യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോ​ഗ്യനിലയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിന് ശേഷമാണ് സംശയങ്ങൾ ശക്തമായത്. പ്രസിഡന്റിന്റെ വീങ്ങിയ കണങ്കാലുകളും കൈകളിലെ മുറിപ്പാടുകളും അദ്ദേഹത്തിന്റെ ആരോഗ്യക്ഷമതയെക്കുറിച്ച് ആശങ്കയുണർത്തുന്നതായി ചിലർ എക്സിൽ കുറിച്ചു. ഈ പാടുകൾ സ്കിൻ ടോണിലുള്ള മേക്കപ്പ് ആകാമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റ് ചിലർ ആരോഗ്യപരമായ ആശങ്കയുടെ സൂചനയായിരിക്കാം ഇവയെന്നാണ് പറയുന്നത്. 

To advertise here,

അതേസമയം, ഈ വർഷം ഏപ്രിലിൽ പുറത്തുവന്ന അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ശാരീരികമായും മാനസികമായും ട്രംപ് പൂർണ ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ജൂലായിൽ വെടിയേറ്റതിന്റെ പാട് ട്രംപിന്റെ വലതുചെവിയിലുണ്ട്. അദ്ദേഹത്തിൻ്റെ ഹൃദയം, ശ്വാസകോശം എന്നിവയും പൊതുവായ ശാരീരികക്ഷമതയും വളരെ മികച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ, ട്രംപിന്റെ അസുഖം മറച്ചുവയ്ക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നു. ട്രംപിന്റെ കൈയുടേയും കണങ്കാലിന്റെയും ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് ഇവർ ആരോപണം ഉന്നയിക്കുന്നത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണോ ട്രംപ് കുനിഞ്ഞിരിക്കുന്നത് എന്നുമുതൽ പ്രസിഡന്റ് അദ്ദേഹത്തിന്റെ ആരോഗ്യ റിപ്പോർട്ടിൽ കൃത്രിമം കാണിച്ചുവെന്നുവരെ ചിലർ എക്സിൽ ആരോപിച്ചു.