നാല് വര്‍ഷമായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും നടത്തിയ അലാസ്‌ക ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. രണ്ട് മിനിറ്റ് പുതിനുമായി സംസാരിച്ചുകഴിഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്താമെന്ന് പറഞ്ഞ് ട്രംപ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ച പ്രത്യേക തീരുമാനമൊന്നുമാവാതെ പിരിഞ്ഞെങ്കിലും അത് യുക്രൈനെ വെടക്കാക്കി തനിക്കാക്കാനുള്ള ഒരു ചര്‍ച്ചയായിട്ടാണ് അവസാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചയ്ക്കുശേഷം സന്തോഷത്തോടെ പോവുന്ന പുതിന്റെയും ട്രംപിന്റെയും ശരീരഭാഷയും പ്രസ്താവനയുമെല്ലാം ഈ വെടക്കാക്കി തനിക്കാക്കലിന്റെ സൂചന തന്നെയായിരുന്നു.  

To advertise here,

യുദ്ധം അവസാനിപ്പിക്കാന്‍ കാര്യമായ വിട്ടുവീഴ്ചകള്‍ക്ക് യുക്രൈന്‍ തയ്യാറാകേണ്ടിവരുമെന്ന് നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നുവെങ്കിലും ഇത് യുക്രൈനിന്റെ തന്ത്രപ്രധാന സ്ഥലമായ ഡോണ്‍ബാസ് ലക്ഷ്യമിട്ടായിരുന്നു. അലാസ്‌ക ചര്‍ച്ചയില്‍ പുതിന്‍ മുന്നോട്ട് വെച്ചതും ഡോണ്‍ബാസിനെ റഷ്യയ്ക്ക് പൂര്‍ണമായും നല്‍കുക എന്ന മധ്യസ്ഥ പരിഹാരമാര്‍ഗമാണ്. ഇതില്‍ ട്രംപ് എന്ത് നിലപാടെടുത്തുവെന്ന കാര്യം പുറത്ത് വന്നിട്ടില്ല. പക്ഷെ പുതിന്റെ ആവശ്യം യുക്രൈനിനെ കൊണ്ട് ട്രംപ് ഇനി സമ്മര്‍ദം ചെലുത്തി നടത്തിക്കൊടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പകരം യുക്രൈനിന് സംരക്ഷണം നല്‍കാന്‍ യു.എസ് മുന്‍കൈയെടുക്കുമെന്ന അലസമായ വാഗ്ദാനവും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഡോണ്‍ബാസോ യുക്രൈനിന്റെ ഏതെങ്കിലും പ്രദേശമോ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു  പ്രശ്‌നപരിഹാരത്തിനും തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. പ്രത്യേകിച്ച് ഡൊണെറ്റ്സ്‌കും ലുഹാന്‍സ്‌കും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍. ഇതോടെ എന്തുകൊണ്ടാണ് ഡോണ്‍ബാസ് റഷ്യയ്ക്കും യുക്രൈനിനും ഒരുപോലെ പ്രിയപ്പെട്ടതാവുന്നതെന്ന ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്. എന്തിന്, ഡോണ്‍ബാസ് മേഖല വിട്ടുകൊടുത്താല്‍ അത് യുദ്ധപരാജയത്തിന് സമാനമാണെന്ന് പോലും യുക്രൈന്‍ കരുതുന്നു. 2014-ല്‍ യുദ്ധം തുടങ്ങിയ ശേഷം മേഖലയിലെ ഏകദേശം 70 ശതമാനത്തോളം പ്രദേശം റഷ്യ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല ഏറ്റവും കൂടുതല്‍ രക്തരൂക്ഷിത പോരാട്ടം നടന്നതും ഡൊണെറ്റ്സ്‌കും സമീപ മേഖലയായ ലുഹാന്‍സും ഉള്‍പ്പെടന്ന ഡോണ്‍ബാസിലാണ്. ഔദ്യോഗികമായി റഷ്യ തങ്ങളുടെതെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും ഡൊണെറ്റ്സ്‌കിനെ  കീഴടക്കിയിരിക്കുന്നുവെന്ന് തന്നെയാണ് പുതിനും റഷ്യയും അനൗദ്യോഗികമായി പറയുന്നത്.

