സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ബ്രാന്‍ഡായ ഷുഗര്‍ കോസ്‌മെറ്റിക്‌സിന്റെ സ്ഥാപകരാണ് ദമ്പതിമാരായ വിനീത സിങ്ങും കൗശിക് മുഖര്‍ജിയും. ബിസിനസ് തുടങ്ങി എങ്ങനെ വിജയിക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇരുവരുടേയും ഷുഗര്‍ കോസ്‌മെറ്റിക്‌സ്. എന്നാല്‍ ഇതിനിടയില്‍ പലപ്പോഴും ഭര്‍ത്താവ് കൗശിക്കുമായി പല കാര്യങ്ങള്‍ക്കും വഴക്കിട്ടിട്ടുണ്ടെന്ന് വിനീത പറയുന്നു. 

To advertise here,

ചിലപ്പോള്‍ വീട്ടിലെ വഴക്ക് ഓഫീസിലെത്തിയാലും തുടരുമെന്നും അതല്ലെങ്കില്‍ ഓഫീസിലെ വഴക്കിന്റെ തുടര്‍ച്ച വീട്ടിലുണ്ടാകുമെന്നും വിനീത പറയുന്നു. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു വിനീത. 

'ഞങ്ങള്‍ തമ്മില്‍ ചെറിയ വഴക്കുകളുണ്ടാകാറുണ്ട്. ഇന്നു പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടു. ചിലപ്പോള്‍ വീട്ടിലെ വഴക്ക് ഓഫീസിലെത്തും. നേരെ തിരിച്ചും സംഭവിക്കും. ഇപ്പോള്‍ ഏതെങ്കിലും കുടുംബാംഗങ്ങളോ സഹോദരങ്ങളോ ആണ് ഒരു കമ്പനിയുടെ സഹസ്ഥാപകരെങ്കില്‍ ഇത്തരം വഴക്കുകളുണ്ടാകും. നിങ്ങളുടെ കമ്പനിയുടെ അക്കൗണ്ടില്‍ ഒരു രൂപ ശേഷിക്കുന്നുണ്ടെങ്കില്‍ അത് എവിടെ ചെലഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കണം. ഞങ്ങള്‍ വഴക്ക് കൂടാറില്ലെന്നും എല്ലാ കാര്യങ്ങളിലും ഒരേ തീരുമാനമാണ് ഉണ്ടാകാറുള്ളതെന്നും ആളുകള്‍ പറയുകയാണെങ്കില്‍ അത് കള്ളമാണെന്ന് ഉറപ്പിക്കാം.'  വിനീത പറയുന്നു.

'ഒരു പ്രൊഡക്റ്റുമായി ബന്ധപ്പെട്ട് അവസാന തീരുമാനമെടുക്കുമ്പോള്‍ കൗശികിന് പല വിയോജിപ്പുകളുമുണ്ടാകാം. ഞാന്‍ അത് അവഗണിക്കാറില്ല. അത് കേള്‍ക്കാന്‍ തയ്യാറാകും. കമ്പനിയുടെ തുടക്കകാലത്ത് പല വിയോജിപ്പുകളുമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അത് സ്വകാര്യ വിഷയമായിത്തീരും. കമ്പനിക്കുള്ളില്‍ നിന്ന് ഞങ്ങള്‍ പരസ്പരം അലറി വിളിക്കുന്നത് കണ്ട് മറ്റുള്ള ജോലിക്കാര്‍ ഭയപ്പെട്ടിട്ടുണ്ട്. കുറച്ച് കാലത്തിന് ശേഷം ആദരവോടെ വിയോജിക്കാം എന്ന് ഞങ്ങള്‍ കണ്ടെത്തി. ആയുധങ്ങളേക്കാള്‍ അപകടകരമാണ് വാക്കുകളെന്ന് ഞങ്ങള്‍ മനസിലാക്കി. ഇപ്പോള്‍ ഞങ്ങള്‍ വളരെ ശ്രദ്ധയോടെ മാത്രമേ സംസാരിക്കാറുള്ളു.'  വിനീത വ്യക്തമാക്കുന്നു. 

ഇതിനെല്ലാമപ്പുറം ഇരുവരുടേയും ബന്ധത്തില്‍ സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് വിനീത പറയുന്നു. 'എന്നേക്കാള്‍ മികച്ച വ്യക്തിയാണ് കൗശിക്. എന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് കൂടെ നിന്നത് കൗശികാണ്. അത് കൊണ്ടുതന്നെ മറ്റ് പല പുരുഷന്‍മാരില്‍ നിന്നും അദ്ദേഹം വ്യത്യസ്തമാണ്. എല്ലാ ദിവസവും ഞാന്‍ ഇക്കാര്യം ഓര്‍ക്കും. എല്ലാ സ്ത്രീകള്‍ക്കും സ്വപ്‌നം കാണാനുള്ള അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഭര്‍ത്താവിനെ എനിക്ക് ലഭിച്ചതില്‍ ഞാന്‍ എല്ലാ ദിവസവും ദൈവത്തോട് നന്ദി പറയും'-വിനീത കൂട്ടിച്ചേര്‍ക്കുന്നു.