35 വർഷത്തിനുള്ളിൽ ഏതാണ്ട് 50,000 പേർക്ക് ഫാഷൻ ഡിസൈനിങ്ങിൽ പരിശീലനംനൽകി റെക്കോഡ് നേടിക്കഴിഞ്ഞു ഷാർജയിലെ സുരയ്യ ഷാഫി. ഓൺലൈനിലൂടെ ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ന് സുരയ്യയുടെ ശിഷ്യരാണ്. അതിനാൽ ഷാർജയിലെ 'സുരയ്യാസ് ആർട്ടിസ്ട്രി' എന്ന ഫാഷൻ ഡിസൈനിങ് പരിശീലനകേന്ദ്രം ഇതിനകം പ്രവാസികൾക്കിടയിൽ പ്രശസ്തി നേടുകയും ചെയ്തു.
ഓരോ സ്ത്രീക്കും സ്വന്തം നിലനിൽപ്പെന്നത് ഏറെ പ്രാധാന്യമുള്ള കാലത്ത് ഇത്തരത്തിൽ സ്വന്തമായി സംരംഭകരാകുന്നതും മാതൃകയാണ്. ഭർത്താവിനെയോ കുടുംബത്തെയോ സഹായിക്കുക മാത്രമല്ല ജീവിതത്തിൽ ഒരു ജോലി എന്നനിലയിൽ തിരക്കാവുന്നതും പോസിറ്റീവ് ആയിക്കാണുകയാണ് സുരയ്യ. ഇങ്ങനെ ഓൺലൈനിൽ ഓരോ ജീവിതമാർഗം കണ്ടെത്താനും എളുപ്പമുള്ള കാലത്ത് അത്തരം സംരംഭങ്ങൾക്ക് മറ്റൊരാളെ അമിതമായി ആശ്രയിക്കുകയോ വീട്ടിൽനിന്ന് അകലേക്കുപോയി പ്രയാസപ്പെട്ട് ജോലിചെയ്യേണ്ട ആവശ്യവുമില്ല. ഫാഷൻ ഡിസൈനർ എന്നനിലയിൽ തന്റെ കീഴിൽ പഠിക്കാനെത്തുന്നവർക്ക് നൂറുശതമാനം ഉറപ്പും സുരയ്യ നൽകും.
കേവലം ആറുമാസംകൊണ്ടും അത്യാവശ്യം തയ്യൽ പഠിച്ച് ഫാഷൻ ഡിസൈനിങ് തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാനും സാധിക്കും. മാത്രമല്ല പുതിയകാലത്ത് ഏറെ സാധ്യതകളുള്ള തൊഴിലുമാണിത്. അവനവൻ തന്നെ തുണി തയ്ച്ച് ഇഷ്ടപ്പെട്ട രീതിയിൽ ഡിസൈൻ ചെയ്തുകൊണ്ട് സ്വയം മറ്റുള്ളവർക്ക് മോഡലായി മാറുക എന്ന ലക്ഷ്യം പൂർണമായും സുരയ്യാസ് ആർട്ടിസ്ട്രിയിലൂടെ പഠിച്ചിറങ്ങുന്നവർക്ക് സാധ്യമാകുന്നുവെന്നതാണ് സവിശേഷത. പഠിച്ചിറങ്ങുന്നവർക്ക് വിശാലമായ ചടങ്ങിൽവെച്ച് സുരയ്യ ആർടിസ്ട്രിയുടെ സർക്കാർ രജിസ്‌ട്രേഷൻ സർട്ടിഫിക്കേഷൻ വിതരണം, ഫാഷൻ ഷോ എന്നിവയും സംഘടിപ്പിക്കുന്നതും പതിവാണ്.
സ്വന്തമായി വസ്ത്രംതയ്ച്ച് ഡിസൈൻ ചെയ്താൽമാത്രം പോരാ അതേവസ്ത്രം ധരിച്ച് റാമ്പിൽ ആകർഷകമാകണമെന്നതുമാണ് സുരയ്യയുടെ രീതി. പഠിച്ചിറങ്ങുന്നവർക്കുള്ള ആത്മധൈര്യം പകരൽ കൂടിയാണത്.
ഡോക്ടർമാർ, എൻജിനിയർമാർ, അധ്യാപകർ, വീട്ടമ്മമാർ, നഴ്‌സുമാർ, മറ്റു പ്രൊഫഷണലുകൾ എന്നിവരെല്ലാം സുരയ്യയുടെ കീഴിൽ പഠിക്കുന്നുണ്ട്. മറ്റൊരു ജോലി കൈയിലുള്ളപ്പോൾ ഫാഷൻ ഡിസൈൻകൂടി എന്തിനു പഠിക്കണമെന്ന ചോദ്യത്തിനും സുരയ്യയ്ക്ക് പറയാനുള്ളത് 'നമ്മുടെ ആവശ്യത്തിന് അധിക സാമ്പത്തിക ചെലവില്ലാതെ കാര്യങ്ങൾ നിർവഹിക്കാ' മെന്നതാണ്. കോവിഡിനുശേഷമാണ് ഓഫ്ലൈൻ ക്ലാസ് ഒഴിവാക്കി പൂർണമായും സുരയ്യാസ് ആർട്ടിസ്ട്രിയിൽ പരിശീലനം ഓൺലൈനായി മാറിയത്.
ഫാഷൻ ഡിസൈൻ മാത്രമല്ല മ്യൂറൽ പെയിന്റിങ്, കരകൗശല വസ്തുക്കളുടെ നിർമാണവും പഠിപ്പിക്കുന്നുണ്ട്. പിതാവ് ടെക്സ്റ്റൈൽ സംരംഭകനായിരുന്നതും സുരയ്യയ്ക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ പ്രോത്സാഹനമായി. 'സൂചിയിൽ നൂലുകൊർക്കാൻപോലും അറിയാത്തവരെയും നൂറുശതമാനം പഠിപ്പിച്ചിറക്കും' എന്നതാണ് സുരയ്യാസ് ആർട്ടിസ്ട്രിയുടെ ടാഗ് ലൈൻ. ഷാർജയിൽ സാധാരണ തയ്യൽക്കട ആരംഭിച്ചാണ് സുരയ്യയുടെ തുടക്കം, പിന്നീട് ഫാഷൻ ഡിസൈൻ മേഖലയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയിരുന്നു.
തിരുവനന്തപുരം കണിയാപുരം സ്വദേശിനിയാണ് സുരയ്യ ഷാഫി. സുരയ്യാസ് ആർട്ടിസ്ട്രിയിൽ പൂർണ പിന്തുണയുമായി ഭർത്താവ് മുഹമ്മദ് ഷാഫിയും കൂടെയുണ്ട്. മക്കൾ: മുഹമ്മദ്, ആമിന. മരുമക്കൾ: സബാ സെയിൻ, ഷബ്‌ന.
Content Highlights: Over 50000 students trained in fashion design by 2026., Fully online curriculum accessible globally from Sharjah., Comprehensive training from basic sewing to professional fashion designing.
Published: 14 Apr 2026, 09:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented