സിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാത്ത കുടുംബത്തില്‍ ജനിച്ച് ബോളിവുഡില്‍ സ്വന്തമായി ഇടം കണ്ടെത്തിയ താരമാണ് സുനില്‍ ഷെട്ടി. അച്ഛന്‍ വീരപ്പ ഷെട്ടിക്കൊപ്പം റസ്റ്ററന്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന സുനില്‍ പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. 2017-ലായിരുന്നു വീരപ്പ ഷെട്ടിയുടെ മരണം.
ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ അച്ഛനെ കുറിച്ച് മനസ് തുറക്കുകയാണ് സുനില്‍ ഷെട്ടി. മംഗലാപുരത്തെ സ്വന്തം വീട് വിട്ട് ഒമ്പതാം വയസില്‍ അച്ഛന്‍ മുംബൈയിലെത്തിയെന്നും കഠിനധ്വാനത്തിലൂടെ റസ്റ്ററന്റ് മേഖലയില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുത്തുവെന്നും സുനില്‍ ഷെട്ടി പറയുന്നു. ഹോട്ടലിലെ മേശകള്‍ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യ ജോലിയെന്നും രാത്രി അരി ചാക്കുകള്‍ക്ക് മുകളിലാണ് കിടന്നുറങ്ങിയിരുന്നതെന്നും സുനില്‍ ഷെട്ടി അഭിമുഖത്തില്‍ പറയുന്നു. അച്ഛന്‍ ജോലി ചെയ്തിരുന്ന ആ മൂന്ന് ഹോട്ടലുകളും ഇന്ന് തന്റെ ഉടമസ്ഥതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്റെ അച്ഛന്‍ കുട്ടിക്കാലത്ത് നാടുവിട്ട് മുംബൈയില്‍ എത്തിയ വ്യക്തിയാണ്. മുത്തച്ഛന്‍ ചെറുപ്പത്തിലെ മരണപ്പെട്ടിരുന്നു. മൂന്ന് സഹോദരിമാരായിരുന്നു അച്ഛനുണ്ടായിരുന്നത്. ഒമ്പതാം വയസില്‍ അദ്ദേഹം ഒരു റസ്റ്ററന്റില്‍ ജോലിക്ക് കയറി. മേശ വൃത്തിയാക്കലായിരുന്നു ആദ്യ ജോലി. അച്ഛന്‍ വളരെ ചെറിയ കുട്ടിയായിരുന്നതുകൊണ്ട് മേശയുടെ എല്ലാ വശങ്ങളും വൃത്തിയാക്കാന്‍ നാല് റൗണ്ട് തുടച്ചെടുക്കേണ്ടി വരും. ജോലിയെല്ലാം കഴിഞ്ഞ് രാത്രി അരി ചാക്കിന് മുകളിലായിരുന്നു അദ്ദേഹം കിടന്നുറങ്ങിയിരുന്നത്.' സുനില്‍ ഷെട്ടി പറയുന്നു.
വര്‍ഷങ്ങളുടെ കഠിനധ്വാനത്തിന് ശേഷം അച്ഛന്‍ റസ്റ്ററന്റ് മാനേജറായി മാറിയെന്നും സുനില്‍ ഷെട്ടി വ്യക്തമാക്കുന്നു. 'അച്ഛന്റെ മുതലാളി മൂന്ന് പുതിയ ഹോട്ടലുകള്‍ വാങ്ങിയപ്പോള്‍ അവിടുത്തെ മാനേജരായുള്ള ജോലി നല്‍കി. മുതലാളി വിരമിച്ചപ്പോള്‍ ആ മൂന്ന് ഹോട്ടലുകളും അച്ഛന്‍ വാങ്ങി. ഇന്നും ആ മൂന്ന് കെട്ടിടങ്ങളും എന്റെ ഉടമസ്ഥതയിലുണ്ട്'-സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ക്കുന്നു. അച്ഛന്റെ നേട്ടങ്ങളുടേയും കഷ്ടപ്പാടുകളുടെയും മുന്നില്‍ താന്‍ നേടിയത് ഒന്നുമല്ലെന്നും സുനില്‍ ഷെട്ടി പറയുന്നു.
1992-ല്‍ ബല്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് സുനില്‍ ഷെട്ടിയുടെ ബോളിവുഡ് അരങ്ങേറ്റം. അന്ന് 31 വയസായിരുന്നു പ്രായം. അച്ഛനൊപ്പം കാറ്ററിങ് മേഖലയില്‍ ജോലി ചെയ്തശേഷമാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചത്. അതിനും തന്നെ പ്രേരിപ്പിച്ചത് അച്ഛനാണെന്ന് സുനില്‍ ഷെട്ടി പറയുന്നു.
Content Highlights: suniel shetty now owns all three buildings where his dad worked as a waiter and restaurant manager
Published: 19 Jun 2024, 05:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented