ഷെയ്ഖ് ഹസൻ ഖാന്റെ ‘ഒരു മനുഷ്യൻ ഏഴു കൊടുമുടികൾ’ എന്ന പുസ്തകത്തിൽനിന്നൊരു ഭാഗം വായിക്കാം. 

To advertise here,

''നിങ്ങള് ഇവിടേം എത്തിയോ?''
ആ ചോദ്യം അൽപ്പം ദേഷ്യത്തിലാണോ? കഴിഞ്ഞ ദിവസം ഞാനും സോജുസാറും കൂടി തൽക്കത്തോറാ ലൈനിലെ രണ്ടാം നമ്പർ വീട്ടിലെത്തി കണ്ടിരുന്നു. കാര്യങ്ങൾ അവതരിപ്പിച്ചു തിരിച്ചുപോന്നതാണ്. അതിലെന്തെങ്കിലും മുന്നേറ്റമുണ്ടായോ എന്നറിയാനാണ് കേരളാഹൗസിൽവെച്ചു കണ്ടപ്പോൾ അടുത്തേക്കു ചെന്നത്.
''സർ, എന്തെങ്കിലും നടന്നോയെന്നറിയാൻ വന്നതാണ്.''
കുഞ്ഞാലിക്കുട്ടിസാർ പറഞ്ഞു: ''ഇത് എട്പിടീന്ന് നടക്കുന്നതല്ലല്ലോ. ഞാൻ സംസാരിക്കാം. എന്നിട്ടു നിങ്ങളെ വിളിക്കാം. എന്റെ പുറകെ ഇങ്ങനെ നടക്കണ്ടാ.''
''ശരി സാർ...''

ഞാൻ വേഗം തിരിച്ചുനടന്നു. ആവശ്യം എന്റേതല്ലേ. ഒട്ടും മുഷിപ്പു തോന്നാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അതിന്റെ ഇടയിൽക്കൂടി വേണം കാര്യം സാധിച്ചെടുക്കാൻ. കിളിമഞ്ചാരോ കയറി തിരിച്ചുവന്ന ശേഷം അതിനെക്കാൾ ഉയരമുള്ളൊരു കൊടുമുടി കയറാനുള്ള നെട്ടോട്ടത്തിലാണ്. അതിന് 'എവറസ്റ്റിനെ'ക്കാൾ ഉയരം വരും. അതിനെക്കാൾ സാഹസികതയും വേണം. ഇപ്പോൾത്തന്നെ ഫെബ്രുവരി കഴിഞ്ഞു. ഇനി ശേഷിക്കുന്നതു കുറച്ചു മാസങ്ങൾ മാത്രം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി 2022 മേയിൽ എവറസ്റ്റ് കയറാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. തീരുമാനം മാറ്റാൻ എന്തായാലും പറ്റില്ല. പക്ഷേ, തീരുമാനം എങ്ങനെ നടപ്പിലാക്കും? എവറസ്റ്റ് കയറാൻവേണ്ടി നെഹ്രു ഇൻസ്റ്റിറ്റ്യൂട്ടിലെ ബിഷ്ട് സാറിന്റെ ബന്ധം ഉപയോഗിച്ച് ഞാനും ഇന്ദ്രജിത്തുംകൂടി ഒരു കമ്പനി കണ്ടുപിടിച്ചു.

ഏഷ്യൻ ട്രക്കിങ് കമ്പനി. കാര്യങ്ങളൊക്കെ തിരക്കിയപ്പോഴാണ് കരിമലകയറ്റം കഠിനമെന്റയ്യപ്പായെന്നു പറയുന്നതുപോലെ എവറസ്റ്റ് കയറൽ കഠിനത്തെക്കാൾ കഠിനമെന്നു മനസ്സിലായത്. എന്റെ കീശയ്ക്ക് ഒതുങ്ങുന്നതല്ലെന്നും ബോധ്യപ്പെട്ടു. കമ്പനി തന്ന കണക്കുകൾ കൂട്ടി നോക്കിയപ്പോൾ എങ്ങനെ പോയാലും 40 ലക്ഷത്തോളം രൂപ വേണ്ടിവരും. പരമാവധി ചെലവു കുറച്ചു നോക്കിയാലും അത്രതന്നെ വരും. എത്ര കൂട്ടിയിട്ടും ആഗ്രഹത്തെ ഒരു കരയ്ക്കെത്തിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. പിന്നത്തെ മാർഗം തെണ്ടുക. അതും മാന്യമായി, മാന്യന്മാരോട്.

