ദിവസവും ഒരുനേരമെങ്കിലും കുളിക്കുന്നവരാണ് മലയാളികള്‍. വ്യക്തിശുചിത്വം അത്രമേല്‍ പ്രധാനപ്പെട്ടതാണ് നമുക്ക്. വെള്ളം സുലഭമായി ലഭിക്കുന്നതും അതിനൊരു കാരണമായിട്ടുണ്ട്. ആരോഗ്യമുള്ള ജീവിതത്തിന് ഡോക്ടര്‍മാര്‍ പ്രധാനമായി നിര്‍ദേശിക്കുന്നതും വ്യക്തിശുചിത്വംതന്നെ. ദിവസവും കുളിക്കുക, പുറത്തുപോയിവന്നാല്‍ കൈകാലുകളും മുഖവും കഴുകുക തുടങ്ങി പലവിധ നിര്‍ദേശങ്ങള്‍ ആരോഗ്യവിദഗ്ധര്‍ നല്‍കാറുണ്ട്.

To advertise here,

അങ്ങനെയുള്ള നമുക്ക്, ഡോക്ടര്‍ കുളിക്കാറില്ല എന്നു പറഞ്ഞാല്‍ അദ്ഭുതമായിരിക്കും. എങ്കില്‍ യു.എസില്‍ അങ്ങനെയൊരു ഡോക്ടറുണ്ട്. ഒരു ദിവസമോ ഒരാഴ്ചയോ ഒരു മാസമോ അല്ല. അഞ്ചുവര്‍ഷമായിട്ട് കുളിക്കാത്ത ഡോക്ടറാണ് ജെയിംസ് ഹംബ്ലിന്‍. കുളിക്കാത്തതിന്റെ പേരില്‍  തന്റെ ശരീരത്തിൽ നിന്ന് ദുർ​ഗന്ധമൊന്നും  അനുഭവപ്പെടാറില്ലെന്നും അങ്ങനെയുള്ള തോന്നലുകളെല്ലാം തെറ്റാണെന്നും സമര്‍ഥിക്കുകയാണ് അദ്ദേഹം. ഷാംപൂകളും സോപ്പുകളും മറ്റു തരത്തിലുള്ള ശുചിത്വ ഉല്പന്നങ്ങളും അനാവശ്യമാണെന്നും അവ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. 

ദിവസവും കുളിക്കേണ്ടതിന്റെ ആവശ്യകതയെന്താണ് എന്നതിന്റെ പരീക്ഷണാര്‍ഥമാണ് അദ്ദേഹം കുളിക്കാതിരിക്കാനുള്ള തീരുമാനമെടുത്തത്. കുളി ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണോ അതോ വ്യക്തിപരമായ മുന്‍ഗണനയാണോ എന്ന് പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. അങ്ങനെ അഞ്ചുവര്‍ഷം കുളിക്കാതെ നിന്നു. അതേസമയം ശുചിത്വബോധത്തെ പാടേ നിരാകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല ഈ പരീക്ഷണം. വ്യായാമം കഴിഞ്ഞാല്‍ ശരീരത്തിലുണ്ടാകുന്ന വിയര്‍പ്പുകളും ഉപ്പുരസവും നീക്കാന്‍ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞിരുന്നു. സോപ്പ് പോലുള്ള ലേപനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ശുചിത്വം വേണ്ടതില്ല എന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഊന്നല്‍. 

മനുഷ്യന്റെ ചര്‍മമെന്നത് മൈക്രോബയോമിന്റെ ഭവനമാണെന്നും ചര്‍മത്തിന്റെ ആരോഗ്യത്തില്‍ ബാക്ടീരിയകളുടെ സങ്കീര്‍ണമായ ആവാസവ്യവസ്ഥ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. സോപ്പും ഷാംപൂവും ഉപയോഗിച്ച് ശരീരം കഴുകുന്നതിലൂടെ ചര്‍മത്തില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണകളും രാസവസ്തുക്കളും മാത്രമാണ് നീക്കം ചെയ്യപ്പെടുന്നത്. അത് വീണ്ടുമുണ്ടാവുന്നു, വീണ്ടും കുളിച്ച് ശുദ്ധീകരിക്കുന്നു എന്ന വിധത്തില്‍ ചാക്രികമാണ്. 

കുളിച്ചില്ലെങ്കില്‍ ശരീരത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കും എന്നാണ് എല്ലാവരുടെയും സങ്കല്പം. എന്നാല്‍ കുളിക്കാതിരിക്കുന്നതോടെ, ശരീരം അതുമായി പൊരുത്തപ്പെടുകയും ദുര്‍ഗന്ധം ഇല്ലാതാവുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ കഴുകുന്നത് ഉയര്‍ന്ന ശുചിത്വമാണെന്ന വിശ്വാസം നല്ലതല്ല. ചര്‍മത്തില്‍ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുണ്ട്. സോപ്പും മറ്റും ഉപയോഗിച്ച് കഴുകിക്കൊണ്ട് അവയെ തടസ്സപ്പെടുത്തുന്നത് ശരീരത്തിന് നല്ലതല്ലെന്നും അദ്ദേഹം വാദിക്കുന്നു.