പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ ചിത്രങ്ങളുമായി കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് 2024 ഡിസംബറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബോളിവുഡ് താരം വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. ‌എന്നാൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഇടവേള എടുക്കുന്നു എന്നു മാത്രമാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കി നടൻ തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ അന്നത്തെ ആ തീരുമാനത്തെ കുറിച്ച് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് നടൻ. അന്ന് വിരമിക്കാനുള്ള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും താൽകാലികമായ ഒരു ഇടവേള മാത്രമാണ് ആഗ്രഹിച്ചിരുന്നതെന്നും നടൻ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

To advertise here,

"അന്ന് എക്സിൽ പരിമിതമായ വാക്കുകൾക്കുള്ളിൽ എല്ലാവിവരങ്ങളും ഉൾപെടുത്താനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ എല്ലാ വിവരങ്ങളും പൂർണമായും എത്തിയില്ല. അതിൽ പലതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആ സമയത്ത് ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോവുകയായിരുന്നു. എനിക്ക് ചെറിയൊരു ഇടവേള ആവശ്യമായിരുന്നു." അദ്ദേഹം വ്യക്തമാക്കി.

"ജോലിഭാരം തന്നെ സാരമായി ബാധിച്ചു. നമ്മൾ വൈകാരികമായി ഏറെ ഇതിനായി ചെലവഴിക്കുന്നുണ്ട്. നമ്മൾ എത്രനേരം ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം, 12 മണിക്കൂറോ 16 മണിക്കൂർ വരെയോ എന്നത് പ്രശ്നമല്ല. നമ്മൾ കലാകാരന്മാർ എന്ന നിലയിൽ വൈകാരികമായും മാനസികമനായും ഇതിനായി സമർപ്പിക്കുന്നുണ്ട്. അത് അത്രയേറെ പ്രയാസകരമാണ്- വിക്രാന്ത് മാസി പറഞ്ഞു.

"12th ഫെയിൽ എന്ന ചിത്രത്തിലൂടെ സംഭവിച്ച എല്ലാ കാര്യങ്ങൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ആ സമയത്തുതന്നെ സബർമതി എക്സ്പ്രസ്, സെക്ടർ 26 എന്നിവയിലും അഭിനയിക്കേണ്ടി വന്നു; ഒരു വർഷത്തിനിടെ നാല് സിനിമകളിൽ അഭിനയിക്കുക എന്നത് യഥാർഥത്തിൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.‌" വിക്രാന്ത് മാസി പറഞ്ഞു.

വ്യക്തിപരമായ മറ്റ് കാരണങ്ങളും വിക്രാന്തിനെ ഇടവേളയെടുക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തിരക്കേറിയ സമയത്താണ് മകൻ വർദാൻ ജനിക്കുന്നത്. അക്കാലത്ത് ഭാര്യ അയച്ചുകൊടുക്കുന്ന വീഡിയോകളിലൂടെയാണ് ജോലിസ്ഥലത്ത് നിന്ന് മകന്റെ ഓരോ കാര്യങ്ങളും അറിഞ്ഞിരുന്നത്. മകൻ ആദ്യമായി പപ്പാ എന്ന് വിളിക്കുമ്പോൾ അടുത്തില്ലാതിരുന്നതിന്റെ സങ്കടവും അദ്ദേഹം പങ്കുവെച്ചിരുന്നു. അത്തരം ഒരു ഘട്ടത്തിലാണ് ഇടവേളയെടുക്കാമെന്ന തീരുമാനത്തിൽ വിക്രാന്തിനെ എത്തിച്ചത്. ഏഴ് മാസക്കാലം വിക്രാന്ത് ഇടവേളയെടുത്തു. കുടുംബജീവിതത്തിന് പ്രാധാന്യം നൽകി.

2013-ൽ രൺവീർ സിങ്, സോനാക്ഷി സിൻഹ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മിർസാപുർ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറൻസികിന്റെ റീ മേക്കിൽ അഭിനയിച്ചു.പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ട്വൽത് ഫെയ്ൽ, സെക്ടർ 36, സബർമതി എക്‌സ്പ്രസ് എന്നീ സിനിമകൾ വലിയ വിജയം കൈവരിച്ചിരുന്നു.

വിശാൽ ഭരദ്വാജിന്റെ റൊമാൻറിക് ത്രില്ലറായ 'ഒ റോമിയോ' ആണ് വിക്രാന്തിന്‍റെ വരാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 13 ന് ചിത്രം റിലീസ് ചെയ്യും. കൂടാതെ നെറ്റ്ഫ്ളിക്സ് സീരീസായ 'മുസാഫിർ കഫേ'യിലൂടെ നിർമാതാവായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിക്രാന്ത്