അങ്ങനെയാണ്, മുസ്ലിം ലീഗ് നേതാവും മലപ്പുറം എം.പിയുമായ കുഞ്ഞാലിക്കുട്ടിസാറിന്റെ അടുത്തെത്തിയത്. ലക്ഷ്യം കുഞ്ഞാലിക്കുട്ടിസാറല്ലെങ്കിലും മാർഗം അതാണ്. കുഞ്ഞാലിക്കുട്ടിസാറിലൂടെ കേരളത്തിലെ ഏറ്റവും വലിയ പണക്കാരനായ എം.എ. യൂസഫലിയിലേക്കെത്തുക. എന്റെ എവറസ്റ്റ് ദൗത്യം അദ്ദേഹത്തെക്കൊണ്ട് സ്പോൺസർ ചെയ്യിക്കുക. അതാണ് ലക്ഷ്യം. യൂസഫലിസാറിന് അതൊന്നും വലിയ തുകയൊന്നുമല്ലല്ലോ. നേരിട്ടുചെന്നു വിഷയം അവതരിപ്പിച്ചാൽ മൈൻഡ് ചെയ്തില്ലെങ്കിലോ എന്നു ചിന്തിച്ചാണ് കുഞ്ഞാലിക്കുട്ടിസാറിനെ കൂട്ടുപിടിക്കുന്നത്. എനിക്കുവേണ്ടി കുഞ്ഞാലിക്കുട്ടിസാർ യൂസഫലിസാറിനോട് വിഷയം അവതരിപ്പിക്കും. കേരളത്തിന്റെ വ്യവസായമന്ത്രിയായിരുന്ന, കേരളത്തിലെ ഒരു പ്രമുഖ നേതാവ് പറഞ്ഞാൽ യൂസഫലിക്ക് ഒഴിഞ്ഞുമാറാൻ കഴിയുമോ?

കുഞ്ഞാലിക്കുട്ടിസാറിന്റെ ഭാഗത്തുനിന്നു മറുപടിയൊന്നും ലഭിച്ചില്ല. അവരെയും കുറ്റം പറയാൻ കഴിയില്ല. എവറസ്റ്റ് കയറാൻ കാശു ചോദിച്ച് ആദ്യമായിട്ടായിരിക്കും ഒരാൾ സമീപിച്ചിട്ടുണ്ടായിരിക്കുക. ഇവനെന്താ, വട്ടാണോ എന്നൊക്കെ അവർ ചിന്തിച്ചിട്ടുണ്ടാകും.

ഒരു മെയിൽ ഐ.ഡി. തപ്പിയെടുത്ത് യൂസഫലിസാറിന് മെയിലും അയയ്ക്കുന്നുണ്ട്. ഞാനും സോജുസാറും ശിവപ്രസാദേട്ടനും രാഹുലും ചേർന്നാണ് മെയിലുകൾ തയ്യാറാക്കുന്നത്. കത്തു വായിച്ചാൽ അവർക്കു തോന്നണം ഇവൻ കൊള്ളാമല്ലോയെന്ന്, ഇവന്റെ ആഗ്രഹം സാധിച്ചുകൊടുത്തേക്കാമെന്ന്. കുഞ്ഞാലിക്കുട്ടിസാർ വഴിയുള്ള ഓപ്പറേഷൻ ഓൺ ആക്കിയ ശേഷം, അടുത്ത ആളിലേക്കുകൂടി ഞങ്ങൾ തിരിഞ്ഞു. അടുത്തയാൾ എന്തായാലും ആഗ്രഹം പറയുമ്പോൾ അദ്ഭുതം കൂറില്ലെന്ന് ഉറപ്പാണ്. നേരേ അദ്ദേഹത്തിന്റെ അപ്പോയിന്റ്മെന്റ് എടുത്തു. കേരളാ ഹൗസിലെ ഉദ്യോഗസ്ഥരെന്ന നിലയിലുള്ള പരിചയം മുതലെടുക്കുകയാണ് ഞാനും സുഹൃത്തുക്കളും. ഞങ്ങൾ ശശി തരൂരിന്റെ ലോധി എസ്റ്റേറ്റിലെ 97ാം നമ്പർ വീട്ടിലെത്തി. പ്രസന്നവദനനായി ഞങ്ങളെ സ്വീകരിച്ച തരൂർ സാർ, അതിലേറെ കൗതുകത്തോടെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടു.

