സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെ ഒട്ടേറെ വാർത്തകൾ നമ്മൾ ദിവസവും കാണാറുണ്ട്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ ഓരോ വാർത്തയും. ഇപ്പോഴിതാ പുരുഷൻമാരിൽനിന്ന് നേരിട്ട ഒരു മോശം പെരുമാറ്റത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ഒറ്റയ്ക്ക് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന യുവതിയെ റോഡിൽവെച്ച് ഒരു സംഘം പുരുഷൻമാർ പരിഹസിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.

To advertise here,

നോർത്ത് ഈസ്റ്റുകാരിയായ 'ചിരോ' എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവച്ചത്. താൻ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണെന്നും കുറച്ചുപേർ തന്നെ ശല്യം ചെയ്യുകയാണെന്നും വീഡിയോയിൽ യുവതി പറയുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ ചില ഇന്ത്യൻ പുരുഷൻമാർ പെരുമാറുന്ന രീതി അതിശയിപ്പിക്കുന്നതാണ്' എന്നും യുവതി പറയുന്നുണ്ട്.

 

'എനിക്ക് ഹിന്ദി അറിയില്ലെന്നാണ് അവർ കരുതിയിരിക്കുന്നത്. എന്റെ രൂപത്തിൽ കുറച്ച് വ്യത്യാസമുള്ളതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എനിക്ക് നേരിടേണ്ടി വരുന്നത്'-യുവതി കൂട്ടിച്ചേർക്കുന്നു. യുവതിക്ക് പിന്നാലെ മൂന്ന്‌ പുരുഷൻമാർ നടന്നുവരുന്നതും അവർ ക്യാമറയ്ക്ക് നേരെ നോക്കി ചിരിക്കുന്നതും ഉറക്കെ ബോളിവുഡ് പാട്ടുകൾ പാടുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തത്. 'വീഡിയോ എടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇങ്ങനെയൊക്കെ ചെയ്യാൻ അവർക്ക് എങ്ങനെ ധൈര്യം കിട്ടി' എന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ഇത്തരം പുരുഷന്മാരുടെ ധൈര്യം ഭയപ്പെടുത്തുന്നതാണ്' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.