ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ് ബോളിവുഡ്. താരങ്ങളും താരകുടുംബങ്ങളും നടത്തുന്ന ആഘോഷരാവുകള്‍ തുടരുകയാണ്. ഡിസൈനർമാരായ മനീഷ് മല്‍ഹോത്രയും അബുജാനി സന്ദീപ് ഖൊസ്‌ലെയും നിര്‍മാതാവ് രമേഷ് തൗറാനിയും കഴിഞ്ഞ ദിവസം ദീപാവലി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാനെത്തി. 

To advertise here,

ശില്‍പ ഷെട്ടി, ബിപാഷ ബസു, സല്‍മാൻ ഖാൻ തുടങ്ങി താരങ്ങളുടെ നീണ്ടനിര തന്നെ പരിപാടിയില്‍ പങ്കെടുക്കാനെത്തി. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് താരജോഡികളായ തമന്നയുടേയും വിജയ് വര്‍മയുടേയും സാന്നിധ്യമായിരുന്നു. 

റാണി പിങ്ക് നിറത്തിലുള്ള ലെഹങ്ക ഡ്രസ് ധരിച്ച് രാജകുമാരിയെ പോലെയാണ് തമന്ന പരിപാടിക്കെത്തിയത്. പച്ച നിറത്തിലുള്ള ബ്ലേസര്‍ ധരിച്ചാണ് വിജയ് വര്‍മ ഒപ്പമെത്തിയത്. ഇരുവരും പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

വിവാഹം എപ്പോഴായിരിക്കുമെന്ന ചോദ്യത്തിന് പ്രണയജോഡികള്‍ ഇതുവരെ ഉത്തരം തന്നിട്ടില്ലെങ്കിലും പ്രണയത്തിലാണെന്ന കാര്യം ഇരുവരും നേരത്തെ തന്നെ തുറന്നുസമ്മതിച്ചിരുന്നു. പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരുമിച്ചുള്ള സന്ദര്‍ഭങ്ങളും ഉണ്ടാകാം, അത് ഒളിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഒരിക്കല്‍ വിജയ് വര്‍മ തമന്നയുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞത്. ബോളിവുഡിലും പുറത്തുമുള്ള പാര്‍ട്ടികളിലെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്.