തന്റെ ആദ്യ വിവാഹജീവിതത്തിലെ മോശം അനുഭവങ്ങളും മദ്യപാനശീലം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും തുറന്നുപറഞ്ഞ് നടി ഉര്‍വശി. ഭര്‍തൃവീട്ടില്‍ ജീവിക്കേണ്ടവള്‍ എന്ന രീതിയിലാണ് തന്റെ കുടുംബം തന്നെ വളര്‍ത്തിയതെന്നും ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും ഉര്‍വശി വ്യക്തമാക്കി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
താന്‍ എടുത്ത തീരുമാനമായിരുന്നു തന്റെ വിവാഹമെന്നും അതിനാല്‍ അത് നല്ലതാണെന്ന് വീട്ടുകാരെ കാണിക്കാന്‍ ഒരുപാട് വാശി പിടിച്ചെന്നും ഉര്‍വശി പറയുന്നു. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ മദ്യപിക്കുന്നത് കൂടി. അതിന് അനുസരിച്ച് ആരോഗ്യം മോശമായി. ഉറക്കം നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. എന്റെ സുഹൃത്തുക്കളും പേഴ്‌സണല്‍ സ്റ്റാഫും ചേര്‍ന്നാണ് തന്നെ ഇതില്‍ നിന്നെല്ലാം മോചിപ്പിച്ചതെന്നും ഉര്‍വശി പറയുന്നു.
'വിവാഹം കഴിഞ്ഞ് ചെല്ലുമ്പോള്‍ ആ വീട്ടില്‍ നമ്മുടെ കുടുംബത്തില്‍ ഇല്ലാത്ത ചിട്ടകളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ വളരെ ഫോര്‍വേഡായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം കഴിക്കും. അച്ഛനും അമ്മയും മക്കളുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പങ്കുവെക്കുന്നവരാണ്. വളരെ ഹാപ്പിയായി അടിച്ചുപൊളിച്ച് ജീവിക്കുന്നവരാണ്. അവിടേക്ക് ചെന്നപ്പോള്‍ എനിക്ക് അദ്ഭുതമായിരുന്നു. ഇങ്ങനെയൊക്കെ സാധ്യമാണോ എന്ന് ഞാന്‍ ആലോചിച്ചു. പിന്നീട് അതുമായി പൊരുത്തപ്പെട്ടു പോകാന്‍ ശ്രമിച്ചു.
പിന്നെ ഇതെല്ലാം കഴിഞ്ഞ് വയറ്റിപ്പിഴപ്പിനായി ജോലിക്ക് പോകുകയും വേണം. അങ്ങനെ ഞാന്‍ മറ്റൊരാളായി മാറിക്കൊണ്ടരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയി. എനിക്ക് ഇതൊന്നും പറയാനും ആരുമില്ല. പിന്നെ ഞാന്‍ സ്വയം എടുത്ത തീരുമാനമായിരുന്നല്ലോ ഈ വിവാഹം. അതില്‍ പ്രശ്‌നങ്ങളില്ലെന്ന് വീട്ടുകാരെ കാണിക്കാന്‍ ഒരുപാട് ശ്രമിച്ചു. വാശി പിടിച്ചു. എല്ലാം അറിയുന്ന ആള്‍ കല ചേച്ചി ആയിരുന്നു. ചേച്ചിയും ശരിയാക്കാന്‍ ശര്മിച്ചു. പക്ഷേ അപ്പോഴേക്കും നമ്മള്‍ വേറെ ഒരാളായി മാറിയിരുന്നു. നമ്മള്‍ കുഴിയിലേക്ക് വീണു പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു.
