ചർമം മനോഹരവും തിളക്കമുള്ളതുമായി നിലനിർത്തുന്നതിനായി സിനിമാ-മോഡലിങ് രംഗത്തുള്ളവർ പലതരത്തിലുള്ള ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തിൽ അടുത്ത കാലത്ത് പ്രചാരം നേടിയ വലിയ തരംഗമായി മാറിയ ഒന്നാണ് 'വാമ്പയർ ഫേഷ്യൽ' ഇപ്പോൾ ഇതാ, ഈ സൗന്ദര്യവർദ്ധക ചികിത്സാരീതി പരീക്ഷിച്ച അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും ട്രാവൽ വ്‌ളോഗറുമായ ഷെഹ്നാസ് ട്രഷറി.

To advertise here,

ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഷെഹ്നാസ് അനുഭവം ആരാധകരുമായി പങ്കുവെച്ചത്. 'എന്റെ സ്വന്തം മുഖത്തുനിന്ന് രക്തമെടുക്കാൻ ഞാൻ തന്നെ ഒരാൾക്ക് പണം കൊടുത്തു' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഷെഹ്നാസ് ഫേഷ്യൽ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.

പ്ലേറ്റ്ലെറ്റ്-റിച്ച് പ്ലാസ്മ ഫേഷ്യലാണ് വാമ്പയർ ഫേഷ്യൽ എന്നറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ സ്വന്തം ശരീരത്തിലെ രക്തമെടുത്തുകൊണ്ടാണ് ഫേഷ്യൽ ചെയ്യുക. ശേഖരിച്ച രക്തത്തിൽനിന്ന് പ്ലേറ്റ്ലെറ്റുകളും പ്ലാസ്മയും വേർതിരിച്ചെടുക്കുന്നു. ഈ പ്ലാസ്മ സൂക്ഷ്മമായ സൂചികൾ ഉപയോഗിച്ച് മുഖത്തെ ചർമ്മത്തിലേക്ക് തിരികെ കുത്തിവെക്കുകയോ പുരട്ടുകയോ ചെയ്യുന്നു. ചർമത്തിലെ കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താനും ചർമ്മത്തിന് തിരികെ തിളക്കം നൽകാനുമാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നത്.

വീഡിയോയിൽ ഫേഷ്യൽ നടക്കുമ്പോഴുള്ള ഓരോ ഘട്ടവും താരം വിശദീകരിക്കുന്നുണ്ട്. മുഖത്ത് സൂചികൾ കൊള്ളുമ്പോൾ ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതയും, രക്തം വേർതിരിച്ചെടുക്കുന്ന പ്രക്രിയയുമെല്ലാം വീഡിയോയിൽ കാണാം. 'എന്റെ രക്തമെടുക്കുന്നതിനും ആയിരം തവണ എന്റെ മുഖത്ത് കുത്തുന്നതിനും, എന്റെ തന്നെ രക്തം എന്നിൽതന്നെ കുത്തിവയ്ക്കുന്നതിനും ഞാൻ പണം നൽകി്.' ഷെഹ്നാസ് പറയുന്നു. ചികിത്സയ്ക്കിടയിൽ വേദനിക്കുന്നില്ലെന്നും അവർ പറയുന്നുണ്ട്.

ഒരു സമയത്ത് സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപിക്കായിരുന്നു വാമ്പയർ ഫേഷ്യൽ. 6000 മുതൽ 15,000 രൂപവരെയാണ് ഇതിന് ഈടാക്കുന്നത്. ഫലം കിട്ടണമെങ്കിൽ മൂന്നുമുതൽ അഞ്ചുസെഷനുകൾ വരെ വേണ്ടി വന്നേക്കാം. ഇത്തരം ട്രീറ്റ്‌മെന്റുകൾക്ക് വിധേയരാകുന്നതിന് മുൻപ് ചർമരോഗ വിദഗ്ധരുടെ സഹായം നിർബന്ധമായും തേടണം.