സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ വിമര്‍ശിച്ചുള്ള ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവെച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ചും അതില്‍ പുരുഷാധിപത്യപരമായ ചിന്താഗതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചുമാണ് റീലില്‍ പറയുന്നത്.

To advertise here,

സോഷ്യല്‍ മീഡിയ ഇന്‍ഫുളവന്‍സറായ അഫ്രീന അഷ്‌റഫാണ് ഈ റീലിന് പിന്നില്‍. 'ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും' എന്ന ക്യാപ്ഷനോടെയാണ് അഫ്രീന റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ അഫ്രീനയെ അഭിനന്ദിച്ച് കമന്റ് ചെയ്ത സുപ്രിയ ഇത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു.

ചില സെലിബ്രിറ്റികളുടെ യാഥാസ്ഥിതിക കാഴ്ച്ചപ്പാടിനെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ് റീലിലുള്ളത്. 'നമ്മുടെ വസ്ത്രധാരണംകൊണ്ട് മറ്റുള്ള ആളുകള്‍ നമ്മളെ കമന്റടിക്കുന്നത് നമ്മുടെ കുറ്റമാണ്. കാരണം അവര്‍ നമ്മളെ ആണല്ലോ പറയുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യം എന്നത് പുരുഷന്റേത് കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷന്‍ ഇല്ലല്ലോ, കാരണം സ്ത്രീയില്‍ നിന്നാണല്ലോ പുരുഷന്‍ വരുന്നത്.

ഞാന്‍ ബിക്കിനി ഇട്ടാല്‍ ആള്‍ക്കാര്‍ പറയും അത് അവരുടെ സ്വാതന്ത്ര്യമാണ്. സ്ത്രീകള്‍ എന്താണ് ധരിക്കേണ്ടത് എന്നത് പുരുഷന്‍മാരാണ് തീരുമാനിക്കേണ്ടത്, കാരണം അത് കാണുന്നത് അവരാണല്ലോ. പുരുഷന്‍മാര്‍ കൂടി തീരുമാനിച്ച ഒരു ഡ്രസ്സ് നമ്മള്‍ ധരിച്ചാല്‍ നമുക്ക് അത്ര പ്രശ്‌നമുണ്ടാകില്ല.

നമ്മള്‍ എന്ത് ധരിക്കണം എന്ന് വീട്ടിലുള്ള അച്ഛനോടോ ആങ്ങളയോടോ ഭര്‍ത്താവിനോടോ ചോദിക്കുക. കാരണം പുരുഷന്‍മാരെ പുരുഷന്‍മാര്‍ക്ക് അറിയാം. അപ്പോ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രം ധരിച്ചാല്‍ അത്ര കുഴപ്പമില്ല.'-റീലില്‍ അഫ്രീന പറയുന്നു.

സുപ്രിയയെ കൂടാതെ നടി ജുവല്‍ മേരിയും ഈ റീലിന് അഭിനന്ദനവുമായി കമന്റ് ചെയ്തിട്ടുണ്ട്. ചില നടിമാരുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് അവരെയാണോ അഫ്രീന വിമര്‍ശിക്കുന്നതെന്ന് പലരും കമന്റായി ചോദിച്ചിട്ടുമുണ്ട്.