placeholder
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും | Photo: AP

എന്തുകൊണ്ട് ഡൊണെറ്റ്സ്‌ക് തന്ത്രപ്രധാനമായ ഇടമാകുന്നു

നിലവില്‍ ഡൊണെറ്റ്സ്‌കിന്റെ 6,600 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ് യുക്രൈനിന്റെ കൈയിലുള്ളത്. അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇപ്പോഴും ഇവിടെമാത്രം താമസിക്കുന്നുമുണ്ട്. പ്രധാന നഗരപ്രദേശങ്ങളായ ക്രമടോര്‍സ്‌ക്, സ്ലൊവ്യാന്‍സ്‌ക്, കോസ്റ്റിയാന്റിവിന്‍സ്‌ക, ദ്രുഷ്‌കിവ്ക തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടിരിക്കുന്നതും  ഡൊണെറ്റ്സ്‌ക്കിലാണ്. ഇതിന് പുറമെ യുക്രൈനിന്റെ പ്രധാന വ്യാവസായിക മേഖലയും ഇവിടെയാണ്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകൂടിയായ ഇവിടം യുദ്ധത്തില്‍ തകര്‍ന്നെങ്കിലും പ്രദേശത്തെ എന്ത് വിലകൊടുത്തും നിലനിര്‍ത്തുക എന്നത് യുക്രൈനിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നവുമാണ്. ഇത് മാത്രമല്ല യുക്രൈനിന്റെ പ്രധാന പ്രതിരോധ കേന്ദ്രവും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെയാണ് പത്ത് വര്‍ഷത്തിലധികമായി ഇവിടെ നടക്കുന്ന യുദ്ധത്തില്‍ ഡൊണെറ്റ്സ്‌കിനെ നിലനിര്‍ത്താന്‍ രാജ്യത്തിന്റെ സൈനികവും സാമ്പത്തികവുമായ എല്ലാ ശ്രമങ്ങളും നടത്തി അവരിവിടെ പ്രതിരോധം തീര്‍ക്കുന്നതും. 

2022 ല്‍ റഷ്യ യുക്രൈനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തുടക്കം കുറിച്ചപ്പോഴും യുക്രൈന്‍  കൂടുതല്‍ ശ്രദ്ധയും പ്രതിരോധ പ്രവര്‍ത്തനവും നടത്തിയത് ഡൊണെറ്റ്സ്‌കിന് വേണ്ടിയായിരുന്നു. മേഖലയില്‍ കിടങ്ങുകളും ബങ്കറുകളും മൈന്‍ പാടങ്ങളും ടാങ്ക് വിരുദ്ധ ആയുധങ്ങളും മുള്ളുവേലികളും നിരത്തി അവര്‍ വന്‍പ്രതിരോധം തീര്‍ത്തു. ഇത്  ഡൊണെറ്റ്സ്‌കിനെ പൂര്‍ണമായും കീഴ്‌പ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതില്‍ നിന്ന് റഷ്യയെ പിന്നോട്ടടിപ്പിക്കുകയും ചെയ്തു. ഇതിനുള്ള ഒരു എളുപ്പവഴിയായി കൂടിയാണ് അലാസ്‌ക ചര്‍ച്ചയില്‍ പുതിന്‍ ഡൊണെറ്റ്സ്‌കിന്റെ അവകാശം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

