
ദൈവം തന്ന ഏറ്റവും വലിയ സമ്മാനമാണ് നടൻ ആമിർ ഖാൻ എന്ന് തെന്നിന്ത്യൻ താരം വിഷ്ണു വിശാൽ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ആമിർ തനിക്കും കുടുംബത്തിനുംവേണ്ടി നിലകൊണ്ടതിനേക്കുറിച്ച് വിഷ്ണു തുറന്നുപറഞ്ഞത്. പ്രൊഫഷണലായാണ് ആമിറുമായുള്ള ബന്ധം തുടങ്ങിയതെങ്കിൽ പിന്നീടത് സൗഹൃദത്തിലേക്കും ഇപ്പോൾ ഒരു കുടുംബം പോലെ ആയെന്നും വിഷ്ണു പറയുന്നു.
2023-ൽ ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ ഒരു ചികിത്സയുടെ ഭാഗമായി ചെന്നൈയിൽ എത്തിയിരുന്നു. അന്ന് വിഷ്ണുവിനെയാണ് ആമിറിന്റെ ടീം സഹായത്തിനായി അന്വേഷിച്ചത്. കൂടാതെ ആമിർ ഒരു പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുമായിരുന്നു. അങ്ങനെ രണ്ടുമൂന്നു മാസത്തേക്ക് ഹോട്ടലിന് പകരം ഒരു ഹോം സ്റ്റേ കണ്ടെത്തി കൊടുക്കണമെന്ന് അന്വേഷിച്ചു. അവർക്കുവേണ്ടി വില്ല കണ്ടെത്തിക്കൊടുക്കുകയും അന്നുതൊട്ട് സുഹൃത്തുക്കളായി തുടരുകയും ചെയ്തു- വിഷ്ണു പറയുന്നു.
സിനിമയോടും ജീവിതത്തോടുമുള്ള തന്റെ കാഴ്ചപ്പാട് പരുവപ്പെടുത്തിയതിൽ ആമിറിന് വലിയ പങ്കുണ്ടെന്നും വിശാൽ പറയുന്നു. ഒരു നിർമാതാവ്, നടൻ, അച്ഛൻ, ഭർത്താവ്, മനുഷ്യൻ എന്ന നിലയിലൊക്കെ അദ്ദേഹത്തിൽ നിന്ന് പഠിച്ചിട്ടുണ്ട്. ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ആമിർ എന്നും അതുകൊണ്ടാണ് അദ്ദേഹത്തെക്കൊണ്ട് മകൾക്ക് പേര് നൽകിയതെന്നും വിഷ്ണു പറയുന്നുണ്ട്. മിറ എന്നാണ് ആമിർ കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനുവേണ്ടിയുള്ള തയ്യാറെടുപ്പിലും ആമിറിന്റെ സഹായമുണ്ടായെന്ന് വിഷ്ണു പറയുന്നു. ദത്തെടുക്കലിനേക്കുറിച്ച് വരെ ചിന്തിച്ച ഘട്ടത്തിലാണ് ആമിർ മുംബൈയിലുള്ള ഒരു ഡോക്ടറെ കാണാനും ഐവിഎഫ് പരീക്ഷിക്കാനും നിർദേശിച്ചതെന്ന് വിഷ്ണു പറയുന്നു.
മുംബൈയിലുള്ള നല്ല ഡോക്ടറെ ഐവിഎഫിനായി നിർദേശിച്ചത് ആമിറാണ്. ജ്വാല ഗർഭിണിയായതോടെ അത് ഞങ്ങളെ വളരെയധികം വികാരനിർഭരരാക്കി, കാരണം ജ്വാല അത്രത്തോളം എല്ലാം ഉപേക്ഷിച്ചമട്ടിലായിരുന്നു. ആമിറാണ് ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവന്നത്. അദ്ദേഹം കുടുംബത്തെപ്പോലെ തന്നെ ഞങ്ങളെ കണക്കാക്കി. ഏകദേശം പത്തുമാസത്തോളം മുംബൈയിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് ജ്വാല നിന്നത്. ആമിറിന്റെ അമ്മയും സഹോദരിയെയും ജ്വാലയെ വളരെ നന്നായി പരിചരിച്ചു. ജ്വാല ഗർഭിണിയായപ്പോൾ തന്നെ ആമിർ പേരിടണമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കാരണം അദ്ദേഹമാണ് ഞങ്ങൾക്ക് പ്രതീക്ഷ പകർന്നത്- വിഷ്ണു പറയുന്നു.
വിഷ്ണുവിന്റെ രണ്ടാംവിവാഹമാണിത്. 2010-ൽ രജിനി നടരാജുമായുള്ള വിവാഹത്തിൽ ആര്യൻ എന്നൊരു മകനുണ്ട്. 2018-ൽ ഇരുവരും വിവാഹമോചിതരായി. പിന്നാലെ 2021-ൽ വിഷ്ണു ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയെ വിവാഹം കഴിച്ചു. 2025-ലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.
Published: 28 Oct 2025, 05:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented