കുഞ്ഞുങ്ങളെ ദത്തെടുത്തതിനെ കുറിച്ചും അതിനായി നടത്തിയ നിമയപോരാട്ടത്തെ കുറിച്ചും മനസ് തുറന്ന് നടി സുസ്മിത സെന്‍. ആദ്യത്തെ മകള്‍ റെനെയെ ദത്തെടുക്കുമ്പോള്‍ തനിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും തന്റെ ഉദ്ദേശശുദ്ധി കോടതിയെ ബോധ്യപ്പെടുത്താന്‍ അച്ഛന് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ദത്തെടുത്ത മകളുടെ പേരില്‍ എഴുതിവെയ്ക്കാന്‍ തീരുമാനിച്ചുവെന്നും സുസ്മിത വ്യക്തമാക്കുന്നു.
'21 വയസ് പൂര്‍ത്തിയായപ്പോള്‍ എന്തെല്ലാമാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ 21 മുതല്‍ 24 വരെ അതിനായി ശ്രമിച്ചു. നിയമപോരാട്ടം തുടങ്ങി. ആ സമയത്ത് എന്റെ മകള്‍ താത്ക്കാലിക സംരക്ഷണത്തില്‍ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ കുടുംബ കോടതി എനിക്ക് അനുകൂലമായി വിധി പറഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യുമെന്നുള്ള ഭയത്തോടെയാണ് ജീവിച്ചിരുന്നത്. അവര്‍ കുട്ടിയെ തിരികെ കൊണ്ടുപോകും, അവള് ആ സമയത്ത് എന്നെ 'അമ്മ' എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എനിക്കൊരു പദ്ധതിയുണ്ടായിരുന്നു. വിചാരണ സമയത്ത് ഞാന്‍ അച്ഛനോട് പറഞ്ഞു. 'കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുക, നിങ്ങള്‍ അവളെയും കൊണ്ട് ഓടിപ്പോകണം.' അച്ഛന് അത് മണ്ടത്തരമായി തള്ളിക്കളഞ്ഞു.'-സുസ്മിത പറയുന്നു.
ദത്തെടുക്കാനായി അച്ഛന് തനിക്ക് തന്ന പിന്തുണ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. 'എന്റെ അച്ഛനെ ഓര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ അച്ഛനോ അച്ഛന്റെ സ്ഥാനത്തുള്ള ഒരാളോ ആവശ്യമുള്ള ഒരു രാജ്യത്ത് എനിക്ക് എന്റെ മക്കളെ ലഭിച്ചത് അദ്ദേഹം കാരണമാണ്. എന്റെ കുട്ടിയെ പിന്തുണക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കണമെന്നും അതിനായി അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതി ഒപ്പിട്ട് നല്‍കണമെന്നും കോടതി അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ എന്റെ അച്ഛന് കോടതിയോട് പറഞ്ഞു, 'ഞാന്‍ വലിയ പണക്കാരനല്ല, അതിന്റെ പകുതി എടുത്താല്‍ ഒന്നുമുണ്ടാകില്ല. എനിക്കുള്ളതെല്ലാം ഒരു നിബന്ധനയുമില്ലാതെ ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍ എഴുതിവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.
അവിവാഹിതയായ, അമ്മയായ തനിക്ക് വരനെ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് ആ സമയത്ത് ജഡ്ജി അച്ഛന് മുന്നറിയിപ്പ് നല്‍കിയെന്നും സുസ്മിത പറയുന്നു. 'ഒരു നല്ല കുടുംബത്തിലെ പയ്യനും എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കില്ലെന്ന് ജഡ്ജി എന്റെ അച്ഛന് മുന്നറിയിപ്പ് നല്കി. എന്നാല്‍ അവളെ വളര്‍ത്തിയത് ഒരാളുടെ ഭാര്യയാകാന്‍ വേണ്ടി മാത്രമല്ലെന്ന് അദ്ദേഹം മറുപടി നല്കി. അതിനുശേഷം അവര്‍ ദത്തെടുക്കാന്‍ അനുമതി നല്കി. അതൊരു വഴിത്തിരിവായിരുന്നു.' സുസ്മിത ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ മകള്‍ക്കുവേണ്ടി നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും രണ്ടാമത്തെ മകളായ അലീഷ സെന്നിനെ ദത്തെടുക്കുന്നത് വളരെ എളുപ്പമായിരുന്നുവെന്നും സുസ്മിത പറയുന്നു.
വിവാഹത്തെക്കുറിച്ചും വിവാഹത്തോടുള്ള സമീപനത്തെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ സംസാരിച്ചു. 'എന്നെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു കൂട്ടാണ്. എനിക്കത് ഉണ്ടെങ്കില്‍ അത് പറയാന്‍ ഒരു കടലാസിന്റെ കഷണം ആവശ്യമില്ല. മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഇതിനകം രണ്ട് പെണ്മക്കളെ തനിച്ചാണ് വളര്‍ത്തിയത്. അതിനാല്‍ അതിന് എനിക്കൊരു പുരുഷന്റെ ആവശ്യമില്ല. എന്റെ വീടുകള്‍ക്കോ സ്വത്തുക്കള്‍ക്കോ എനിക്കൊരു പുരുഷനെ ആവശ്യമില്ല. അതെല്ലാം ഞാന്‍ തനിച്ചാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ ഒരു കൂട്ട് മാത്രമാണ് ഒരു പുരുഷന് എനിക്ക് നല്കാന് കഴിയുക.'-സുസ്മിത കൂട്ടിച്ചേര്‍ത്തു.
Content Highlights: sushmita sen recalled fighting a long court battle to adopt her first daughter
Published: 14 Oct 2025, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented