ഇത്തവണത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വ്യത്യസ്തമായ ലുക്കുകളിലെത്തി ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉര്‍വശി റൗട്ടേല. 2018-ലെ കാന്‍ മേളയില്‍ ഐശ്വര്യ റായ് ധരിച്ച മൈക്കിള്‍ കിന്‍കോ ഗൗണിന് സമാനമായ ഗൗണ്‍ ധരിച്ചും ഉര്‍വശി ഇത്തവണ എത്തിയിരുന്നു. ഇതോടെ പലരും ഐശ്വര്യയേയും ഉര്‍വശി റൗട്ടേലയേയും താരതമ്യം ചെയ്തു. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഉര്‍വശി റൗട്ടേല. 

To advertise here,

ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യ റായ്‌യേയും തന്നെയും താരതമ്യം ചെയ്തുകൊണ്ട് ഒരാളിട്ട കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഉര്‍വശി തുറന്നടിച്ചത്. 'ഒട്ടും കരിഷ്മയില്ലാതെ ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുന്നു' എന്നായിരുന്നു ആ കമന്റ്. 

'കരിഷ്മയില്ലാത്ത ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുകയാണോ ഞാന്‍? ഡാര്‍ലിങ്, ഐശ്വര്യ ഒരു ബിംബമാണ്. എന്നാല്‍ ഞാന്‍ ഒരാളുടേയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്. ഞാനാണ് ബ്ലൂ പ്രിന്റ്. അവിടെ ഇഴുകിച്ചേരാനായി കാന്‍സ് എന്നെ ക്ഷണിച്ചതല്ല, വേറിട്ടുനില്‍ക്കാനായി ഞാന്‍ വന്നതാണ്. എന്റെ ലുക്ക്, എന്റെ സ്റ്റൈല്‍, എന്റെ ആത്മവിശ്വാസം ഇതെല്ലാം നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍, ഒന്നോ രണ്ടോ ദീര്‍ഘനിശ്വാസമെടുക്കൂ. ഞാന്‍ എല്ലാവര്‍ക്കും പറ്റിയ ആളല്ല.' -ഉര്‍വശി റൗട്ടേല കുറിച്ചു. 

Also Read: നാലര ലക്ഷത്തിന്റെ ക്ലച്ചും ബഹുവര്‍ണ ഗൗണും,റെഡ് കാര്‍പറ്റില്‍നിന്ന് മാറാതെ ഉര്‍വശി, മാറ്റി വളന്റിയര്‍

'എല്ലാ കീ ബോര്‍ഡ് വിമര്‍ശകരോടുമായി ഞാന്‍ പറയട്ടെ, സംസാരിക്കുന്നത് തുടരുക.' -താരം തുടര്‍ന്നു. അവിടെയും നിര്‍ത്തിയില്ല ഉര്‍വശി റൗട്ടേല. ഇന്‍സ്റ്റഗ്രാമിലെ പ്രമുഖ ഫാഷന്‍ നിരീക്ഷക അക്കൗണ്ടായ ഡയറ്റ് സബ്യയ്‌ക്കെതിരെയും അവര്‍ ആഞ്ഞടിച്ചു. 

'ഞാന്‍ കോണിപ്പടിയില്‍ തടസമുണ്ടാക്കിയെന്ന് പറഞ്ഞ മുഖമില്ലാത്ത പേജായ ഡയറ്റ് സബ്യയുടെ നുണകള്‍ക്കെതിരെ ഞാന്‍ അടിയറവ് പറയാതെ നിവര്‍ന്നു നിന്നു. സത്യം വാഴട്ടെ. എല്ലാവരേയും പോലെ എന്റെ ടീം എല്ലാ അനുമതികളും വാങ്ങിയശേഷമാണ് കോണിപ്പടിയില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്. ഡയറ്റ് പ്രദയുടെ വികലമായ അനുകരണം മാത്രമാണ് ഡയറ്റ് സബ്യ.' -ഉര്‍വശി റൗട്ടേല പറഞ്ഞു.