ഡോണ്‍ബാസും ഡൊണെറ്റ്സ്‌കും

ഡൊണെറ്റ്സ്‌കും ലുഹാന്‍സ്‌കും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പൊതുവെ പറയുന്ന പേരാണ് ഡോണ്‍ബാസ്. കല്‍ക്കരി നിക്ഷേപം, ഉരുക്ക് നിര്‍മാണ കേന്ദ്രങ്ങള്‍, വ്യവസായശാലകള്‍ എന്നിവയ്‌ക്കെല്ലാം ഈ പ്രദേശം നിര്‍ണായകമാണ്. ഇതിന് പുറമെ ഡോണ്‍ബാസ് മേഖലയില്‍ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളും, പ്രധാനപ്പെട്ട നദികളും, അസോവ് കടലില്‍ ഒരു തീരദേശവുമുണ്ട്. ഇതും പുതിനും സെലന്‍സ്‌കിക്കും ഡോണ്‍ബാസിനോടുള്ള ഇഷ്ടം കൂട്ടുന്നുണ്ട്.

യുദ്ധത്തിന് മുമ്പ് യുക്രൈനിന്റെ മൂന്നില്‍ ഒരു ഭാഗം ജനങ്ങളും ഇവിടെയായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ 2014-ല്‍ റഷ്യ യുക്രൈനെ ആക്രമിക്കുകയും ക്രിമിയ പിടിച്ചടക്കുകയും ചെയ്തതോടെ ഡോണ്‍ബാസും പ്രധാന പോരാട്ട ഭൂമിയായി മാറി. 2022 ല്‍ റഷ്യയെ യുക്രൈനിലേക്കുള്ള സമ്പൂര്‍ണ കടന്നുകയറ്റത്തിലേക്ക് നയിച്ചതും ഡോണ്‍ബാസിലെ ആക്രമണമായിരുന്നു. ഇതിന് പിന്നില്‍ പുതിന്റെ വലിയ കണക്കുകൂട്ടലുമുണ്ടായിരുന്നു.

ഏകദേശം 20,000 സ്വക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതാണ് പ്രദേശം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെയുള്ള യുദ്ധത്തില്‍  മാത്രം ഡോണ്‍ബാസിന് വേണ്ടി 14000 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. ഡോണ്‍ബാസിലെ ലുഹാന്‍സ്‌ക് ഇന്ന് റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്സ്‌കിലെ ഭൂരിഭാഗവും പ്രദേശവും അവര്‍ കൈയടക്കുകയും ചെയ്തു. ശേഷം പുതിന്‍ ഡൊണെറ്റ്സ് പീപ്പള്‍ റിപ്പബ്ലിക്ക്, ലുഹാന്‍സ്‌ക് പീപ്പിള്‍ റിപ്പബ്ലിക് എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു സമ്പൂര്‍ണ പരാജയത്തിന് യുക്രൈന്‍ തയ്യാറായിരുന്നില്ല. അങ്ങനെ എളുപ്പം കീഴടക്കാനാവുന്ന ഇടമല്ല ഡോണ്‍ബാസ് മേഖലയെന്ന് പുതിനും അറിയാം. ഇതോടെയാണ് ഒരു മധ്യസ്ഥ ചര്‍ച്ച എന്ന നിലയ്ക്ക് ഡൊണ്‍ബാസിനെ മുന്നോട്ട് വെച്ചതും. 

ഡോണ്‍ബാസ് വിട്ടുനല്‍കിയാല്‍ പരാജയത്തിന് സമാനമാണെന്നും അത് ഭാവിയില്‍ യുക്രൈനിനെ വീണ്ടും ആക്രമിക്കാനുള്ള പുതിന്റെ പ്ലാനിന് ചവിട്ടുപടിയാകുമെന്നും സെലന്‍സ്‌കി പറഞ്ഞത് ഈ മേഖല അത്രമാത്രം തന്ത്രപ്രധാനമായ ഇടമായത് കൊണ്ടാണ്. അത് യുക്രൈനിനെ സൈനികമായും സാമ്പത്തികമായും തളര്‍ത്തും. എന്നാല്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് പകരം യുക്രൈനിന് സുരക്ഷിതത്വവും റഷ്യ വീണ്ടും ആക്രമിക്കില്ലെന്നും ഉറപ്പ് നല്‍കാന്‍ കഴിയുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും ഇത് വിശ്വസിക്കാനും സെലന്‍സ്‌കി തയ്യാറായിട്ടില്ല. അതുകൊണ്ടാണ് സ്ഥലങ്ങള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു പരിഹാരശ്രമത്തിനും തങ്ങള്‍ തയ്യാറല്ലെന്ന നിലപാട് സെലന്‍സ്‌കി സ്വീകരിച്ചിട്ടുള്ളതും.

