ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യം തീരുമാനിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായി അദ്ദേഹം അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് ഉടൻ തന്നെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
ശിക്ഷാവിധി വന്ന വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ എത്തി അദ്ദേഹത്തെ പരിശോധിക്കും. പരിശോധനയ്ക്ക് ശേഷമായിരിക്കും ഏതു തരത്തിലുള്ള ചികിത്സയാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത്.
ജയിലിലെ ആശുപത്രി വാർഡിൽ തന്നെ തുടർചികിത്സ നൽകിയാൽ മതിയോ അതോ പുറത്തുള്ള ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റേണ്ട സാഹചര്യമുണ്ടോ എന്നും ഡോക്ടറായിരിക്കും തീരുമാനിക്കുക. തച്ചങ്കരിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ജയിൽവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ അദ്ദേഹം ആശുപത്രി ബ്ലോക്കിൽ തുടരുകയാണ്.
സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് തച്ചങ്കരി മറുപടി നൽകിയത്. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ച് വേദനയുണ്ടായെന്നും തച്ചങ്കരി പറഞ്ഞിരുന്നു.
Content Highlights: Former ADGP Tomin J. Thachankary, who was sentenced in a disproportionate assets case, has been shifted to the Poojappura Central Jail hospital block after complaining of health issues following his imprisonment.
Published: 18 Sept 2026, 10:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented