അടുത്തിടെയാണ് ബോളിവുഡിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും കുഞ്ഞ് പിറന്നത്. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. കുറച്ച് കാലത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കത്രീനയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും പ്രണയത്തെ കുറിച്ചും വിക്കി കൗശല്‍ മനസ് തുറന്നു.

To advertise here,

ട്വിങ്കിള്‍ ഖന്നയും കജോളും അവതാരകരായെത്തുന്ന 'ടൂ മച്ച്' എന്ന ഷോയിലാണ് വിക്കി മനസ് തുറന്നത്. ഒരു അവാര്‍ഡ് ഷോയില്‍വെച്ചാണ് ആദ്യമായി  കത്രീനയെ കണ്ടതെന്നും നടന്‍ സുനില്‍ ഗ്രോവറാണ് തനിക്ക് പരിചയപ്പെടുത്തിയതെന്നും വിക്കി പറയുന്നു.

'ആദ്യമായി അവളെ കാണുന്നത് ഞാന്‍ അവതാരകനായിരുന്ന ഒരു അവാര്‍ഡ് ഷോയിലാണ്. അവള്‍ അവിടെ അതിഥിയായിരുന്നു. വേദിയില്‍ വെച്ച് ഞാന്‍ അവളോടൊപ്പം 'ചിക്‌നി ചമേലി' എന്ന ഗാനത്തിന് ചുവടുവെച്ചു. അതിനുശേഷം ഞങ്ങള്‍ സുനില്‍ ഗ്രോവറിനൊപ്പം ബാക്ക്‌സ്റ്റേജിലേക്ക് പോയി. ആ സമയത്ത് സുനില്‍ ഗ്രോവറും കത്രീനയും 'ഭാരത്' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവര്‍ പരസ്പരം സുഹൃത്തുക്കളായിരുന്നു.

സുനില്‍ ഗ്രോവര്‍ എനിക്ക് കത്രീനയെ പരിചയപ്പെടുത്തി തന്നു. കത്രീനയെ കണ്ടുമുട്ടിയ ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളില്‍ ഷോ എങ്ങനെ അവതരിപ്പിക്കണമെന്ന് അവള്‍ എന്നെ പഠിപ്പിച്ചു. ഞാന്‍ ആദ്യമായി 'ഹായ്, കത്രീന' എന്ന് പറഞ്ഞു, അവള്‍ 'ഹായ്, വിക്കി' എന്ന് മറുപടി നല്‍കി. പ്രേക്ഷകരെ ശ്രദ്ധിക്കരുതെന്ന് അവള്‍ എന്നോട് പറയാന്‍ തുടങ്ങി. ഒരു അവാര്‍ഡ് ഷോ എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് എനിക്കൊരു സമ്പൂര്‍ണ്ണ ട്യൂട്ടോറിയല്‍ തന്നെ ലഭിച്ചു.'-വിക്കി പറയുന്നു.

സ്‌ക്രീന്‍ അവാര്‍ഡ് ഷോയില്‍ വെച്ച് കത്രീനയെ വീണ്ടും കണ്ടുമുട്ടിയതും ലൈവ് ആയി പ്രേക്ഷകര്‍ക്ക് മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി അവളോട് വിവാഹാഭ്യര്‍ഥന നടത്തിയതും വിക്കി ഓര്‍ത്തെടുത്തു. 'രണ്ടാമത്തെ അവാര്‍ഡ് ഷോയില്‍ വെച്ച് ഞാന്‍ കത്രീനയോട് ചോദിച്ചു, 'നിങ്ങള്‍ക്ക് വിക്കിയെപ്പോലെ നല്ലൊരു പയ്യനെ വിവാഹം കഴിച്ചുകൂടേ?' ഞങ്ങള്‍ അപ്പോള്‍ പ്രണയത്തിലായിരുന്നില്ല. സത്യം പറഞ്ഞാല്‍ അത് ആ ഷോയിലെ ഒരു തമാശയായിരുന്നു. ഏത് നായിക വന്നാലും ഞാന്‍ അവരോട് ഈ ചോദ്യം ചോദിക്കണമായിരുന്നു. അതുകൊണ്ട് അന്ന് ഞാന്‍ കത്രീനയോട് മാത്രമല്ല ഒരുപാട് നടിമാരോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. പക്ഷേ ഞാനും കത്രീനയും ഉള്ള ക്ലിപ്പ് മാത്രം വൈറലായി.'-വിക്കി പറയുന്നു.