എവറസ്റ്റ് കീഴടക്കിയ നാൽപ്പത്തിയൊന്നുകാരി മഞ്ചേരി സ്വദേശി സുഹ്റ ചെരുക്കപ്പള്ളിൽ സംസാരിക്കുന്നു. ബെംഗളൂരുവിൽ എച്ച്.ആർ. കൺസൾട്ടന്റാണ്. രണ്ട് കുട്ടികളുടെ മാതാവായ അവർ പത്തുവർഷമായി മലകയറ്റം നടത്തുന്നു.

To advertise here,

എങ്ങനെയാണ് എവറസ്റ്റ് കയറണമെന്ന തീരുമാനത്തിലേക്ക് എത്തിയത്..?

ഞാൻ ഒരു അത്‌ലറ്റായിരുന്നു. ആ വഴിയിലൂടെയാണ് പർവതാരോഹണം തുടങ്ങിയത്. വയനാട്ടിലെ മലകളിൽനിന്നായിരുന്നു തുടക്കം. പിന്നീട് ലഡാക്കിലെയും നേപ്പാളിലെയും മലകൾ കയറി. ഒരിക്കൽ എവറസ്റ്റിന് മുകളിലെ സൂര്യോദയം കാണാനിടയായി. ആ സൗന്ദര്യത്തിൽ ഭ്രമിച്ചാണ് മോഹം തുടങ്ങിയത്.

എവറസ്റ്റ് കയറാൻ ആഗ്രഹിക്കുന്നവർക്കുള്ള നിർദ്ദേശം

ആദ്യം അടുത്തുള്ള മലകൾ കയറുക. ക്രമേണ ഉയരം കൂടിയവയിലേക്ക് മാറുക. നല്ല ശാരീരികക്ഷമതയുണ്ടാവണം. മൗണ്ടനീയറിങ് കോഴ്‌സുകൾ ചെയ്യാം. ആവശ്യമുള്ള പരിശീലനം ലഭിക്കും.

വലിയ ചെലവല്ലേ എവറസ്റ്റിലെത്താൻ?

നേപ്പാൾ സർക്കാരിൽനിന്ന് എവറസ്റ്റ് കയറാനുള്ള പെർമിറ്റ് ലഭിക്കാൻതന്നെ ഇപ്പോൾ 14 ലക്ഷം രൂപ നൽകണം. മലകയറ്റ ഉപകരണങ്ങൾക്കായി ആറേഴ് ലക്ഷം രൂപവേണം. മൗണ്ടനീയറിങ് കമ്പനിക്കുള്ള തുക, മറ്റ് ചെലവുകൾ എല്ലാംകൂടി നാല്പത് ലക്ഷം രൂപയെങ്കിലും വരും.

എന്തെല്ലാം ഭക്ഷണമാണ് മലകയറ്റസമയത്ത് കഴിക്കുക?

ബേസ്‌ ക്യാമ്പുകളിൽ എല്ലാതരം ഭക്ഷണവും കിട്ടും. കൂടുതലും കോണ്ടിനെന്റൽ ഭക്ഷണമാകും. മുകളിലെത്തിയാൽ അവിടെ പാചകം സാധ്യമല്ല. തയ്യാറാക്കിയ ഭക്ഷണം കൊണ്ടുപോകും.

പ്രധാന പ്രതിസന്ധികൾ

കാലാവസ്ഥതന്നെയാണ് പ്രധാന തടസ്സം. മഞ്ഞുരുകാനുള്ള സാധ്യതയുള്ളതുകൊണ്ട് രാത്രിയാണ് മല കയറുക. ഹിമക്കാറ്റിന്റെ സ്വഭാവം നോക്കിമാത്രമേ മലകയറ്റം അനുവദിക്കൂ. കഴിഞ്ഞവർഷം അത് പ്രതികൂലമായതിനാലാണ് എന്റെ യാത്ര മുടങ്ങിയത്. അത് അനുകൂലമായാലും അപ്രതീക്ഷിതമായി മഞ്ഞുപാറകൾ ഇടിഞ്ഞുവീഴാം. ഞങ്ങളുടെ യാത്രയിലും അത് സംഭവിച്ചു. ഒരുദിവസം അവിടെ കഴിയേണ്ടി വന്നു. ഒരു വലിയ അപകടത്തിൽപ്പെട്ട് മരിച്ചവരെ താഴേക്ക് കൊണ്ടുവരുന്നതും കണ്ടു.