മുമ്പു നടത്തിയ പർവ്വതാരോഹണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. 'തീർച്ചയായും ഷെയ്ഖ്, എനിക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞാൻ ശ്രമിക്കും. നിങ്ങൾ എവറസ്റ്റ് കയറണം.' ഫണ്ടിന്റെ കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും പോയതുപോലെയല്ല തിരിച്ചുവന്നത്. സന്തോഷം മനസ്സു നിറച്ചിരിക്കുന്നു. എന്റെ ആഗ്രഹത്തെ അതിന്റെ ഗൗരവത്തോടെ അദ്ദേഹം കേട്ടല്ലോ. നിർദേശങ്ങൾ തരികയും മുന്നോട്ടുപോകാൻ ആത്മവിശ്വാസം നൽകുകയും ചെയ്തു.

ആദ്യത്തെ രണ്ടു ശ്രമങ്ങളിലും കാര്യമായി മുന്നേറ്റമുണ്ടായില്ല. പറയുമ്പോൾതന്നെ ഫണ്ട് സംഘടിപ്പിച്ചുതരാൻ എനിക്കു കിടപ്പാടം വെക്കാനൊന്നുമില്ലല്ലോ. എന്റെ എവറസ്റ്റാണോ, അതോ നാട്ടുകാരുടെ ജീവൽപ്രശ്നങ്ങൾക്കാണോ അവർക്കു മുൻഗണന? എന്തായാലും എന്റെ മുൻഗണന എവറസ്റ്റ് തന്നെയാണ്. അതിനാൽ ഓരോരുത്തരെയായി കണ്ടു. ഞങ്ങളുടെ എം.പി. ആന്റോ ആന്റണി, മന്ത്രി തോമസ് ഐസക്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള ഹൗസിലെത്തുന്ന ഒരാളെയും ഞാൻ വെറുതേ വിട്ടില്ല.

ഓരോ ദിവസവും കേരള ഹൗസിലെത്തുന്ന അതിഥികൾ ആരൊക്കെയെന്ന് തലേന്നുതന്നെ ചികഞ്ഞു കണ്ടെത്തിക്കൊണ്ടിരുന്നു. ആരെയും വെറുതേ വിട്ടില്ല. ആരെങ്കിലും ഒരാൾ എനിക്കുവേണ്ടി ഫണ്ട് സംഘടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

അവസാനം അങ്ങനെയൊരാൾ വന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നൊരു വിളി.
''തീവ്രമായി ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് ആരോ പറഞ്ഞിട്ടില്ലേ?''
'’ആരോ അല്ല, പൗലോ കൊയ്ലോ,'' ശിവപ്രസാദേട്ടൻ പറഞ്ഞു.
''ആരോ ആകട്ടെ, അതു ശരിയാണെന്ന് ഇപ്പോൾ നിങ്ങൾക്കു മനസ്സിലായില്ലേ?''
''മനസ്സിലായി മോനേ! നീ വിചാരിച്ചാൽ നടക്കാത്തതെന്താണ്! ഇതു നമുക്കൊന്ന് ആഘോഷിക്കണ്ടേ?''
''പിന്നെന്താ,'' രാത്രിയായതോടെ ആഘോഷം തുടങ്ങി.

ഓരോ രാഷ്ട്രീയനേതാക്കന്മാരായി കൈയൊഴിഞ്ഞു കൈയൊഴിഞ്ഞു ഞാൻ പിന്നീടു മലയാളികളായ ബിസിനസ്സുകാരെ ലക്ഷ്യംവെച്ചു തുടങ്ങിയിരുന്നു. ഫെയ്സ് ബുക്കിൽ അക്കൗണ്ടുള്ള എല്ലാവർക്കും മെസേജ് അയച്ചു. കിളിമഞ്ചാരോ കയറിയെന്നും അടുത്ത ലക്ഷ്യം എവറസ്റ്റാണെന്നും അതിനായി ഫണ്ട് നൽകി സഹായിക്കണമെന്നുമാണ് മെസേജിന്റെ ഉള്ളടക്കം. അതിൽ ആരുംതന്നെ മറുപടി നൽകിയില്ല. പക്ഷേ, ഒരാൾ മാത്രം വിശദാംശങ്ങൾ ചോദിച്ചു തിരിച്ചു മെസേജ് അയച്ചു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്കി ഗ്രൂപ്പിന്റെ ഉടമ സണ്ണി വർക്കി കാര്യങ്ങൾ വിശദമായിത്തന്നെ ചോദിച്ചറിഞ്ഞു. എന്റെ നാട്ടുകാരൻകൂടിയാണ് അദ്ദേഹം. പത്തനംതിട്ട റാന്നിയാണ് സ്വദേശം.

