ഫാഷന്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേദിയാണ് കാന്‍ ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള റെഡ് കാര്‍പറ്റ്. ഇത്തവണ മെയ് 13-ന് തിരശ്ശീലയുയര്‍ന്ന കാനിലെ റെഡ് കാര്‍പറ്റില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സ്‌റ്റൈലിഷായി എത്തിയിരുന്നു. നടി കിയാര അദ്വാനിയും റെഡ് കാര്‍പറ്റിലൂടെ നടന്നു.

To advertise here,

എന്നാല്‍ ഏറെ കാത്തിരുന്ന കാനില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മോഡലും നടിയുമായ ഉര്‍ഫി ജാവേദ്. വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്റെ അരങ്ങേറ്റം നഷ്ടമായതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഉര്‍ഫി പറയുന്നു.

'കാനില്‍ പോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് വിസ നിരസിക്കപ്പെട്ടു. ഞാനും എന്റെ ടീമും കാനില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞങ്ങള്‍ വ്യത്യസ്തമായ പല ഔട്ട്ഫിറ്റുകളും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഞങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു അത്.'-ഉര്‍ഫി കുറിച്ചു. ഇതിന് താഴെ ഉര്‍ഫിയെ ആശ്വസിപ്പിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മറ്റൊരു റീലില്‍ കാനില്‍  ധരിക്കേണ്ടിയിരുന്ന ഔട്ട്ഫിറ്റിനെ കുറിച്ചും ഉര്‍ഫി പറയുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള ഗൗണാണ് താരത്തിനായി തയ്യാറാക്കിയിരുന്നത്. പൂവ് വിരിയുന്നതു പോലെയുള്ള ഡിസൈനായിരുന്നു  ഈ ഗൗണിന്റെ പ്രത്യേകത.