ബോളിവുഡ് താരം ഋഷി കപൂറിന്റെ വിവാഹേതര ബന്ധത്തിലുണ്ടായ മകളാണ് താനെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നുവെന്ന് നടി ട്വിങ്കിള്‍ ഖന്ന. തനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഋഷി കപൂര്‍ പങ്കുവെച്ച ഒരു ട്വീറ്റാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും ട്വിങ്കിള്‍ വ്യക്തമാക്കി. കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തുന്ന 'ടു മച്ച്' എന്ന ചാറ്റ് ഷോയുടെ പുതിയ എപ്പിസോഡിലാണ് താരം ഈ ഓര്‍മകള്‍ പങ്കുവെച്ചത്. ഋഷി കപൂറിന്റെ മരുമകളും നടിയുമായ ആലിയ ഭട്ടും നടന്‍ വരുണ്‍ ധവാനും അതിഥികളായെത്തിയ എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞത്.

To advertise here,

'പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍! 1973-ല്‍ 'ബോബി'യില്‍ ഞാന്‍ നിന്റെ അമ്മയെ പ്രണയിച്ച് പാടുമ്പോള്‍ നീ അവരുടെ വയറ്റിലായിരുന്നു, ഹഹഹ.' എന്നാണ് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തത്. അത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി. ട്വിങ്കിള്‍ ഋഷിയുടെ വിവാഹേതര ബന്ധത്തിലുള്ള മകളാണെന്നും ആളുകള്‍ കരുതി.

ഇതോടെ വിശദീകരണവുമായി ഋഷി കപൂര്‍ രംഗത്തെത്തുകയും ചെയ്തു. ബോബിയില്‍ ഋഷിയും ട്വിങ്കിളിന്റെ അമ്മ ഡിംപിള്‍ കപാഡിയയുമായിരുന്നു നായികയും നായകനും. അന്ന് ഗാനരംഗം ചിത്രീകരിക്കുമ്പോള്‍ ഡിംപിള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും അക്കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഋഷി വിശദീകരിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും രാജേഷ് ഖന്നയുമായുള്ള ഡിംപിളിന്റെ വിവാഹത്തെ തുടര്‍ന്ന് നീട്ടുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹത്തിനുശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയും അന്ന് ഡിംപിള്‍ ഗര്‍ഭിണിയായിരുന്നുവെന്നും ഋഷി കപൂര്‍ വ്യക്തമാക്കി. 1973 മാര്‍ച്ചിലാണ് ഡിംപിള്‍ കപാഡിയയും രാജേഷ് ഖന്നയും വിവാഹിതരായത്. ആ വര്‍ഷം സെപ്റ്റംബറില്‍ 'ബോബി' റിലീസ് ചെയ്തു. ഡിസംബറില്‍ ട്വിങ്കിള്‍ ഖന്ന ജനിച്ചു.

ഷോയ്ക്കിടെ ട്വിങ്കിള്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആലിയ പരിഭ്രമിച്ചു. 'ഞാന്‍ നിന്റെ നാത്തൂനല്ല, അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു' എന്ന് ട്വിങ്കിള്‍ ആലിയയോട് പറയുകയും ചെയ്തു. ആലിയയ്ക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്ന് വരുണ്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.