താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് 'റീത്ത ഭരദ്വാജ്' എന്ന് മാറ്റിയെന്നുമുള്ള പ്രചാരണങ്ങൾ നിഷേധിച്ച് രംഗത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ താരമായ ഉർഫി ജാവേദ്. ഹിന്ദുമതം സ്വീകരിച്ചുവെന്ന പ്രചാരണങ്ങൾ അവസാനിച്ചുവെന്ന് കരുതുമ്പോഴാണ് ഉർഫി വീണ്ടും വാർത്തകളിൽ നിറയുന്നത്.

To advertise here,

ഹിന്ദുമതം സ്വീകരിച്ചില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഉർഫി അസമിലെ കാമാഖ്യ ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതാണ് പുതിയ ചർച്ചാവിഷയം. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഉർഫിയുടെ ക്ഷേത്ര സന്ദർശനം. ക്ഷേത്രത്തിനകത്ത് കൈകൂപ്പി നിൽക്കുന്ന ചിത്രങ്ങളും കുങ്കുമം ചാർത്തിയ ചിത്രങ്ങളും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

മീത ചൗധരി എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഉർഫി മതം മാറിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങളുമായി വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വീഡിയോ നീക്കം ചെയ്തു. ഇതിന് മറുപടി നൽകിയ ഉർഫി താൻ പേരോ മതമോ മാറ്റിയിട്ടില്ലെന്നും ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കുകയും ചൗധരി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

മതിയായ പരിശോധനകൾ നടത്താതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല എന്നാണ് ഉർഫി അന്ന് പ്രതികരിച്ചത്. വിവാദങ്ങൾ അതോടെ അവസാനിച്ചില്ല. ആ വീഡിയോ ക്രിയേറ്റർ തനിക്കയച്ചതാണെന്ന് ആരോപിക്കുന്ന സന്ദേശങ്ങളുടെ മറ്റൊരു പോസ്റ്റും ഉർഫി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. സന്ദേശങ്ങൾ പൂർണമായും പങ്കുവയ്ക്കാൻ കഴിയാത്തത്ര അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ഉർഫി പറഞ്ഞു. വീഡിയോ ഇട്ടയാൾ അത് നീക്കം ചെയ്യുകയും തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് അവർ ആരോപിച്ചു. എന്നാൽ വിവാദ പ്രചാരണങ്ങൾക്ക് മറുപടി നൽകിയതിന് പിന്നാലെയാണ് ഉർഫിയുടെ ക്ഷേത്ര സന്ദർശനം.