'വി ആർ റെഡി ടു സ്പോൺസർ യുവർ ഡ്രീം!' സണ്ണിസാറിന്റെ ആ മറുപടി ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല!

ആരെ ആദ്യം വിളിക്കും. ഫോണിൽ തിരഞ്ഞിട്ടു പേരുകളൊന്നും കാണുന്നില്ല. എവിടെനിന്നോ ഒരു വെള്ളത്തുള്ളി ഫോണിന്റെ ഡിസ്പ്ലെയിൽ വീണു. അതു തുടച്ചിട്ടും പേരുകളൊന്നും തെളിയുന്നില്ല. ആ നനഞ്ഞ കൈകൊണ്ടു കണ്ണും തുടച്ചു. കൈയാകെ നനഞ്ഞു. ഡിസ്പ്ലെ തെളിഞ്ഞു.

''ഫണ്ട് എങ്ങനെ കൈമാറുമെന്നു പറഞ്ഞോ?''

''ഇല്ല. കുറച്ചു വിശദാംശങ്ങൾ വേണം, പിന്നീടു ബന്ധപ്പെടാമെന്നാണ് അവസാനം പറഞ്ഞത്,'' സോജുസാറിനോടു പറഞ്ഞു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നടത്തിയ ഒരു പോരാട്ടമായിരുന്നു. ഒരു എവറസ്റ്റ് കയറിയതിന്റെ ആശ്വാസം തോന്നി.

വി ഗാർഡിന്റെ ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിസാറിനെയും ഞാൻ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ നേരിട്ട് ഫോണിൽ വിളിക്കുകയാണു ചെയ്തത്. ഒരു സുഹൃത്താണ് നമ്പർ തന്നത്. എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. 'ഷെയ്ഖ് നിങ്ങൾ എവറസ്റ്റ് കയറണം. എന്തുവന്നാലും പിന്മാറരുത്. മുന്നോട്ടു പോകൂ. ഇപ്പോൾ ഞാനല്ല ബിസിനസ് നോക്കുന്നത്. എല്ലാം മക്കളാണ് ചെയ്യുന്നത്. നമുക്ക് എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കാ'മെന്നും ചിറ്റിലപ്പിള്ളിസാർ പറഞ്ഞു. ചിലർ ഒന്നും തന്നില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ, അവരോട് സംസാരിക്കുമ്പോൾ ലഭിക്കുന്നൊരു ഊർജ്ജമുണ്ടല്ലോ. അതുമതി പരിശ്രമത്തിൽനിന്നു പിന്മാറാതെ മുന്നോട്ടുപോകാൻ.

ഫണ്ട് റെഡിയായ സ്ഥിതിക്ക് ഇനി ശേഷിക്കുന്നത് ഒരു അഡ്വാൻസ്ഡ് മൗണ്ടനീറിങ് കോഴ്സാണ്. കിളിമഞ്ചാരോ കയറിയതുപോലെയല്ല എവറസ്റ്റ്. അതിനായി പർവ്വതാരോഹണത്തിൽ കുറച്ചുകൂടി വൈദഗ്ധ്യം നേടേണ്ടതുണ്ട്. എന്നിലെ പർവ്വതാരോഹകനെ ഉണർത്തിയ ഡാർജലിങ്ങിലെ ഹിമാലയൻ മൗണ്ടനീറിങ്ങിൽ അഡ്മിഷൻ എടുത്തു. ഒരു മാസമാണ് കോഴ്സിന്റെ കാലാവധി. അതിനിടയ്ക്ക് ഒരു സംഭവമുണ്ടായി. എവറസ്റ്റ് കയറുന്നതിന്റെ ട്രെയിലർ എന്നോണം ലഡാക്കിലെ മൗണ്ട് നുൺ കയറാൻ ഒരു ആലോചന വന്നു. കൂട്ടായ്മ ആ ചിന്തയെ വികസിപ്പിച്ചു. ഈ വർഷം ഓഗസ്റ്റ് പതിനഞ്ചിന് മൗണ്ട് നുണ്ണിന്റെ മുകളിൽ കയറി പ്രധാനമന്ത്രിയെ വിളിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേരുക. ഉഗ്രൻ ഐഡിയ!
''എങ്ങനെ നടപ്പിലാക്കും?''
''അതിനൊരു വഴിയുണ്ട്.''
''അതെന്താ?''
''സുരേഷ് ഗോപി,'' മറുപടി വന്നു.
''ഇക്കാര്യം നടന്നാൽ എവറസ്റ്റ് കയറാൻ സ്പോൺസർമാരെ വേഗം സംഘടിപ്പിക്കാൻ പറ്റും. ചിലപ്പോൾ സ്പോൺസർമാർ ഇങ്ങോട്ടു വരാനും സാധ്യതയുണ്ട്. ഇന്ത്യയിലെവിടെനിന്നും സ്പോൺസർമാർ വരാം.''
''അതേയതെ.''

