ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ജർമൻ-ദക്ഷിണാഫ്രിക്കൻ വ്‌ളോഗറായ ലിസ് ലാസിന്റെ പോസ്റ്റിന് ലൈക്ക് ചെയ്തതോടെയാണ് കോലി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായത്. ഇത് വലിയ ട്രോളുകൾക്കും വഴിവെച്ചു. ഇതിനിടയിൽ കോലിയുടെ മുൻ കാമുകിയും ബ്രസീലിയൻ നടിയും മോഡലുമായ ഇസബെല്ല ലെയ്റ്റയും പ്രതികരണവുമായി രംഗത്തെത്തി.

To advertise here,

ഒരു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ഇസബെല്ല, അനുഷ്‌ക ശർമ, ലിസ് ലാസ്, അവനീത് കൗർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു കൊളാഷിന് താഴെയാണ് ഇസബെല്ല കമന്റ് ചെയ്തത്. വിരാട് കോലിയുടെ പേരുമായി ചേർത്തുവായിക്കപ്പെട്ട സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ളതായിരുന്നു ഈ കൊളാഷ്. ഇതിനെ വിമർശിച്ചായിരുന്നു ഇസബെല്ലയുടെ കമന്റ്. 12 വർഷം മുമ്പ് അവസാനിച്ച ബന്ധം ഇപ്പോഴും ചർച്ചയാക്കുന്നത് എന്തിനാണെന്നും ആളുകൾ എന്തുകൊണ്ടാണ് ഇപ്പോഴും ഇതിൽ നിന്ന് പുറത്തുകടക്കാത്തത് എന്നുമായിരുന്നു ഇസബെല്ലയുടെ പ്രതികരണം.

2012-ലാണ് കോലിയും ഇസബെല്ലയും പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തെ ഡേറ്റിങ്ങിനുശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. അതിനുശേഷമാണ് വിരാട് കോലി, അനുഷ്‌ക ശർമയെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും വിവാഹിതരാകുന്നതും. മോഡലും അഭിനയവും ഉപേക്ഷിച്ച ഇസബെല്ല ഇപ്പോൾ ഭർത്താവിനും രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം ദോഹയിലാണ് താമസിക്കുന്നത്.

കഴിഞ്ഞ വർഷം ഇൻഫ്‌ളുവൻസറായ അവനീത് കൗറിന്റെ ചിത്രം ലൈക്ക് ചെയ്തതോടെയാണ് കോലി വിവാദങ്ങളിൽ അകപ്പെടുന്നത്. ഇൻസ്റ്റഗ്രാം അൽഗൊരിതത്തിൽ വന്ന പിഴവാണെന്ന വിശദീകരണവുമായി കോലി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലിസ് ലാസിന്റെ ചിത്രവും ഇന്ത്യൻ താരം ലൈക്ക് ചെയ്തത്. കോലി തന്റെ ചിത്രം ലൈക്ക് ചെയ്ത കാര്യം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അത് ഇത്രമാത്രം ചർച്ചയാക്കേണ്ട കാര്യം എന്താണെന്നും ലിസ് ലാസ് ചോദിച്ചിരുന്നു.