കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യ ഉഷാ വാന്‍സിന്റെ കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഉഷയുടെ വിരലില്‍ വിവാഹമോതിരമില്ലാത്തതായിരുന്നു ഇതിന് കാരണം. നവംബര്‍ 19-ന് കരോലിനയിലെ ക്യാമ്പ് ലെജ്യൂണ്‍ സന്ദര്‍ശന വേളയിലെടുത്തതായിരുന്നു ഈ ചിത്രങ്ങള്‍.

To advertise here,

മെലാനിയ ട്രംപിനൊപ്പമാണ് ഉഷ അവിടെയെത്തിയത്. ഒട്ടേറെ ക്ലോസപ്പ് ചിത്രങ്ങളില്‍ അവരുടെ ഇടതു കൈയില്‍ മോതിരമുണ്ടായിരുന്നില്ല. ഇതോടെ ജെ.ഡി വാന്‍സുമായുള്ള അവരുടെ വിവാഹബന്ധത്തില്‍ വിള്ളലുകളുണ്ടായി എന്നുവരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

എന്നാല്‍ ഇതിന് മറുപടിയുമായി ഉഷയുടെ വക്താവ് രംഗത്തെത്തി. മൂന്ന് കുട്ടികളുടെ അമ്മയാണ് ഉഷയെന്നും അവരെ നോക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ മോതിരം മറന്നുപോയതായിരിക്കാമെന്ന് വക്താവ് 'പീപ്പ്ള്‍' മാസികയോട് പറഞ്ഞു. ' മൂന്ന് ചെറിയ കുട്ടികളുടെ അമ്മയാണ്. ദിവസവും അവര്‍ ധാരാളം പാത്രങ്ങള്‍ കഴുകുകയും കുട്ടികളെ കുളിപ്പിക്കുകയും ചെയ്യുന്നു. അതിനിടയില്‍ ചിലപ്പോള്‍ മോതിരം മറന്നിട്ടുണ്ടാകാം'-വക്താവ് വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി വാന്‍സും ഉഷയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊല ചെയ്യപ്പട്ട കണ്‍സേര്‍വേറ്റീവ് ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ എറിക്കയുമായി വാന്‍സിന് ബന്ധമുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. യുഎസ്എയില്‍ നടന്ന ഒരു പരിപാടിയില്‍വെച്ച് എറിക്കിനെ വാന്‍സ് ആലിംഗനം ചെയ്തതോടെയാണ് ഇതിന് തുടക്കം.

കഴിഞ്ഞ മാസം മിസിസിപ്പി സര്‍വകലാശാലയില്‍ വാന്‍സിനെ പരിചയപ്പെടുത്തിയത് എറിക്കയായിരുന്നു. കിര്‍ക്കും വാന്‍സും തമ്മില്‍ 'ചില സാമ്യതകള്‍' താന്‍ കാണുന്നുണ്ടെന്ന് അവര്‍ അ്ന്ന് പറഞ്ഞു. 'എന്റെ ഭര്‍ത്താവിന് പകരക്കാരനായി ആരും വരില്ല. പക്ഷേ എന്റെ ഭര്‍ത്താവിന്റെ ചില സാമ്യതകള്‍ ഞാന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സില്‍ കാണുന്നുണ്ട്. തീര്‍ച്ചയായും. അതുകൊണ്ടുതന്നെ, ഇന്ന് രാത്രി അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്' എന്നാണ് എറിക്ക പറഞ്ഞത്. ഇതും വലിയ ചര്‍ച്ചയായി മാറി.

യേല്‍ ലോ സ്‌കൂളില്‍ വെച്ചാണ് ഉഷയും ജെ.ഡി വാന്‍സും കണ്ടുമുട്ടിയത്. 2014-ല്‍ അവര്‍ വിവാഹിതരായി. അവര്‍ക്ക് മൂന്ന് മക്കളുണ്ട്.