''പ്രധാനമന്ത്രിക്ക് ഫോൺ ചെയ്താൽ ഉറപ്പായും എല്ലാ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്യും. ശുഭസ്യ ശീഘ്രം എന്നല്ലേ.''
അടുത്ത ദിവസംതന്നെ ഞങ്ങൾ സുരേഷ് ഗോപി താമസിക്കുന്ന ഫ്‌ലാറ്റിലെത്തി. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയമായിരുന്നു. ഞങ്ങൾ ആശയം അവതരിപ്പിച്ചു.

'എല്ലാ കാര്യങ്ങളും വിശദമാക്കി നിങ്ങൾ എനിക്കൊരു കത്തു തരൂ. ഞാൻ പ്രധാനമന്ത്രിയോടു സംസാരിക്കാം,' സുരേഷ് ഗോപിസാർ പറഞ്ഞു. ഒട്ടും താമസിപ്പിച്ചില്ല. ഞങ്ങളെല്ലാവരുംകൂടിയിരുന്ന് ഒരു കത്തു തയ്യാറാക്കി സുരേഷ് ഗോപിസാറിന് അയച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ലാൻഡ് നമ്പരിൽനിന്ന് എനിക്കൊരു കോൾ വന്നു,

''ഇത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ്. നിങ്ങൾ എവിടെയാണ് ഉള്ളത്? നിങ്ങൾ എപ്പോഴാണ് എവറസ്റ്റിൽ പോകുന്നത്?''

''സർ, അടുത്ത വർഷമാണ് എവറസ്റ്റിൽ പോകുന്നത്.''

''ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ എവിടെയാണു പോകുന്നത്?''

''സർ, അത് ലഡാക്കിലെ മൗണ്ട് നുണ്ണിൽ.''

''അങ്ങനെയാണോ?''

''നിങ്ങളുടെ എം.പി. ഇവിടെ അറിയിച്ചിരിക്കുന്നത് നിങ്ങൾ എവറസ്റ്റിൽ പോകുന്നുവെന്നാണ്. ആ കത്തിൽ എന്തോ പിശകുണ്ട്. അതൊന്നു തിരുത്തി അയയ്ക്കുമോ? നിങ്ങളുടെ എം.പിയോട് പറഞ്ഞാൽ മതി.''

പി.എം.ഒയിൽനിന്നുള്ള കോൾ കട്ടായി. ഞങ്ങൾ തയ്യാറാക്കിയ കത്തിൽ എവറസ്റ്റിൽ പോകുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. അതെന്തോ തെറ്റിദ്ധരിച്ചതാകാം. എന്തായാലും അത് അങ്ങനെ അവസാനിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവായിരുന്നു. എവറസ്റ്റിന്റെ ട്രെയിലർ ഇറക്കാനുള്ള പദ്ധതി അതോടെ പൊളിഞ്ഞു. ട്രെയിലർ ഇറക്കൽ നടന്നില്ലെങ്കിലും എവറസ്റ്റ് കയറാൻ ഫണ്ട് റെഡിയായല്ലോ! സന്തോഷത്തോടെ അഡ്വാൻസ്ഡ് കോഴ്സിനായി ഡാർജലിങ്ങിലേക്കു പുറപ്പെട്ടു.