ഡോണ്‍ബാസ് പ്രധാനമായും റഷ്യന്‍ ഭാഷ സംസാരിക്കുന്ന പ്രദേശമാണ്. ഈ മേഖലയിലെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെ യുക്രൈന്‍ വംശഹത്യ നടത്തുന്നുവെന്ന ആരോപണവും പുതിന്‍ ദീര്‍ഘനാളായി ഉന്നയിക്കുന്നുണ്ട്. 2022-ലെ യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ യുക്രൈന്റെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടതിന് ശേഷം, 'പ്രധാന ലക്ഷ്യം - ഡോണ്‍ബാസിന്റെ വിമോചനം' എന്നതിലേക്കും പുതിന്‍ ശ്രദ്ധ തിരിച്ചിരുന്നു.

placeholder
യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും | Photo : AFP

സന്തോഷമായി പിരിഞ്ഞ അലാസ്‌ക ചര്‍ച്ച

ഏവരും ഉറ്റുനോക്കിയിരുന്ന ട്രംപുമായുള്ള അലാസ്‌ക ചര്‍ച്ചയ്ക്ക് ശേഷം സന്തോഷമായി പുതിന്‍ പിരിഞ്ഞതില്‍ യുക്രൈന്‍ ജനങ്ങള്‍ക്കിടയിലും ആശങ്കയുണ്ട്. ഇനി സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഈ ചര്‍ച്ചയില്‍ ട്രംപ് സെലന്‍സ്‌കിയെ നിര്‍ബന്ധിക്കുന്നതും ഡോണ്‍ബാസ് വിട്ടുകൊടുക്കുക എന്ന ആവശ്യം തന്നെയായിരിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നുണ്ട്. ഇതില്‍ സെലന്‍സ്‌കി എന്ത് നിലപാടെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൈനികമായും വ്യാവസായികമായും തന്ത്രപ്രധാനമായ ഇടം എന്നതിനപ്പുറം യുക്രൈനിനെ സംബന്ധിച്ച് സാംസ്‌കാരികമായും ഏറെ നിര്‍ണായകമാണ് ഡോണ്‍ബാസ്. പ്രധാനപ്പെട്ട എഴുത്തുകാരും പ്രാസംഗികരും രാഷ്ട്രീയക്കാരും  കലാകാരന്‍മാരുമെല്ലാം ജീവിക്കുന്ന ഭാഗം. മാത്രമല്ല യുദ്ധത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഒഴിഞ്ഞുപോയ ജനത ഇവിടം റഷ്യ നിയന്ത്രിക്കുന്ന സ്ഥലമായി ഭാവിയില്‍ മാറിയാല്‍ തിരിച്ചുവരില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച് 2014 ന് ശേഷം ഏകദേശം പത്തര ലക്ഷത്തോളം ആളുകളെങ്കിലും ഇവിടെ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്. റഷ്യയുടെ അനൗദ്യോഗിക നിയന്ത്രണത്തിലുള്ള ഭാഗത്ത് ഏകദേശം മുപ്പതു ലക്ഷത്തോളം ആളുകള്‍ ജീവിക്കുന്നുണ്ട്. യുക്രൈന്‍ നിയന്ത്രണത്തിലുള്ള ഭാഗത്ത് മൂന്ന് ലക്ഷത്തോളം പേരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രദേശത്തെ റഷ്യയ്ക്ക് വിട്ടുകൊടുത്താല്‍ അത് യുക്രൈന്‍ റഷ്യയ്ക്ക് അടിയറവ് പറയുന്നതിന് സമാനമായി മാറുമെന്നും വിലയിരുത്തപ്പെടുന്നു. 

