കവര്‍ സ്റ്റാര്‍ ആയും ഒലേനയുടെ ഫോട്ടോ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

To advertise here,

പ്രസിഡന്‍റിന്‍റെ ഓഫീസില്‍ ഒലേന പ്രസിഡന്‍റ് സെലന്‍സിക്കൊപ്പം ഇരിക്കുന്നതിന്റേയും പട്ടാളക്കാര്‍ക്കൊപ്പം തകര്‍ന്നടിഞ്ഞ നഗരത്തില്‍ നില്‍ക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങളാണ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

യുക്രൈനിലെ യുദ്ധ സാഹചര്യത്തില്‍ പ്രസിഡന്റും പ്രഥമ വനിതയും ഫാഷന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നു എന്ന രീതിയിലാണ് വിമര്‍ശനമുയരുന്നത്. യുദ്ധത്തെ കാല്‍പനികവത്കരിക്കരുത് എന്നാണ് ഒരാളുടെ കമന്റ്. യുദ്ധത്തിന്റെ സമയത്ത് നിങ്ങള്‍ ശത്രുവിനെ ഷൂട്ട് ചെയ്യുക, അതല്ലെങ്കില്‍ വോഗ് ഷൂട്ടിന്റെ ഭാഗമാകുക എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. യുദ്ധം തടയുന്നതിന് സെലന്‍സ്‌കി നടത്തുന്ന ശ്രമങ്ങളെ ഈ വോഗ് കവര്‍ തീര്‍ച്ചയായും സഹായിക്കുമെന്നും ആളുകള്‍ പരിഹസിച്ചു.

അതേസമയം വോഗിനേയും ഒലേനയേയും അഭിനന്ദിച്ചും കമന്റുകളുണ്ട്. വളരെ ശക്തരായ ദമ്പതികളാണ് ഇവരെന്നും മനോഹരമായ ആര്‍ട്ടിക്ക്‌ളും ചിത്രങ്ങളുമാണ് ഇതെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. 

ഇരുപത് വര്‍ഷം നീണ്ട തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചതോടെ മക്കളുമായി പിരിഞ്ഞ് ജീവിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം ഒലേന അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒക്ടോബറില്‍ പുറത്തിറങ്ങുന്ന വോഗ് പതിപ്പിലായിരിക്കും അഭിമുഖത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കുക.