വിവാഹദിവസം പോലും ജീവനക്കാരന് ജോലി സംബന്ധമായ സന്ദേശം അയച്ച് യുഎസ് ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്ഥാപകൻ. ഇ-കൊമേഴ്‌സ് അനലിറ്റിക്‌സ് കമ്പനിയായ 'ട്രിപ്പിൾ വെയിൽ' സഹസ്ഥാപകൻ എ.ജെ ഓർബാക്കാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാതോടെ അദ്ദേഹം മാപ്പ് പറഞ്ഞുള്ള പോസ്റ്റും പങ്കുവെച്ചു,

To advertise here,

ചൊവ്വാഴ്ച തന്റെ ജീവനക്കാരനുമായുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഓർബാക്ക് എക്‌സിൽ പങ്കുവെച്ചിരുന്നു. 'എങ്ങനെ പോകുന്നു' എന്നായിരുന്നു ഓർബാക്കിന്റെ ചോദ്യം. 'കുഴപ്പമില്ല, ഇന്ന് രാവിലെയായിരുന്നു വിവാഹം, പക്ഷേ ഇപ്പോൾ ഞാൻ ഓൺലൈനിലുണ്ട്’ എന്നാണ് ജീവനക്കാരൻ മറുപടി നൽകിയത്.

സ്വന്തം വിവാഹദിവസം പോലും ജോലിക്കാര്യത്തിന് ശ്രദ്ധ നൽകിയ ജീവനക്കാരനെ പുകഴ്ത്തിയാണ് ഓർബാക്ക് ഈ സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ചർച്ചയാകുകയും ഓർബാക്കിനെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു. ഇതിൽ അഭിമാനിക്കാനായി ഒന്നുമില്ലെന്നും നിങ്ങൾ ലജ്ജിക്കുകയാണ് വേണ്ടതെന്നും ഒരാൾ കുറിച്ചു. ടോക്‌സിക് തൊഴിൽ സംസ്‌കാരത്തിന് ഉദാഹരണമാണ് ഇതെന്നായിരുന്നു മറ്റൊരു കമന്റ്. ഇതോടെ ക്ഷമ ചോദിച്ച് ഓർബാക്ക് വീണ്ടും എക്‌സിൽ പോസ്റ്റ് പങ്കുവെച്ചു.

'തെറ്റായ ഒരു കാരണത്തിന്റെ പേരിലാണ് ഞാൻ വൈറലായത്. എന്റെ ഉദ്ദേശത്തേയും നേതൃത്വത്തേയും കമ്പനിയുടെ സംസ്‌കാരത്തേയുമാണ് ആളുകൾ വിമർശിച്ചത്. അവരുടെ ഭാഗത്താണ് ശരിയെന്ന് ഞാൻ കരുതുന്നു. വിവാഹദിവസം ആ ജീവനക്കാരന് ഞാൻ മെസ്സേജ് അയക്കാൻ പാടില്ലായിരുന്നു. എന്റേത് അമിതമായ ആവേശമായിപ്പോയി. കമ്പനിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. '-ഓർബാക്ക് കുറിച്ചു.