സൈനികപരമായ കാരണങ്ങള്‍ക്ക് പുറമെ, ഡോണ്‍ബാസ് വിട്ടുകൊടുക്കുന്നത് യുക്രൈനിലെ രാഷ്ട്രീയപരവും നിയമപരവുമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. യുക്രൈനിന്റെ ഭരണഘടന അനുസരിച്ച്, രാജ്യത്തിന്റെ ഒരു ഭാഗവും വിട്ടുകൊടുക്കാന്‍ പ്രസിഡന്റിന് അധികാരമില്ല. കൂടാതെ, ഭൂരിഭാഗം യുക്രേനിയന്‍ ജനതയും ഈ നിര്‍ദേശത്തെ എതിര്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ നടക്കാനിരിക്കുന്ന ട്രംപ്- സെലെന്‍സ്‌കി ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്ക് സെലന്‍സ്‌കി തയ്യാറാവില്ല എന്നാണ് യുക്രൈന്‍ ജനതയും കരുതുന്നത്. യുക്രൈനിന്റെ പങ്കാളിത്തമില്ലാതെ ഉണ്ടാക്കുന്ന ഏതൊരു കരാറും നിയമവിരുദ്ധമായി കണക്കാക്കുമെന്നും പൊതുജനവികാരം എതിരായിരിക്കുമെന്നും കണക്കാക്കുമെന്ന് സെലന്‍സ്‌കി നേരത്തെ പറഞ്ഞതും ഈ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ നിര്‍ബന്ധപൂര്‍വമുള്ള ഒരു കരാറുണ്ടാക്കുന്നതിലേക്ക് ട്രംപ് പോവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബുഡാപെസ്റ്റ് ഉടമ്പടിയുടെ ലംഘനത്തെ ഓര്‍മിപ്പിച്ച് ജനങ്ങള്‍

യുക്രൈന്‍, ബെലൂറസ്, കസാഖിസ്താന്‍ എന്നീ രാജ്യങ്ങള്‍ ആണവ നിര്‍വ്യാപന കരാര്‍(എന്‍.പി.ടി) യില്‍ ചേരുന്നതിനായി  ആ രാജ്യങ്ങളുടെ പരമാധികാരത്തിന്‍മേല്‍ ഭാവിയില്‍ ഉണ്ടകുന്ന ആക്രമങ്ങളെ നേരിടാന്‍ സഹായം നല്‍കുന്നതായിരുന്നു 1994 ഡിസംബറില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഒപ്പിട്ട ബുഡാപെസ്റ്റ് ഉടമ്പടി. റഷ്യ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളായിരുന്നു ഇതില്‍ ഒപ്പുവെച്ചിരുന്നത്. ഇതുപ്രകാരം യുക്രൈനും ബെലൂറസും കസാഖിസ്താനും ആണവായുധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഈ ഉടമ്പടി ലംഘിച്ചുകൊണ്ടായിരുന്നു യുക്രൈനിനെ റഷ്യ 2014 ല്‍ ആക്രമിക്കുകയും 2022 മുതല്‍ സമ്പൂര്‍ണ അധിനിവേശത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. ഇത് ഓര്‍മിപ്പിച്ചുകൊണ്ടു കൂടിയാണ് രാജ്യത്തിന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടെടുക്കാന്‍ സെലന്‍സ്‌കിയെ പ്രേരിപ്പിച്ചതും. സ്ഥലങ്ങള്‍ വിട്ടുകൊടുക്കുന്നതിന് പകരം റഷ്യ ഭാവിയില്‍ യുക്രൈനിനെ ആക്രമിക്കുന്നത് തടയാന്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്ന ട്രംപിന്റെ പ്രസ്താവനയെയും വിശ്വാസത്തിലെടുക്കാത്തതും ഈ ബുഡാപെസ്റ്റ് ഉടമ്പടി ലംഘനം ചൂണ്ടിക്കാട്ടിയാണ്.