ഇസ്ലാമാബാദ്: സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്ന് ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ അദ്ദേഹം തിരികെ ജയിലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയിൽ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും മെഡിക്കലി അദ്ദേഹം ഫിറ്റാണെന്ന് ഡോക്ടർമാർ അറിയിച്ചതായും പാക് ഇൻഫർമേഷൻ മന്ത്രി അത്താഉള്ള തരാർ പറഞ്ഞു.
ഇമ്രാൻ ഖാന്റെ പേരോ ആശുപത്രിയുടെ പേരോ പാക് മന്ത്രി പ്രസ്താവനയിൽ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 'സുപ്രീം കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിൽ, ഓഗസ്റ്റ് 20നും 21നും ഇടയിലുള്ള രാത്രിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ തടവുകാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു നേത്രരോഗ വിദഗ്ദ്ധൻ, ഒരു കാർഡിയോളജിസ്റ്റ്, ഒരു ഫിസിഷ്യൻ എന്നിവരുൾപ്പെടെയുള്ള വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും അദ്ദേഹം ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു' പാക് ഇൻഫർമേഷൻ മന്ത്രി എക്സിൽ കുറിച്ചു.
മെഡിക്കൽ പരിശോധനയും ചികിത്സാ നടപടികളും നടക്കുമ്പോൾ ഇമ്രാന്റെ സഹോദരി ഉസ്മ ഖാൻ സന്നിഹിതയായിരുന്നുവെന്ന് പാക് മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച പുലർച്ചെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ വെച്ച് ഇമ്രാൻ ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ, പോലീസ് അകമ്പടിയോടെ അദിയാല ജയിലിന്റെ ഒന്നാം നമ്പർ ഗേറ്റിൽ നിന്നാണ് ഇമ്രാനെ ഇസ്ലാമാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അഴിമതിക്കേസിൽ 14 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് 5 മുതൽ കഴിയുകയാണ്. തടവുകാലയളവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത് പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.
Content Highlights: Imran Khan was taken to hospital following Supreme Court instructions., A team of expert doctors examined him and declared him medically fit., His sister Uzma Khan was present during the medical procedures., He is currently serving a 14-year prison sentence in corruption cases since August 2023.
Published: 21 Aug 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented