മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ ഞെട്ടിക്കുന്നതായിരുന്നു ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവുത്തിന്റെ കഴിഞ്ഞദിവസത്തെ പ്രഖ്യാപനം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇതുകാരണം രണ്ടുമാസത്തേക്ക് പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്നുമാണ് അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചത്. ആളുകളുമായി ഇടപഴകരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്നും ചികിത്സയിലാണെന്നും പറഞ്ഞെങ്കിലും രോഗം സംബന്ധിച്ച മറ്റുവിവരങ്ങള്‍ കഴിഞ്ഞദിവസം പങ്കുവെച്ച തുറന്ന കത്തിലൂടെ അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, സഞ്ജയ് റാവുത്തിന്റെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇതുസംബന്ധിച്ച് പല ആശങ്കകളും ഉയരുന്നുണ്ട്.
തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയത് പെട്ടെന്നാണെന്നായിരുന്നു സഞ്ജയ് റാവുത്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ചികിത്സയ്ക്കായി നഗരം വിടേണ്ടതുണ്ടെന്നും ചികിത്സാകാലയളവില്‍ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിന് ശേഷം പുതുവര്‍ഷത്തിന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കടുത്ത വിമര്‍ശകനും മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദവുമാണ് രാജ്യസഭാ എംപികൂടിയായ റാവുത്ത്. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ മുംബൈയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ റാവുത്ത് പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധമാര്‍ച്ച് ആസൂത്രണംചെയ്യാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്.
രണ്ടുവര്‍ഷം മുന്‍പ് സഞ്ജയ് റാവുത്ത് മുംബൈ ലീലാവതി ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലുള്ളത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയുമായിരുന്നു. ഇതിനുശേഷം ആരോഗ്യനില തൃപ്തികരമായി അദ്ദേഹം പൊതുരംഗത്തേക്ക് തിരിച്ചെത്തുകയുംചെയ്തു.
അതിനിടെ, സഞ്ജയ് റാവുത്ത് വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞു. ഇതിനുപിന്നാലെ പ്രധാനമന്ത്രിക്ക് സഞ്ജയ് റാവുത്ത് നന്ദി അറിയിക്കുകയുംചെയ്തു. എല്ലാപ്രതിസന്ധികളെയും കണ്ണടച്ച് നേരിടുകയും അതില്‍ വിജയിക്കുകയുംചെയ്യുന്നയാളാണ് സഞ്ജയ് റാവുത്തെന്നും ഇപ്പോഴും അത് സംഭവിക്കുമെന്നും ആദിത്യ താക്കറെയും സാമൂഹികമാധ്യമത്തില്‍ കുറിച്ചു. മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയനേതാക്കളും സഞ്ജയ് റാവുത്ത് വേഗംസുഖംപ്രാപിക്കട്ടയെന്ന് ആശംസിച്ചു.
Content Highlights: Sanjay Raut, a prominent Shiv Sena (UBT) leader, announces a two-month hiatus from public life due to serious health issues. Learn more about his condition and the political implications.
Published: 01 Nov 2025, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented