മ്മുടെ രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ദേശീയപതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും വിവിധ പരിപാടികള്‍ നടത്തിയുമെല്ലാമാണ് സ്വാതന്ത്ര്യദിനം ഇന്ത്യ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഗംഭീരമായാണ് സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്. അക്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

To advertise here,

യുഎസ്സില്‍ നിന്നുള്ള ഒരു കൗമാരക്കാരന്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ഗേബ് മെറിറ്റ് എന്ന 17-കാരനാണ് 'ജനഗണമന' ആലപിച്ചത്. ഇംഗ്ലീഷ് സംസാരിക്കുന്ന തനിക്ക് പരിചിതമല്ലാത്ത ഭാഷയിലുള്ളതാണെങ്കിലും തന്നാല്‍ കഴിയുംവിധം മനോഹരമായി തന്നെ ഗേബ് ദേശീയഗാനം ആലപിച്ചു. 

ദിശ പന്‍സൂരിയ എന്ന യുഎസ്സില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയാണ് ഗേബിന്റെ ദേശീയഗാനാലാപനത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അമേരിക്കക്കാരനായ 17-കാരന്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും' എന്നാണ് ദിശ വീഡിയോയുടെ മുകളില്‍ കുറിച്ചത്. വിവിധ രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ ഗേബിന് മനഃപാഠമാണെന്ന് ദിശ പറയുന്നു. കൂടാതെ ഇന്ത്യയുടെ ദേശീയഗാനത്തോട് ഗേബിന് പ്രത്യേക ഇഷ്ടമുണ്ടെന്നും ദിശ കൂട്ടിച്ചേര്‍ത്തു. 

'എന്റെ ദൈവമേ! എന്റെ ഹൃദയം ഇത് കണ്ട് പുഞ്ചിരിക്കുകയാണ്. അവന്‍ അടിപൊളിയാണ്. ഇവന് ഒട്ടേറെ രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ അറിയാം. പക്ഷേ ഇന്ത്യയാണ് ഇവന്റെ പ്രിയപ്പെട്ടത്. അസാമാന്യ കഴിവുകളുള്ള ഇവന്‍ ജീവിതത്തില്‍ വലിയ വിജയം നേടട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.' -വീഡിയോയുടെ ക്യാപ്ഷനായി ദിശ കുറിച്ചു. 

ഇതിനകം 60,000-ത്തോളം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി പേര്‍ ദിശയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'മനോഹരമായിട്ടുണ്ട് സഹോദരാ... ഇന്ത്യയില്‍ നിന്ന് ഒരുപാട് സ്‌നേഹം. ഈ മനോഹരമായ രാജ്യം സന്ദര്‍ശിക്കാനായി താങ്കളെ ഞാന്‍ ക്ഷണിക്കുന്നു' എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ഇന്ന് കണ്ടതില്‍ ഏറ്റവും മികച്ച കാര്യം ഇതാണ്' എന്ന് മറ്റൊരാള്‍ കുറിച്ചു. 'അഭിമാന നിമിഷം' എന്നായിരുന്നു അടുത്ത കമന്റ്.