To advertise here,

തെന്നിന്ത്യൻ താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും കഴിഞ്ഞമാസമാണ് വിവാഹിതരായത്. ആരാധകർ താരവിവാഹം ആഘോഷമാക്കിയപ്പോൾ ഒരാൾ മാത്രം അൽപ്പം പരിഭവത്തിലായിരുന്നു. വിജയ് ദേവരകൊണ്ടയുടെ ഒരു കുഞ്ഞാരാധികയായിരുന്നു അത്. രശ്മികയുമായുള്ള വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതായിരുന്നു കുഞ്ഞാരാധികയുടെ പരിഭവത്തിന് കാരണം.

തന്റെ പരിഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് കുട്ടി പങ്കുവെച്ചത്. അന്ന് വീഡിയോയ്ക്ക് താഴെ വിജയ് ദേവരകൊണ്ട കമന്റ് ചെയ്തിരുന്നു. മധുരപലഹാരങ്ങളും ഉച്ചഭക്ഷണവുമെല്ലാം ഒരുക്കി വീട്ടിലേക്ക് വിളിക്കാമെന്നാണ് തന്റെ കുഞ്ഞാരാധികയോട് വിജയ് അന്ന് കമന്റിലൂടെ പറഞ്ഞത്. കുട്ടിയുടെ വീഡിയോ രശ്മികാ മന്ദാനയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്കാണ് ഇരുവരും കുഞ്ഞാരാധികയെ ക്ഷണിച്ചത്. urs lucky thalli എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കുഞ്ഞാരാധിക തന്നെയാണ് താരങ്ങളുടെ വീട്ടിൽ പോയ കാര്യം പങ്കുവെച്ചത്. 'റീലിൽ നിന്ന് റിയൽ ലൈഫിലേക്ക്' എന്നാണ് വീഡിയോയ്‌ക്കൊപ്പം കുട്ടി കുറിച്ചത്.

Also Read: ‘രശ്മികയുമായുള്ള കല്യാണത്തിന് എന്നെ വിളിക്കാതെന്താ?’; കുഞ്ഞാരാധികയ്ക്ക് മറുപടി നൽകി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണാൻ കഴിഞ്ഞത് തനിക്കും കുടുംബത്തിനും മറക്കാനാകാത്തതും അതിശയിപ്പിക്കുന്നതുമായ മുഹൂർത്തമായിരുന്നുവെന്ന് കുഞ്ഞാരാധിക പറയുന്നു. രശ്മികയുടെ പ്രസന്നമായ പുഞ്ചിരിയും സൗഹാർദപരമായ പെരുമാറ്റവും കൂടുതൽ സന്തോഷമേകി. എല്ലാവരും വളരെ കരുതലുള്ളവരായിരുന്നു. സ്വന്തക്കാർക്കിടയിലാണുള്ളതെന്ന് തങ്ങൾക്ക് തോന്നിയെന്നും കുഞ്ഞാരാധിക വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

രശ്മികയും വിജയ് ദേവരകൊണ്ടയും പെൺകുട്ടിക്ക് ഭക്ഷണം വിളമ്പുന്നത് വീഡിയോയിൽ കാണാം. പ്ലേറ്റിൽ ലഡ്ഡു വിളമ്പിയ ശേഷം രശ്മിക കുട്ടിയുടെ നെറുകയിൽ ചുംബിച്ചു. പ്ലേറ്റിലേക്ക് ചോറ് വിളമ്പിയശേഷം വിജയ് ദേവരകൊണ്ടയും കുഞ്ഞാരാധികയ്ക്ക് സ്‌നേഹചുംബനം നൽകി. 'നമ്മൾ കൂട്ടുകാരല്ലേ' എന്ന് കുട്ടി ഇരുവരോടും ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരേയും കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവതിയായെന്ന് കുട്ടി താരങ്ങളോട് പറഞ്ഞു.