ഏത് സംഘത്തിനൊപ്പമായിരുന്നു യാത്ര

എലൈറ്റ് എക്സ്പെഡിഷൻ സംഘത്തിന്റെ കൂടെയായിരുന്നു. ഞങ്ങളുടെ സംഘത്തിൽ 14 പേർ ഉണ്ടായിരുന്നു. ഓരോരുത്തർക്കും ഓരോ ഷെർപ്പ ഗൈഡുമുണ്ടാകും.

എന്തൊക്കെ ശാരീരിക പ്രശ്നങ്ങളുണ്ടാവാം

ഉയരം കൂടുമ്പോൾ ഉണ്ടാകുന്ന ആൾട്ടിറ്റ്യൂഡ് സിക്ക്‌നസ് ആണ് പ്രധാനം. അതുകാരണം തലവേദന, ഛർദ്ദി, തലകറക്കം, ക്ഷീണം എന്നിവയുണ്ടാവാം. ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ ഉണ്ടാകാറുണ്ട്. ശ്വാസകോശത്തിലെ വായു അറകളിൽ ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയാണത്.

തണുപ്പ് എത്രത്തോളം ഉണ്ടാവും

ബേസ് ക്യാമ്പിൽ മൈനസ് 15-20 ഒക്കെയാവും. എന്നാൽ, മുകളിലെത്തുമ്പോഴേക്കും അത് മൈനസ് 40, 45 ഒക്കെയാകും. അത് പ്രതിരോധിക്കാനുള്ള എല്ലാ വസ്ത്രങ്ങളും ഉണ്ടാകും.

തയ്യാറെടുപ്പുകൾ എന്തൊക്കെ?

ധാരാളം മലകയറി പരിശീലിക്കണം. അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് മൗണ്ടനീയറിങ് കമ്പനിക്ക് കൊടുക്കണം. അവരും മല കയറിയതിന്റെ പരിചയംതന്നെയാണ് ആവശ്യപ്പെടുക.

എത്രകാലം വേണ്ടിവന്നു ഈ ഉദ്യമത്തിന്

43 ദിവസത്തെ പ്രയത്നമാണ്. ഏപ്രിൽ 10-നാണ് തുടക്കം. മേയ് 20-ന് ഉച്ചയ്ക്ക് 12.51-ന് മുകളിലെത്തി. തിരിച്ചുള്ള യാത്രയും ഒരുപോലെ പ്രധാനമാണ്. നല്ല മനസ്സാന്നിധ്യം വേണം.

വീട്ടുകാരുടെ പിന്തുണ എത്രത്തോളം?

അവരുടെ പിന്തുണയാണ് പ്രധാനം. മക്കളായ എമിറും എഹബും കുട്ടിക്കാലംമുതൽതന്നെ എന്റെ ഹോബി കണ്ടുവളർന്നവരാണ്. സോഫ്റ്റ്‍വേർ എൻജിനിയറായ ഭർത്താവ് സിറാജും പിന്തുണച്ചു. എവറസ്റ്റ് കയറിയ വിവരം ബേസ് ക്യാമ്പിൽനിന്ന് സിറാജിനെയാണ് അവർ വിളിച്ച് അറിയിച്ചത്.

എവറസ്റ്റിന് മുകളിലെ അനുഭവം എന്തായിരുന്നു ?

എന്നെ കൊതിപ്പിച്ച ആ സൂര്യോദയം എവറസ്റ്റിന് മുകളിൽനിന്ന് കണ്ടു. സൂര്യന്റെ ആദ്യകിരണം പതിക്കുന്ന സ്ഥലമാണത്. അതിന്റെ വർണഭംഗി നേരിട്ടുകാണാം. അതിനു മുകളിൽനിന്നുള്ള ഭൂമിയുടെ ദൃശ്യമാണ് മറ്റൊരു കാഴ്ച. 20 മിനിറ്റോളം സമയം എവറസ്റ്റിന് മുകളിൽ ചെലവഴിച്ചു. അതിനു മുകളിൽനിന്ന് എടുത്ത ഫോട്ടോ ഹാജരാക്കണം. എങ്കിലേ എവറസ്റ്റ് കീഴടക്കിയെന്ന അംഗീകാരം ലഭിക്കൂ.

ഇനി അടുത്ത ലക്ഷ്യം?

ഏഴ് ഭൂഖണ്ഡങ്ങളിലേയും പ്രധാന പർവതങ്ങളാണ് അടുത്തലക്ഷ്യം. അതിനുമുൻപ് അല്പം വിശ്രമിക്കണം.