വെറും പത്തുവയസ്സിനുള്ളിൽ സ്ഥിരവരുമാനം നേടിക്കൊണ്ടിരിക്കുന്ന മകളേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സണ്ണി ലിയോൺ. സംവിധായികയും കോറിയോഗ്രാഫറുമായ ഫറാ ഖാന്റെ ഫൺ വിത്ത് ഫറാ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് സണ്ണി ലിയോൺ മകൾ നിഷയേക്കുറിച്ച് പങ്കുവെച്ചത്. പത്തുവയസ്സുകാരിയായ നിഷ മിടുക്കിയാണെന്നും ‘ബൂ ബോക്സ്’ എന്ന പേരിൽ ഒരു ഉത്പന്നത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ഉത്പന്നം അവതരിപ്പിക്കുകയും ചെയ്തുവെന്ന് സണ്ണി ലിയോൺ പറഞ്ഞു.

To advertise here,

ഉപയോഗിച്ച ടിഷ്യൂ പേപ്പർ നിക്ഷേപിക്കാൻ ചെറിയ വേസ്റ്റ് ബിൻ കൂടി ഉൾപ്പെടുത്തിയ ടു-ഇൻ-വൺ ടിഷ്യൂ ഹോൾഡറാണ് 'ബൂ ബോക്സ്' എന്ന് സണ്ണി ലിയോൺ വിശദീകരിച്ചു. അത് എങ്ങനെ ഉപയോഗിക്കുമെന്ന് സണ്ണി കാണിച്ചുകൊടുക്കുകയും ചെയ്തു. സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ടിഷ്യൂ നിക്ഷേപിക്കാൻ പ്രത്യേകം വേസ്റ്റ് ബിൻ തിരയുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് സണ്ണി പറഞ്ഞു.

‘’അവൾ വളരെ ബുദ്ധിമതിയും മിടുക്കിയുമാണ്. അവൾ കണ്ടുപിടിച്ച ഒരു കാര്യം ഞാൻ കാണിച്ചുതരാം. അതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ അവൾ തന്നെ ചെയ്തതാണിത്’’.- എന്ന് സണ്ണി ലിയോൺ പറഞ്ഞപ്പോൾ "ഞാൻ വീട്ടിൽ പോയി എന്റെ മക്കൾക്ക് അടികൊടുക്കാൻ പോവുകയാണ്" എന്ന് തമാശരൂപേണ പ്രതികരിക്കുകയാണ് ഫറാ ഖാൻ.

ഇത് ഒരു മാതൃക മാത്രമാണ്. പൊടിശല്യം കാരണം മുംബൈയിലെ ഭൂരിഭാഗം കുട്ടികളെയും പോലെ ഇവൾക്കും അലർജിയുണ്ട്. ടിഷ്യൂകൾ എല്ലായിടത്തും കിടക്കുന്നത് കാണുമ്പോൾ മടിച്ചിരിക്കാതെ അവയെടുത്ത് ബിന്നിൽ കൊണ്ടിടാൻ ഞാൻ അവളോട് പറയും. എല്ലാ ദിവസവും അവൾക്ക് ഈ പ്രശ്നമുണ്ട്. ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോൾ, അവൾ ഒരു ടിഷ്യൂബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് കൂടി ടേപ്പ് വെച്ച് ഒട്ടിച്ചുവെച്ചിരിക്കുന്നു. എനിക്കത് കണ്ടപ്പോൾ രസകരമായി തോന്നി.- സണ്ണി ലിയോൺ പറഞ്ഞു.

നിഷയ്ക്ക് വലിയ തോതിൽ പണം ലഭിക്കുമെന്നും അതിനായി അവളെ എപ്പോഴും ആശ്രയിക്കേണ്ടി വരുമെന്നും ഓർത്ത് തങ്ങളുടെ ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും പത്തുവയസ്സിൽത്തന്നെ അവൾ പണം സമ്പാദിച്ചു തുടങ്ങിയെന്നും സണ്ണി ലിയോൺ അഭിമാനത്തോടെ പറഞ്ഞു.

2017-ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് നിഷയെ ദത്തെടുത്തത്. പിന്നീട് അധികം വൈകാതെതന്നെ വാടകഗർഭധാരണത്തിലൂടെ ഇരുവർക്കും നോവ, ആഷെർ എന്നീ ആൺകുട്ടികളും ജനിച്ചു.