ശ്രീദേവി മാഡത്തെ കുറിച്ച് ഞാന്‍ മുമ്പ് കേട്ടിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് തളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് റിലാക്‌സ് ആവാന്‍ ഡ്രിങ്ക്‌സ് കൊടുക്കുമെന്ന്. ഹെവി ആയി ജോലി എടുക്കുന്നതിനാല്‍ അത് കൊടുത്താണ് അവരെ പിടിച്ചുനിര്‍ത്തിയിരുന്നതെന്ന് അവരോടൊപ്പം അഭിനയിച്ച രാധയെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്. കുട്ടി പത്മിനിയും അത് പറഞ്ഞിട്ടുണ്ട്. ചെന്നുകയറിയ വീട്ടില്‍ നിന്നാണ് എനിക്ക് ആ പരിചയം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒന്ന് റിലാക്‌സ് ആവാന്‍ വേണ്ടി എല്ലാവരും കൂടി ഇരുന്ന് കഴിക്കും.
എന്നാല്‍ പിന്നെ നമ്മള്‍ മാത്രം ഒറ്റയാള്‍ പട്ടാളമായി മാറുകയും സമ്പാദ്യത്തിന് മാത്രമുള്ള ആളായി മാറുകയും ചെയ്തു. അഭിപ്രായവ്യത്യാസമുണ്ടാകുമ്പോള്‍ ഡ്രിങ്ക്‌സ കഴിക്കുന്നത് കൂടും. അതിന് അനുസരിച്ച് ആരോഗ്യം മോശമാവുകയും ചെയ്തു. എനിക്ക് അതിനുമാത്രം ആരോഗ്യമില്ല. ഉറക്കം നഷ്ടപ്പെടുകയും ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരികയും ചെയ്തു. മദ്യപാനത്തെ മാത്രം ആശ്രയിച്ചു ജീവിച്ചു. പിന്നെ ചുറ്റുപാട് മറക്കും. ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. എന്റെ സുഹൃത്തുക്കളും പേഴ്‌സണല്‍ സ്റ്റാഫും ചേര്‍ന്ന് എന്നെ അതില്‍നിന്നും മോചിപ്പിക്കാന്‍ മുന്നോട്ടുവന്നു. ആ സമയത്ത് എന്റെ വീട്ടില്‍നിന്ന് കുറച്ച് ആളുകള്‍ പറഞ്ഞു സത്യം ഒന്നും പുറത്തു പറയണ്ട എന്ന്. എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്തിട്ടാണ് ഞാന്‍ മിണ്ടാതിരുന്നത്. മറുഭാഗത്ത് നിന്ന് വന്ന വിശദീകരണങ്ങള്‍ ഒന്നും ശരിയായ രീതയിലായിരുന്നില്ല. നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 85 മുതല്‍ 95 വരെ മലയാള സിനിമയില്‍ ആക്റ്റീവ് ആയി നിന്ന ഉര്‍വശി എന്താണെന്ന് ഇവിടെയുള്ളവര്‍ക്ക് അറിയാം. എന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അറിയാം. അത് കഴിഞ്ഞുള്ള എന്റെ മാറ്റത്തിന്റെ കാരണവും വ്യക്തമാണ്.
ഭര്‍ത്താവിന്റെ വീട്ടില്‍ പോയി ജീവിക്കാനുള്ള പെണ്‍കുട്ടി എന്ന രീതിയിലാണ് എന്നെ അവര്‍ വളര്‍ത്തിയത്. വീട്ടുകാര്‍ അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്. ഞാനും അങ്ങനെയാണ് മനസിലാക്കിയത്. ആ രീതിയില്‍ ഞാന്‍ ജീവിച്ചു. അത് ശരിയല്ലെന്ന് ബോധ്യപ്പെടാന്‍ കുറച്ച് കാലമെടുത്തു. എനിക്ക് ഇങ്ങനെ ഒരു നിയോഗമുണ്ടായിരുന്നു. എന്റെ മകള്‍ ഇങ്ങനെ രണ്ട് പേരുടെ മകളായി ജനിക്കണം എന്നത്. അത് ദൈവം തീരുമാനിച്ചതാണ്. ആ നിയോഗം പൂര്‍ത്തിയായി. ഇപ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല.'- ഉര്‍വശി പറയുന്നു.
Content Highlights: urvashi talks about first marrige and alcoholism
Published: 14 Dec 2025, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented