തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന്റെ 55-ാം ജന്മദിനത്തിൽ, അദ്ദേഹവുമായുള്ള ഹൃദ്യമായ സൗഹൃദം പങ്കുവെച്ച് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. 2017-ൽ പുറത്തിറങ്ങിയ വിവേകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ അജിത്ത് കാണിച്ച ലാളിത്യത്തെയും ആതിഥ്യമര്യാദയെയും കുറിച്ചാണ് വിവേക് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ വാചാലനായത്. 

To advertise here,

അജിത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വിവേക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ബൾഗേറിയയിലെ കൊടും തണുപ്പിലായിരുന്നു വിവേകത്തിന്റെ ചിത്രീകരണം. അവിടെ വെച്ച് ആദ്യമായി അജിത്തിനെ കണ്ടുമുട്ടിയ നിമിഷം വിവേക് ഓർക്കുന്നു:

"അജിത്ത് അണ്ണ എന്നെ സ്വീകരിച്ചത് വെറുമൊരു വിവേക് ജി വിളിയിലായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം എനിക്ക് ഒരു കപ്പ് ചായ തന്നു. നല്ല തണുപ്പാണ്, ഇത് നിങ്ങൾക്ക് ആശ്വാസമാകും എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് മാത്രമല്ല, എന്റെ കൂടെയുണ്ടായിരുന്ന മുഴുവൻ ക്രൂവിനും അദ്ദേഹം സ്വന്തം കൈപ്പടയിൽ ചായ വിളമ്പി’- വിവേക് കുറിച്ചു. 

സിനിമാസെറ്റിലെ ഭക്ഷണത്തിന് വീട്ടിലെ രുചി മിസ്സ് ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ അജിത്ത് നേരിട്ട് അടുക്കളയിൽ കയറി വിരുന്നൊരുക്കിയ കാര്യവും വിവേക് പങ്കുവെച്ചു. ‘പുറത്തുനിന്ന് വലിയൊരു സദ്യ ഓർഡർ ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. എന്നാൽ സ്നേഹവും കരുതലും ചേർത്ത് മണിക്കൂറുകളോളം കഷ്ടപ്പെട്ട് അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു. അതൊരിക്കലും മറക്കാൻ കഴിയില്ല. അതായിരുന്നു ആ മനുഷ്യന്റെ വലുപ്പം’- വിവേക് കുറിച്ചു.

ശിവ സംവിധാനം ചെയ്ത വിവേകം വിവേക് ഒബ്‌റോയിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായിരുന്നു. അജിത്തിനൊപ്പം കാജൽ അഗർവാൾ, അക്ഷര ഹാസൻ എന്നിവരും ഇതിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

നിലവിൽ സിനിമയേക്കാൾ കൂടുതൽ പ്രൊഫഷണൽ കാർ റേസിങ്ങിന് പ്രാധാന്യം നൽകുകയാണ് അജിത്ത്. അജിത്ത് കുമാർ റേസിങ് എന്ന പേരിൽ സ്വന്തം ടീമിന് അദ്ദേഹം തുടക്കം കുറിച്ചു കഴിഞ്ഞു. 2025-ൽ പുറത്തിറങ്ങിയ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ. റേസിങ് ഓഫ്-സീസണുകളിൽ മാത്രമേ ഇനി സിനിമകൾ ചെയ്യൂ എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

നിതേഷ് തിവാരിയുടെ രാമായണം: പാർട്ട് 1, പ്രഭാസ് ചിത്രം സ്പിരിറ്റ് എന്നിവയാണ് വിവേക് ഒബ്‌റോയിയുടേതായി ഇനി വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ.