അപ്പാർട്ട്മെന്റിൽ അടുക്കളയോ ശുചിമുറിയോ ഇല്ല

ന്യൂയോർക്ക് നഗരത്തിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ അപ്പാർട്ട്‌മെന്റിന്റെ വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. 1200 ഡോളർ അതായത് 1,12,945 രൂപയോളം മാസവാടകയായി നൽകുന്ന അപ്പാർട്ട്‌മെന്റിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്. യുഎസ്സിലെ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറായ കാലെബ് സിംപ്‌സൺ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂയോർക്ക് മഹാനഗരത്തിലെ കുതിച്ചുയരുന്ന വീട്ടുവാടകയുടെ നേർച്ചിത്രമാണ് ഈ വീഡിയോ.
ഒറ്റ മുറിയുള്ള അപ്പാർട്ട്‌മെന്റാണ് യുവതിയുടേത്. ശുചിമുറിയോ അടുക്കളയോ ഇല്ല. മറ്റ് അഞ്ച് പേർ കൂടി ഉപയോഗിക്കുന്ന പൊതുവായ ശുചിമുറിയാണ് ഉള്ളത്. 44 ചതുരശ്ര അടി വലിപ്പമുള്ള മുറിയുടെ ഓരോ ഇഞ്ചും തിങ്ങിനിറഞ്ഞതുപോലെയാണുള്ളത്. തന്റെ രണ്ട് കൈയും നിവർത്തിപ്പിടിച്ചാലുള്ളത്ര വീതി മാത്രമാണ് മുറിക്കുള്ളതെന്ന് കാലെബ് പറയുന്നു.
അടുക്കളയും ശുചിമുറിയും പോലുമില്ലാത്ത ചെറിയ കിടപ്പാടമാണെങ്കിലും അത് തന്റെ പ്രിയപ്പെട്ട ഇടമാക്കി താമസക്കാരി മാറ്റിയിട്ടുണ്ട്. കലണ്ടറുകൾ, വസ്ത്രങ്ങൾ, ബ്രേസ്‌ലറ്റുകൾ, ബഹുവർണത്തിലുള്ള പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം കൊണ്ട് മനോഹരമായി അലങ്കരിച്ച ചുമരുകളാണ് മുറിയുടേത്. അൽപ്പം ഉയരത്തിലാണ് കിടക്ക വിരിച്ചിട്ടുള്ളത്. ചെറിയൊരു സിങ്കും മുറിയിൽ കാണാം.
'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ചെറിയ അപ്പാർട്ട്‌മെന്റ്' എന്നാണ് കാലെബ് സിംപ്‌സൺ ഇതിനെ വിശേഷിപ്പിച്ചത്. ഇത്ര ചെറിയ താമസസ്ഥലത്തിന് എങ്ങനെ ഇത്ര വലിയ വാടക ഈടാക്കാൻ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു. വീഡിയോ വൈറലായതോടെ ഒട്ടേറെ പേർ കമന്റുകളുമായി രംഗത്തെത്തി.
ഇതിലും ഭേദം ജയിലിലെ സെല്ലാണെന്നാണ് ഒരാൾ കമന്റിട്ടത്. ഇത്രയും വലിയ തുകയ്ക്ക് മറ്റ് നഗരങ്ങളിൽ ഇതിനേക്കാൾ വലിയ വീട് വാടകയ്ക്ക് കിട്ടുമെന്ന് മറ്റൊരാൾ കുറിച്ചു. ഇത് നിയമവിരുദ്ധമാക്കണം എന്നാണ് മൂന്നാമതൊരാൾ പറഞ്ഞത്. 'അടുക്കളയില്ല, ശുചിമുറിയില്ല, കിടപ്പുമുറിയില്ല. ഇതൊരു അപ്പാർട്ട്‌മെന്റ് പോലുമല്ല' എന്ന് മറ്റൊരാൾ കമന്റിട്ടു. അവൾ അത് മനോഹരമായി സൂക്ഷിക്കുന്നുവെന്നാണ് വേറെയൊരാൾ അഭിപ്രായപ്പെട്ടത്.
Content Highlights: A viral video by influencer Caleb Simpson has shocked social media by featuring a tiny 44-square-foot New York City apartment with a monthly rent of $1,200 (approx. ₹1.12 lakh). The cramped room lacks a private kitchen or bathroom, forcing the tenant to share a restroom with five others. While the resident has decorated the narrow space creatively, online users reacted with outrage, with some stating that a prison cell would be better than paying such an exorbitant price for a room without basic amenities.
Published: 27 Apr 2026, 10:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented